International (Page 160)

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിലെ കേരളാ പവലിയൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി രാജകുടുംബാംഗവും യുഎഇ സഹിഷ്ണുതാ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയൂദി തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, നടൻ മമ്മൂട്ടി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരും ഉദ്ഘാട ചടങ്ങിൽ പങ്കുചേർന്നു. യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണെന്നും നിക്ഷേപകർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വികസനത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കണ്ണൂരിൽ 5500 ഏക്കർ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. കെ റെയിൽ പദ്ധതി വഴി യാത്ര വേഗത്തിലാകും. സംസ്ഥാനം മുഴുവൻ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിക്കുന്നതോടെ ഡിജിറ്റൽ മുന്നേറ്റത്തിന് വഴിയൊരുങ്ങും. കിഫ്ബി വഴി 60000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് എക്‌സ്‌പോ വേദിയിൽ ഫെബ്രുവരി നാലു മുതൽ പത്ത് വരെയാണ് കേരളാ വീക്ക് നടക്കുന്നത്. രാജ്യാന്തര ബിസിനസ് സമൂഹത്തിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകർഷിക്കുന്നതിന് പ്രാധാന്യം നൽകിയുള്ള പരിപാടികളായിരിക്കും കൂടുതലായും കേരളാ വീക്കിൽ നടക്കുക.

വാഷിംഗ്ടൺ: ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു. അമേരിക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. സൈന്യത്തിന് അദ്ദേഹം പ്രത്യേക നന്ദിഅറിയിക്കുകയും ചെയ്തു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗണും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

രണ്ടു മണിക്കൂറിലധികം നേരമാണ് യുഎസ് രക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പിന്നീട് അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കാബൂൾ: അഫ്ഗാനിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ ആക്ടിവിസ്റ്റുകളെ കാണാതാകുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സ്ത്രീകളാണ് അപ്രത്യക്ഷരാകുന്നത്. താലിബാൻ അർദ്ധ രാത്രിയിൽ വീടുകളിൽ വന്ന് ഇവരെ തട്ടിക്കൊണ്ടു പോകുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം താലിബാൻ നിഷേധിച്ചു.

ആറു പ്രമുഖ സ്ത്രീ ആക്ടിവിസ്റ്റുകളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിൽ നിന്നും കാണാതായത്. ഇവരെ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം അനുവദിക്കണമന്ന് ആവശ്യപ്പെട്ട് കാബൂളിൽ പ്രക്ഷോഭം നടത്തിയ കൂട്ടായ്മയിലെ മുൻനിര നേതാവായ മുർസൽ അയാർ എന്ന യുവതിയെയാണ് ഏറ്റവുമൊടുവിൽ കാണാതായത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം പുന:സ്ഥാപിക്കുക, തൊഴിൽ ചെയ്ത് ജീവിക്കാൻ സ്ത്രീകൾക്കും അവസരം നൽകുക, രാഷ്ട്രീയ അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്ത്രീ സംഘടനകൾ ജനുവരി അവസാനം കാബൂളിൽ പ്രകടനം നടത്തിയത്. പർവാന ഇബ്രാഹിം, തമന്ന പയാനി, അവരുടെ സഹോദരികളായ സർമിന, ഷഫീഖ, കരീമ എന്നിവരെയാണ് ഈയാഴ്ച കാണാതായത്. അതേസമയം പകപോക്കലിനായി സ്ത്രീ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോവുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ താലിബാനോട് ആവശ്യപ്പെട്ടു.

