International (Page 161)

ലണ്ടൻ: ഡൗണിംഗ് സ്ട്രീറ്റ് പാർട്ടിയിൽ ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ചെയ്യാൻ പാടില്ലാത്തത് ചെയ്‌തെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് വെറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പാർട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഓഫീസിനും ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. രാജിവെയ്ക്കില്ലെന്ന ബോറിസ് ജോൺസന്റെ നിലപാടിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടേത് നാണംകെട്ട നിലപാടാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

ന്യൂഡല്‍ഹി: യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും ഒന്നാമനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് ലോക നേതാക്കളുടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ നിന്ന് പ്രധാനമന്ത്രി ബഹുദൂരെ മുന്നിലാണുള്ളത്. മോദിയുടെ ഔദ്യോഗിക യൂട്യൂബില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോയുടേത് 36 ലക്ഷവും വൈറ്റ് ഹൌസിന്റേത് 19 ലക്ഷവുമാണ്. അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വെറും 5.25 ലക്ഷം മാത്രമാണ്.

ലോകനേതാക്കള്‍

ജൈര്‍ ബോള്‍സനാരോ- 36 ലക്ഷം

ആന്റെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡെര്‍-30.7 ലക്ഷം

ജോക്കോ വിഡോഡോ- 28.8 ലക്ഷം

വൈറ്റ് ഹൗസ്-19 ലക്ഷം

ജോ ബൈഡന്‍- 7.03 ലക്ഷം

ദേശീയ നേതാക്കള്‍

രാഹുല്‍ ഗാന്ധി- 5.25 ലക്ഷം

ശശി തരൂര്‍- 4.39 ലക്ഷം

അസദുദ്ദിന്‍ ഒവൈസി- 3.73 ലക്ഷം

എം.കെ സ്റ്റാലിന്‍- 2.12 ലക്ഷം

മനീഷ് സിസോദിയ- 1.37 ലക്ഷം

തിരുവനന്തപുരം: യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി വ്യക്തമാക്കി. ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യു എ ഇ മന്ത്രിയുടെ പരമാർശം.

കോവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണ്. വാണിജ്യ വ്യവസായ മേഖലകളിൽ നൂതനമായ പദ്ധതികളാണ് യുഎഇ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ചെക്ക് ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീർഘകാല വിസ മുതലായവ യുഎഇയെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യുഎഇയിൽ പുതുതായി രണ്ടു ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യുഎഇ മന്ത്രി അറിയിച്ചു.

ഇന്ത്യയും വിശേഷിച്ച് കേരളവും യുഎഇ യും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യുഎഇ. യുഎഇ യിലെ പുതിയ നിയമങ്ങൾ മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. ചെക്ക് മടങ്ങൽ നിയമം ഇതിൽ പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സിറ്റിയിലെ 41-ാം നിലയിലുള്ള സാമ്പത്തിക വകുപ്പ് കാര്യാലയത്തിൽ ആയിരുന്നു കൂടിക്കാഴ്ച. ഊഷ്മളമായ സ്വീകരണമായിരുന്നു മുഖ്യമന്ത്രിക്ക് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി നൽകിയത്. കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രി, യുഎഇ യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ യുഎഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു.

സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്ത്, വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നെയിമി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

യുഎസിന്റെ കിഴക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന ശീതക്കൊടുങ്കാറ്റില്‍ 5 സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ ഗതാഗത, വൈദ്യുതി തടസ്സങ്ങള്‍ ഉടലെടുക്കുകയും, 7 കോടിയോളം ആളുകള്‍ക്ക് കൊടുങ്കാറ്റ് ബാധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ന്യേൂയോര്‍ക്കിലും മാസച്യുസിറ്റ്‌സിലും രണ്ടടിയോളം കനത്തില്‍ ഹിമനിക്ഷേപം ഉണ്ടായി. മാസച്യുസിറ്റ്‌സില്‍ ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 134 കിലോമീറ്ററോളം വേഗത്തിലാണു കാറ്റ് മേഖലയില്‍ വീശുന്നത്. കൊടുങ്കാറ്റിനെ ബോംബ് സൈക്ലോണ്‍ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കിഴക്കന്‍ യുഎസിലേക്കുള്ള 4500 വിമാനസര്‍വീസുകള്‍ മരവിപ്പിച്ചിട്ടുണ്ട്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റും പേമാരിയുമാണ് ബോംബ് സൈക്ലോണ്‍ എന്നറിയപ്പെടുന്നത്. 1979 മുതല്‍ 2019 വരെയുള്ള 40 വര്‍ഷ കാലയളവില്‍ യുഎസില്‍ സംഭവിച്ച കൊടുങ്കാറ്റുകളില്‍ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് പഠനം വ്യക്തമാക്കുന്നത്. മറ്റുള്ള കൊടുങ്കാറ്റുകളെക്കാള്‍ അതി തീവ്രമായാണ് ഇവ ശക്തി പ്രാപിക്കുന്നത്. ‘ബോംബോജനസിസ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് തീവ്രതയുടെ പ്രധാന കാരണം.

കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോണ്‍ ഗ്യാക്കുമാണ് സമഗ്രമായ പഠനത്തിന് ശേഷം ഇവക്ക് ബോംബ് സൈക്ലോണുകള്‍ എന്ന പേരു നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ബോംബ് സൈക്ലോണ്‍ യുഎസിന്റെയും കാനഡയുടെയും പടിഞ്ഞാറന്‍ തീരങ്ങളില്‍ രൂപപ്പെട്ടിരുന്നു. വടക്കു കിഴക്കന്‍ പസിഫിക് മേഖലയില്‍ ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ കൊടുങ്കാറ്റായിരുന്നു അത്. ദശലക്ഷക്കണക്കിന് യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഈ ബോംബ് സൈക്ലോണ്‍ മൂലം സംഭവിക്കുകയുണ്ടായി.

അബുദാബി: അബുദാബിയില്‍ വീണ്ടും ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയിലാണ് ആക്രമണം. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അബുദാബിക്ക് നേരെ മിസൈല്‍ ആക്രമണം നടക്കുന്നത്.

ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞ് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഹൂതി വിമതര്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി യുഎഇ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഒട്ടാവ: കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ കാനഡയിൽ പ്രതിഷേധം ശക്തം. പ്രതിഷേധം കനത്തതോടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്നാണ് വിവരം. ട്രക്ക് ഡ്രൈവർമാരാണ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്.

യുഎസ്-കാനഡ അതിർത്തി കടന്നെത്തുന്ന ട്രക്കുകളിലെ തൊഴിലാളികൾക്കാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ വാക്സിൻ നിർബന്ധമാക്കിയത്. വാക്സിൻ സ്വീകരിക്കാത്ത കനേഡിയൻ ഡ്രൈവർമാർ അതിർത്തി കടന്നെത്തിയാൽ ഒരാഴ്ച ക്വാറന്റെയ്‌നിലിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്.

കാനഡയിൽ 90 ശതമാനം പേരും വാക്‌സിനെടുത്തവരാണെന്നും അതിനാൽ അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്സിൻ എടുക്കണമെന്നാണ് ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. വാക്‌സിൻ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്.

കുട്ടികളും പ്രായമായവരും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കാളികളായി. ട്രൂഡോയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചും യുദ്ധസ്മാരകത്തിൽ നൃത്തം ചെയ്തുമായിരുന്നു ചിലരുടെ പ്രതിഷേധം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിഷേധക്കാർ പാർലമെന്റ് പരിസരത്തേക്ക് ഒഴുകിയെത്തിയത്. സൈനിക മേധാവി ജനറൽ വെയ്ൻ ഐർ, പ്രതിരോധ മന്ത്രി അനിത് ആനന്ദ് തുടങ്ങിയവർ പ്രതിഷേധ പ്രകടനങ്ങളെ അപലപിച്ചു.

സെനികന്റെ ശവകുടീരവും ദേശീയ യുദ്ധസ്മാരകവും നമ്മുടെ രാജ്യത്തിന്റെ പുണ്യ സ്ഥലങ്ങളാണ്. കാനഡയ്ക്കുവേണ്ടി പോരാടി മരിച്ചവരോടുള്ള ആദരവ് കണക്കിലെടുത്ത് എല്ലാ കനേഡിയന്മാരും അവരോട് ആദരവോടെ പെരുമാറണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് പ്രതിരോധമന്ത്രി പ്രതികരിച്ചു. സൈനികരുടെ ശവകുടീരത്തിൽ പ്രതിഷേധക്കാർ നൃത്തം ചെയ്യുകയും ദേശീയ യുദ്ധസ്മാരകത്തെ അവഹേളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നുവെന്നും നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി പോരാടി മരിച്ചവരാണവരെന്നും സൈനിക മേധാവി പറഞ്ഞു. യുദ്ധസ്മാരകത്ത അവഹേളിച്ചവർ ലജ്ജിച്ചു തല താഴ്ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് 119 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടിയ പാകിസ്താന്റെ പോരാട്ടം അങ്ങനെ 157 റണ്‍സില്‍ അവസാനിച്ചു.

ടീഗ് വൈലി(71), കോറെ മില്ലര്‍(64) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബോളിങ് നിരയില്‍ വില്യം സല്‍സ്മാന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ടോം വൈറ്റ്‌നി, ജാക്ക് സിന്‍ഫീല്‍ഡ് എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.

pinayi

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലെത്തി. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ച്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിയിലെത്തിയത്. യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. യുഎഇയിലെ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അദ്ദേഹം സന്ദർശനം നടത്തും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഫെബ്രുവരി നാലിനാണ് ദുബായ് എക്‌സ്‌പോയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയും വൈകിട്ട് നോർക്ക സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒരാഴ്ച്ചത്തെ ദുബായ് സന്ദർശനത്തിന് ശേഷം ഫെബ്രുവരി 7 ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

മയോ ക്ലിനിക്കിൽ ചികിത്സാ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി ജനുവരി 29 ന് കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ യാത്രാപരിപാടിയിൽ മാറ്റം വന്നത്.

അതേസമയം ആറുദിവസമാണ് എക്സപോയിൽ കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാൻ വേണ്ടി ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് വിവരം. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളിൽ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുബായിയിൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡല്‍ഹി: ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയുടെ ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ വാങ്ങിയെന്നാണ് ടൈംസിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഹോളണ്ടും ഹംഗറിയും പെഗാസസ് വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.

അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. inqiry@pegasus-india-investigation.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു മുതലായ വിവരങ്ങളാണ് കൈമാറേണ്ടത്. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയവരോട് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ സമിതി തേടിയിരുന്നു. ഫോണുകള്‍ ഹാജരാക്കാനും നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു.

ന്യൂയോർക്ക്: എല്ലാവരെയും ആശങ്കയിലാഴ്ത്തിയാണ് നിയോകോവ് എന്ന പുതിയ കോവിഡ് വൈറസ് വകഭേദത്തെ പറ്റിയുള്ള വിവരങ്ങൾ വുഹാനിലെ ഗവേഷകർ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ കണ്ടെത്തിയ ഈ വൈറസ് അതീവ ഗുരുതരമാണെന്നും മനുഷ്യരെ ബാധിച്ചാൽ മൂന്ന് പേരിൽ ഒരാൾക്ക് മരണം സംഭവിക്കുമെന്നുമായിരുന്നു ഗവേഷകർ അറിയിച്ചിരുന്നത്. എന്നാൽ വുഹാനിലെ ഗവേഷകർ നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

വവ്വാലുകളിൽ നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാദ്ധ്യതയും നിലവില്ലെന്നാണ് ഈ ഗവേഷകരുടെ വാദം. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് നിയോകോവ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ പറഞ്ഞിരുന്നത്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം ബാധിക്കുന്നവർ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നും ഗവേഷകർ അറിയിച്ചിരുന്നു. 2012 ലും 2015 ലും നിയോകോവ് ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് നിലവിൽ ഈ വൈറസിന്റൈ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്ന് ചൈനീസ് അക്കാദമി ഒഫ് സയൻസസിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്‌സിനുകൾക്കോ നിയോകോവിനെ ചെറുക്കാൻ കഴിയില്ലെന്നും വുഹാനിലെ ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യൻ വൈറോളജി ആന്റ് ബയോടെക്നോളജി റിസർച്ച് സെന്റർ അറിയിച്ചു. മെർസ് കൊറോണ വൈറസിന്റെ വളരെ അടുത്ത ബന്ധുവാണ് നിയോകോവ് എന്ന വസ്തുതയിൽ നിന്നാണ് ഈ വൈറസ് ബാധിക്കുന്ന മൂന്നിൽ ഒരാൾ മരണപ്പെടും എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. ലോകാരോഗ്യ സംഘടനയും നിയോകോവ് വൈറസിനെ സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശം നൽകിയിട്ടില്ല. നിയോകോവ് വൈറസ് മനുഷ്യരിൽ എങ്ങനെ അപകടകരമാകും എന്നത് സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്നും ഗവേഷകർ പറയുന്നു.