International (Page 165)

ഹൂസ്റ്റൻ: അമേരിക്കയിൽ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്നു. 10 ലക്ഷത്തിലേറെ പേർക്കാണ് തിങ്കളാഴ്ച മാത്രം അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് ഇആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും കൂടുതൽ മരണങ്ങളോ, ഗുരുതരാവസ്ഥയോ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ.

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ പലസ്ഥലങ്ങളിലും സ്‌കൂളുകൾ അടച്ചുപൂട്ടി. വീണ്ടും ഓൺലൈൻ പഠനത്തിലേക്കുള്ള ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണ് സ്‌കൂളുകൾ.നെവാർക്ക്, അറ്റ്ലാന്റ, മിൽവാക്കി, ക്ലീവ്‌ലാൻഡ് എന്നിവയുൾപ്പെടെ പബ്ലിക് സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ താൽക്കാലികമായി വിദൂര പഠനത്തിലേക്ക് മാറിയിട്ടുണ്ട്. കൂടുതൽ സ്‌കൂളുകളിൽ ഉടൻ ഓൺലൈൻ പഠനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണെങ്കിലും ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. രോഗികളിൽ പലരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. അമേരിക്കയിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത്രത്തോളം വർധനവ് ഉണ്ടായിരിക്കുമെന്ന് അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകരാജ്യങ്ങളിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാരിസ്: ലോകത്താകമാനം ഒമിക്രോണ്‍ ആശങ്ക വിതച്ചിരിക്കെ കൊവിഡിന്റെ പുതിയ വകഭേദം ‘ഐഎച്ച്‌യു’ ഫ്രാന്‍സില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ പന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് ഐഎച്ച്യുവിന് 46 ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാള്‍ മാരകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്‌സിനുകളെ അതിജീവിക്കാന്‍ ഇതിനു കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ‘ഐഎച്ച്‌യു’ മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരികെ എത്തിയ ഒരു വ്യക്തിയിലും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിന്റെ രോഗതീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളിലുള്ള വിശദീകരണങ്ങള്‍ പുറത്തു വന്നിട്ടില്ല. നിലവില്‍ പുതിയ വകഭേദം മറ്റു രാജ്യങ്ങളില്‍ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പെടുത്തുകയോ ചെയ്തിട്ടില്ല. മരണ സംഖ്യ ഉയര്‍ത്തുമോ എന്ന ഗവേഷണം പുരോഗമിക്കുകയാണ്.

കാലിഫോർണിയ: കോവിഡ് വ്യാപനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ശാസ്ത്രലോകം. കോവിഡ് കാലങ്ങളോളം സമൂഹത്തിൽ ഉണ്ടാകുമെന്നും മഹാമാരിയെ തുടച്ചു നീക്കാൻ കഴിയില്ലെന്നുമാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്. വൈറസ് നമുക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പുതിയ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വിദഗ്ധനായ ആൽബർട്ട് കോ അറിയിച്ചു. കോവിഡ് കാലം തീരുന്നതിനെ കുറിച്ച് ഗൗരവത്തോടെ കാണാത്ത പക്ഷം ഇത് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് വൈറസ് കാലങ്ങളോളം നമുക്കൊപ്പം ഉണ്ടാകും. കോവിഡിനെ പൂർണമായി തുടച്ചുനീക്കാൻ സാധിക്കില്ലെന്നും വൈറസ് വ്യാപനത്തെ പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള പദ്ധതികൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കോവിഡ് വ്യാപനത്തിൽ ലോകരാഷ്ട്രങ്ങൾക്കെതിരെ വിമർശനവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ മെല്ലപോക്കിനെതിരെയാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022 ൽ തന്നെ കോവിഡ് മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കാം. എന്നാൽ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിച്ചാൽ മാത്രമേ അത് സാധിക്കൂവെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കോവിഡിനെ തുടച്ചു നീക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവും ഈ മഹാമാരിയിൽ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകം മഴുവൻ വ്യാപിക്കുകയാണ്. നിരവധി സംവിധാനങ്ങൾ രാഷ്ട്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാൻ ആദ്യം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ന്യൂയോർക്ക്: ലോകരാഷ്ട്രങ്ങൾക്കെതിരെ വിമർശനവുമായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ മെല്ലപോക്കിനെതിരെയാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022 ൽ തന്നെ കോവിഡ് മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കാം. എന്നാൽ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിച്ചാൽ മാത്രമേ അത് സാധിക്കൂവെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കോവിഡിനെ തുടച്ചു നീക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവും ഈ മഹാമാരിയിൽ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകം മഴുവൻ വ്യാപിക്കുകയാണ്. നിരവധി സംവിധാനങ്ങൾ രാഷ്ട്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാൻ ആദ്യം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ പോലും ചുറ്റുമുള്ള നിരവധി രാജ്യങ്ങൾക്ക് അടിയന്തിരസഹായം നൽകുകയാണ്. എന്നാൽ ആഫ്രിക്കൻ മേഖലയെ ലോകരാജ്യങ്ങൾ അവഗണിക്കുന്നു. ദരിദ്രരാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങളും സമ്പത്തും മുഴുവൻ കവർന്നെടുക്കുന്ന പാശ്ചാത്യരാജ്യങ്ങൾ വാക്സിൻ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും മെല്ലെപോക്ക് തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.

ബെർലിൻ: ജർമ്മനിയിലെ ആണവനിലയങ്ങളിൽ മൂന്നെണ്ണം അടച്ചുപൂട്ടി. പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുന്ന ആറു ആണവനിലയങ്ങളിൽ പകുതിയും അടച്ചുപൂട്ടിയതെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ അടച്ചുപൂട്ടാനാണ് ജർമ്മനിയുടെ തീരുമാനം. മൂന്ന് ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകിയാണ് ആണവോർജ കമ്പനികൾ സർക്കാർ അടച്ചു പൂട്ടുന്നത്. ഫോണിൽ ഇന്ധനങ്ങളിൽ നിന്നും പുനരുപയോഗ ഇന്ധന സ്രോതസ്സുകളിലേക്ക് മടങ്ങാനും ഊർജാവശ്യത്തിന് ആണവനിലയങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കഴിഞ്ഞ വർഷം ജർമനി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി.

1980-കളിൽ ജർമനിയിൽ പ്രവർത്തനമാരംഭിച്ച മൂന്ന് ആണവനിലയങ്ങളാണ് അടച്ചു പൂട്ടിയത്. ബ്രോക്ഡോർഫ് ആണവനിലയവും ഉൾപ്പെടെയുള്ളവയാണ് അടച്ചു പൂട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി. 1986-ൽ സോവിയറ്റ് യൂണിയനിൽ ഉണ്ടായ ചെർണോബിൽ ആണവനിലയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബ്രോക്‌ഡോർഫ് ആണവനിലയത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഗ്രോന്ദെ ആണവനിലയം, പടിഞ്ഞാറൻ മ്യൂണിച്ചിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഗ്രന്ദർമിൻജൻ ആണവനിലയം തുടങ്ങിയവയും അടച്ചു പൂട്ടിയിട്ടുണ്ട്. ഇനി അവശേഷിക്കുന്ന മൂന്ന് ആണവനിലയങ്ങൾ 2022 അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും.

ജെറാർഡ് ഷ്രോഡറിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സർക്കാർ 2002-ലാണ് ആണവനിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ പിൻഗാമിയായ ആഞ്ചലാ മെർക്കൽ, 2022-ഓടെ ആണവനിലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്. 2011-ൽ ജപ്പാനിലുണ്ടായ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആണവനിലയങ്ങളുടെ പ്രവർത്തനം തുടരാനുള്ള മുൻ തീരുമാനം മെർക്കൽ തിരുത്തിയത്.

മോസ്‌കോ: ബഹിരാകാശത്തും പുതുവത്സരാഘോഷം നടത്തി സഞ്ചാരികൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് സഞ്ചാരികൾ പുതുവത്സരാഘോഷം നടത്തിയത്. റഷ്യൻ സ്‌പേസ് ഏജൻസ് റോസ്‌കോസ്മോസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

21 വർഷമായി ബഹിരാകാശ നിലയിൽ പുതുവത്സരാഘോഷം നടക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ ആഘോഷത്തിന് ചെറിയൊരു പ്രത്യേകതയുണ്ട്. പത്ത് പേരാണ് ഇത്തവണത്തെ ആഘോഷത്തിൽ പങ്കെടുത്തത്. ഭൂമിയിലെ ആഘോഷത്തിന് ഈ സംഖ്യയ്ക്ക് വലിയ പ്രത്യേകതയൊന്നുമില്ലെങ്കിലും ബഹിരാകാശത്ത് ഇത് വലിയൊരു സംഖ്യയാണ്. ആദ്യമായാണ് ബഹിരാകാശത്ത് പത്ത് പേർ പങ്കെടുക്കുന്ന ഒരു ആഘോഷം നടക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏഴുപേരും ചൈനീസ് സ്‌പേസ് സ്റ്റേഷനായ ടിയാങ്കോംഗിൽ മൂന്നുപേരുംഹാപ്പി ന്യൂ ഇയർ പറഞ്ഞു. റഷ്യയുടെ ആന്റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്, നാസയുടെ മാർക്ക് വാൻഡ്‌ഹേ, തോമസ് മാർഷ്‌ബേൺ, രാജാ ചാരി, കെയ്ല ബാരൺ, യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ മത്യാസ് മൗറർ എന്നിവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ഹായ് സിഗാങ്, വാങ് യാപ്പിംഗ്, ഗുവാങ്ഹു തുടങ്ങിയവർ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോംഗിലും പുതുവത്സരാഘോഷത്തിൽ പങ്കെടുത്തു.

മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും തിരക്കേറിയ പുതുവത്സരാഘോഷം എന്നാണ് റോസ്‌കോസ്‌മോസ് ഇതിനെ വിശേഷിപ്പിച്ചത്. 83 പേരാണ് കഴിഞ്ഞ 21 വർഷത്തിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പുതുവർഷ രാവ് ചെലവഴിച്ചത്. ആഘോഷത്തിൽ ഒന്നിലധികം തവണ പങ്കെടുത്തവരുമുണ്ട്. നാല് പുതുവർഷമാണ് റഷ്യൻ ബഹിരാകാശയാത്രികനായ ആന്റൺ ഷ്‌കാപ്ലെറോവ് ബഹിരാകാശത്ത് ആഘോഷിച്ചത്.

കൊവിഡിനെതിരെ വിവിധ രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ നാലാം റൗണ്ട് ബൂസ്റ്റര്‍ ഡോസ് നല്‍കാനിരിക്കുകയാണ് ഇസ്രയേല്‍. ഇത് സംബന്ധിച്ചുള്ള ലക്ഷ്യങ്ങള്‍ രാജ്യം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ നാലാം ഡോസ് നല്‍കാനുള്ള പദ്ധതികളൊന്നും ഇല്ല. അതേസമയം, ഇസ്രയേലിന്റെ നീക്കം അത്തരമൊരു സമ്മര്‍ദ്ദത്തിലേക്ക് രാജ്യങ്ങളെ എത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കല്‍ വാക്‌സിനുകള്‍ പുറത്തിറക്കുന്നത് സാധ്യമാണെങ്കിലും ഒമിക്രോണ്‍ കാരണം അത് ആവശ്യമായി വരില്ലെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

അതേസമയം, മൂന്നിലധികം ഡോസുകള്‍ സ്വീകരിച്ചാലും അതിന്റെ പ്രയോജനങ്ങള്‍ വളരെ കുറവാണെന്നാണ് ചില വിദഗ്ദര്‍ അവകാശപ്പെടുന്നത്. കാരണം ഡോസുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശം ആശുപത്രി പ്രവേശനവും, മരണങ്ങളും തടയുക എന്നതും കൊവിഡ് വകഭേദങ്ങള്‍ നിയന്ത്രിക്കുക എന്നതുമാണ്. ഇതിനകം തന്നെ ബൂസ്റ്റര്‍ഡോസുകള്‍ കൂടുതല്‍ പ്രതിരോധ ശേശി നല്‍കുന്നുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ജനീവ: ലോകത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ തിങ്കളാഴ്ച 4.4 ലക്ഷം പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ലോകത്താകമാനം പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ ലോകത്തിലെ ആരോഗ്യസംവിധാനങ്ങളെ മുഴുവൻ തകിടം മറിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ്. രോഗബാധ നന്നേ ദുർബലമായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപകടരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ചൈനയിലും രോഗബാധ വർധിക്കുകയാണ്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിട്ടുണ്ട്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 4500 വിമാനങ്ങളാണ് റദ്ദാക്കിയത്. പൈലറ്റുമാർക്കും മറ്റും രോഗബാധയുണ്ടായതിനാലും അവർ കോവിഡ് ബാധിച്ചവരുമായി ബന്ധം പുലർത്തിയതിനാലുമാണ് ഇത്രയ്ക്കധികം വിമാനങ്ങൾ റദ്ദാക്കിയത്.

ബ്രിട്ടണിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം ഉയരുകയാണ്. ഫ്രാൻസിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏകദേശം 1.79 ലക്ഷം പേരിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി ഫ്രാൻസ് ആഴ്ചയിൽ മൂന്ന് ദിവസം വർക് ഫ്രം ഹോം നിർബന്ധമാക്കി.

ജനീവ: കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ‘ഇരട്ട ഭീഷണികൾ’ ആണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

കൊവിഡിന്റെ പുതിയ വകഭേദങ്ങൾ മിക്രോൺ, ഡെൽറ്റാ വകഭേദങ്ങൾ മുലം കൊവിഡ് കേസുകൾ വർധിക്കുന്നത് ആരോഗ്യ സംവിധാനത്തെ തന്നെ തകിടം മറിക്കുമെന്ന് ലോകാരോഗ്യ തലവൻ ടെഡ്രോസ് അഥനോം ഗബ്രയേസസ് വ്യക്തമാക്കി. കോവിഡിന്റെ ജനിതക വകഭേദങ്ങൾ പുതിയ കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് എത്തിക്കാൻ കാരണമാകും. രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ കോവിഡ് കേസുകളിൽ 11 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തത്. യുഎസിലും ഫ്രാൻസിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ പ്രചരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കേസുകളുടെ എണ്ണം ഒരു സുനാമിയിലേക്ക് നയിക്കാൻ ഇടവരുത്തുമെന്നും ലോകാരോഗ്യ തലവൻ ടെഡ്രോസ് അഥനോം ഗബ്രയേസസ് പറഞ്ഞു. ഇത് തളർന്നുപോയ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ തകർച്ചയുടെ വക്കിലും കടുത്ത സമ്മർദ്ദത്തിലേക്കും വീഴ്ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം അവസാനത്തോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 40 ശതമാനം പൂർണമായി വാക്‌സിനേഷൻ നൽകണമെന്നാണ് ലോകാരോഗ്യ സംഘടന ആഗ്രഹിക്കുന്നത്. 2022-ന്റെ മധ്യത്തോടെ 70 ശതമാനം ആളുകളും വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

covid

ന്യൂയോർക്ക്: ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിലേറെയും അഞ്ച് വയസ്സിൽ താഴെയുള്ളവരാണെന്നാണ് വിവരം. അമേരിക്കയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.

കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് കേസുകളുടെ കണക്കെടുത്താൽ 1.90 ലക്ഷമാണ് അമേരിക്കയിലെ ശരാശരി. കോവിഡ് വൈറസിന്റെ ജനിതക വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. അടുത്ത മാസത്തോടെ അമേരിക്കയിൽ പരിശോധനകൾ വർധിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രോഗവ്യാപനം തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.