സ്ത്രീ സംഘടനാ നേതാക്കളെ വീടുകളിൽനിന്നും തുടർച്ചയായി തട്ടിക്കൊണ്ടു പോകുന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് യു എൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പകപോക്കൽ അറസ്റ്റുകൾ പാടില്ലെന്ന് തങ്ങളുടെ പ്രവർത്തകർക്ക് അടിയന്തിര നിർദേശം നൽകണമെന്ന് യു എൻ മനുഷ്യാവകാശ സംഘടന താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ 96 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 290 ലക്ഷ്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയ കാലിടറി വീണു. 41.5 ഓവറില്‍ 194 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അര്‍ധ സെഞ്ചുറി നേടിയ ലാച്ച്ലാന്‍ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് ഓസ്‌ട്രേലിയയെ വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന്‍ യാഷ് ദുള്ളും സെഞ്ചുറിക്കരികെ പുറത്തായ ഷെയ്ഖ് റഷീദുമാണ് ഇന്ത്യന്‍ ടീമിന് കരുത്തായത്. ആംഗ്രിഷ് രഘുവംശി ആറിലും ഹര്‍നൂര്‍ സിംഗ് 16 റണ്‍സിലും പുറത്താകുമ്പോള്‍ ഇന്ത്യക്ക് 12.3 ഓവറില്‍ 37 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് ചേര്‍ത്ത് യാഷ് ദുള്‍- ഷെയ്ഖ് റഷീദ് സഖ്യം ഇന്ത്യയെ സുരക്ഷിത സ്‌കോറിലെത്തിച്ചു. 46-ാം ഓവറിലെ അഞ്ചാം പന്തില്‍ യാഷ് റണ്ണൗട്ടാവുകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 241ലെത്തിയിരുന്നു.

സെഞ്ചുറി നേടിയ യാഷ് 110 പന്തില്‍ 110 റണ്‍സ് നേടി. എന്നാല്‍ സെഞ്ചുറിക്കരികെ റഷീദ് പുറത്തായത് ഇന്ത്യന്‍ ആരാധകരര്‍ക്ക് നോവായി. 108 പന്തില്‍ 94 റണ്‍സ് നേടിയ റഷീദിനെ ജാക്കാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ രാജ്വര്‍ധന്‍ 13 റണ്‍സെടുത്ത് പുറത്തായി. നിഷാന്ത് സിന്ധുവും(12), ദിനേശ് ബനയും(20) ഇന്ത്യന്‍ സ്‌കോര്‍ മികച്ചതാക്കി ഇന്നിംഗ്സ് പൂര്‍ത്തിയാക്കുകയായിരുന്നു.

റോം: മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ വിചാരണയ്ക്ക് മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ കേസ് തള്ളി റോം ജഡ്ജി. ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം മുന്‍പ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിച്ചിരുന്നു.

2012 ഫെബ്രുവരി 15നാണ് സെന്റ് ആന്റണി എന്ന മത്സ്യബന്ധന കപ്പലില്‍ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികരായ മിസിമിലിയാനോ ലട്ടോറെ സാള്‍വട്ടോര്‍ ജിറോണ്‍ എന്നിവര്‍ വെടിവച്ചു കൊന്നത്. കേരള തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് തൊട്ടു പിന്നാലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്റിക്ക ലെക്‌സിയെ തടയുകയും രണ്ട് ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 2014 സെപ്റ്റംബര്‍ 13നും 2016 മെയ് 28നുമാണ് ലട്ടോറെയും ജിറോണും മടങ്ങിയത്.

തുടര്‍ന്ന് 2021 ജൂണില്‍ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ ഇന്ത്യയിലെ സുപ്രീം കോടതി റദ്ദാക്കുകയും നാവികര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 2.17 കോടി രൂപ നല്‍കിയതിന് പുറമേ പത്ത് കോടി രൂപ ഇറ്റലിയും നഷ്ടപരിഹാരം നല്‍കിയിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍ ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളിലും ഇനിയും രോഗ വ്യാപനം ഉയരുമെന്നും, വാക്‌സിനേഷന്‍ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നും സംഘടന ഓര്‍മ്മിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നത് അപകടകരമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാനുളള ശേഷി ഒമിക്രോണിന് കൂടുതലാണ്. ഡെല്‍റ്റ പോലെ അത്ര മാരകമല്ലാത്തതാണ് ഒമിക്രോണ്‍ വകഭേദം. അതിനാല്‍ കിടത്തി ചികില്‍സ ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റര്‍ ചികില്‍സ നല്‍കേണ്ടവരിലെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു.

മൂന്നാം തരംഗത്തിനിടയിലാണ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നത്. ഒമിക്രോണ്‍ വ്യാപനം കൂടിയാല്‍ രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്‌സീനും ബൂസ്റ്റര്‍ ഡോസും നല്‍കി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

കൂളിജ് (ആന്റിഗ്വ): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരം ഇന്ന്. ക്യാപ്റ്റന്‍ യാഷ് ധുലും വൈസ് ക്യാപ്റ്റന്‍ ശൈഖ് റഷീദുമടക്കം അഞ്ച് പേര്‍ കൊവിഡ് പിടിയിലായിട്ടും എല്ലാ കളികളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.

ഓപണര്‍മാരായ ഹര്‍നൂര്‍ സിങ്, അന്‍ഗ്കൃഷ് രഘുവന്‍ഷി, രാജ് ബാവ തുടങ്ങിയവരുടെ ബാറ്റിങ്ങും രാജ്‌വര്‍ധന്‍ ഹന്‍ഗര്‍ഗേക്കര്‍, രവി കുമാര്‍, വിക്കി ഓസ്ത്‌വാള്‍, കൗശല്‍ താംബെ, ബാവ തുടങ്ങിയവരുടെ ബൗളിങ്ങും ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ഓപണര്‍ ടീഗ് വില്ലിയാണ് ഓസീസിന്റെ ബാറ്റിങ് സൂപ്പര്‍ സ്റ്റാര്‍. ബൗളിങ് നയിക്കാന്‍ ടോം വിറ്റ്‌നി, വില്യം സാല്‍സ്മാന്‍ എന്നിവരുമുണ്ട്.

ദുബായ്: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രശംസിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. സുശക്തമായ ബജറ്റ് പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നത് സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും യൂസഫലി വ്യക്തമാക്കി.

നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന ഘടകങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ ഊന്നൽ നൽകുന്ന ബജറ്റാണിത്. വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ വെല്ലുവിളി നിറഞ്ഞതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ, ഡിജിറ്റൽ രൂപ, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഇ-പാസ്‌പോർട്ട് തുടങ്ങിയ ഡിജിറ്റൽ പരിവർത്തനങ്ങളിലുള്ള ഗവൺമെന്റിന്റെ ശ്രദ്ധ, രാജ്യത്തെ യഥാർത്ഥ ഡിജിറ്റൽ ആക്കുമെന്നും സുതാര്യമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാൻ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റിൽ പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ശൈഖ് നഹ്യാന്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ അബുദാബിയിലെ കൊട്ടാരത്തിൽ സ്വീകരിച്ചത്.

യുഎഇയുടെ വികസനത്തിൽ മലയാളികൾ വഹിച്ച പങ്കിനെ ശൈഖ് നഹ്യാൻ പ്രകീർത്തിച്ചു. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികൾ യുഎഇയ്ക്ക് എന്നും മുതൽക്കൂട്ടാണെന്നും പരസ്പര സഹകരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും യുഎഇ മന്ത്രി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് ശൈഖ് നഹ്യാൻ കൂടിക്കാഴ്ചയിൽ ഉയർത്തിക്കാട്ടി.

കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ശൈഖ് നഹ്യാൻ വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു.എ.ഇ. ഭരണകൂടം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. കേരളത്തിന്റെ ഉപഹാരം ശൈഖ് നഹ്യാന് കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി സമ്മാനിച്ചു. വെള്ളിയാഴ്ച ദുബായിൽ എക്സ്പോ 2020 കേരള പവലിയൻ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം എക്സ്പോ കമ്മീഷണർ ജനറൽ കൂടിയായ ശൈഖ് നഹ്യാൻ സ്വീകരിച്ചു.

വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യുസഫലി, കെ എസ് ഐ ഡി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്കം, മുഖ്യമന്ത്രിയുടെ ഒ എസ് ഡി മിർ മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

കോപൻഹേഗൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി ഡെന്മാർക്ക്. മാസ്‌ക് ഉൾപ്പെടെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഡെന്മാർക്ക് നീക്കി. ