കളർ ടാറ്റു മഷികൾക്ക് നിരോധനം; തീരുമാനം പൊതുജനാരോഗ്യം കണക്കിലെടുത്ത്

ബ്രസൽസ്: അർബുദത്തിന് കാരണമാകുന്ന കളർ ടാറ്റു മഷികൾ നിരോധിച്ച് യൂറോപ്യൻ യൂണിയൻ. ടാറ്റു മേക്കിംഗിൽ ഉപയോഗിക്കുന്ന നിറമുള്ള മഷികൾക്കും പെർമെനന്റ് മേക്ക് അപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏകദേശം 4,000 രാസവസ്തുക്കൾക്കുമാണ് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയത്. അർബുദം, ജനിതകപരിവർത്തം, അലർജി, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന രാസവസ്തുക്കളാണ് നിരോധിച്ചത്. ദോഷകരമായ ഈ മഷികൾക്ക് പകരം മറ്റ് മഷികൾ ഉപയോഗിക്കാമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ടാറ്റുവിന് നിരോധനം ഏർപ്പെടുത്തുകയല്ല ഇതിനായി ഉപയോഗിക്കുന്ന നിറങ്ങൾ സുരക്ഷിതമാക്കുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. കളർ ടാറ്റുകളർ ടാറ്റൂകളിൽ ഉപയോഗിക്കുന്ന പ്രൊഫഷണൽ മഷികളിൽ ഇരുമ്പ് ഓക്സൈഡുകൾ, ലോഹ ലവണങ്ങൾ അല്ലെങ്കിൽ പ്ലാസ്റ്റിക്കുകൾ എന്നിവയുടെ സംയോജനമുണ്ട്. അലുമിനിയം, ടൈറ്റാനിയം, മെർക്കുറി, ലെഡ്, നിക്കൽ, സിങ്ക്, ചെമ്പ്, ഇരുമ്പ്, ബേരിയം തുടങ്ങിയ ലോഹങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സെലിനിയം, സൾഫർ, ആർസെനിക്, ലിഥിയം തുടങ്ങിയ രാസവസ്തുക്കളും നിറത്തിനായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനത്തിനെതിരെ എതിർപ്പ് അറിയിച്ച് ടാറ്റു ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനം തങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്നും തീരുമാനം ഏകപക്ഷീയമാണെന്നുമാണ് ഇവർ പറയുന്നത്. ടാറ്റു അർബുദത്തിന് കാരണമാകുന്നുവെന്നതിന് ശക്തമായ ശാസ്ത്രീയമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.