ദുബായ്: കശ്മീരിൽ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. 200 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപത്തോടെ ശ്രീനഗറിൽ ലുലുഗ്രൂപ്പ് ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ലോജിസ്റ്റിക്‌സ് ഹബ്ബും സ്ഥാപിക്കും. ഇതിനായുള്ള ധാരണാ പത്രത്തിൽ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.
ലുലു ഗ്രൂപ്പിനായി എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയും ജമ്മു കശ്മീർ സർക്കാരിനുവേണ്ടി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. യുഎഇ മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയ്ദി, ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച കശ്മീർ പ്രമോഷൻ വീക്കിന്റെ ഉദ്ഘാടനം മനോജ് സിൻഹ നിർവ്വഹിച്ചു. കശ്മീരിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, കുങ്കുമപ്പൂവ്, ഡ്രൈഫ്രൂട്ട്‌സ്, ധാന്യങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയാണ് മേളയുടെ ആകർഷണം. ഒരാഴ്ച്ചത്തേക്കാണ് മേള നടക്കുന്നത്. ജമ്മുകശ്മീരിൽ ആദ്യഘട്ടത്തിൽ 200 കോടി രൂപ നിക്ഷേപിക്കുമെന്നും തുടർ വികസനപ്രവർത്തനങ്ങൾക്കായി 200 കോടി രൂപ നീക്കിവച്ചതായും എം.എ. യൂസഫലി അറിയിച്ചു. ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കൾക്ക് നിരവധി തൊഴിലവസരമാണ് ഇതിലൂടെ ലഭിക്കുക. കർഷകർക്കും കാർഷികമേഖലയ്ക്കും പദ്ധതികൾ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

