കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നത് സ്വാര്‍ത്ഥ തീരുമാനം: പോപ്പ് ഫ്രാന്‍സിസ്‌

പാശ്ചാത്യ ലോക സംസ്‌കാരത്തില്‍ കുട്ടികള്‍ക്ക് പകരം വളര്‍ത്തു മൃഗങ്ങളെ ലാളിച്ച് കഴിയുന്നവര്‍ മാനവരാശിയോട് തന്നെ കടുത്ത ദ്രോഹം ചെയ്യുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനസംഖ്യ കുറഞ്ഞു വരുന്നതിനാല്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ കാലത്ത് കുട്ടികളുടെ സ്ഥാനം കൈയടക്കിയിരിക്കുന്നത് വളര്‍ത്തു മൃഗങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നത് ഒരു തരം സ്വാര്‍ത്ഥ തീരുമാനമാണെന്നും പോപ്പ് പറഞ്ഞു.

പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നത് മനുഷ്യത്വത്തെ നശിപ്പിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പാശ്ചാത്യ നാടുകളില്‍ ജനസംഖ്യ കുറയുന്നതിനാല്‍ ഓരോ ദമ്പതിമാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണമെന്നും പോപ്പ് പറഞ്ഞു. കുട്ടികള്‍ ഇല്ലാത്തവരാമെങ്കില്‍ ദത്തെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതല്ലെങ്കില്‍, ഇതൊരു ഒരു വൃദ്ധ സംസ്‌കാരമായി മാറുമെന്നും അദ്ദേഹം സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളും മക്കളുമായുള്ള ബന്ധത്തേക്കാള്‍ വളര്‍ത്തു മൃഗങ്ങളുമായുള്ള ബന്ധമാണ് ഏവരും ആഗ്രഹിക്കുന്നതെന്ന് 2014ലും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഒരു കുട്ടിയെ വളര്‍ത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്, എന്നിരുന്നാലും മാതൃത്വവും പിതൃത്വവും നിഷേധിക്കപ്പെടുന്നത് അതിനേക്കാള്‍ വലിയ വെല്ലുവിളി ഭാവിയില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.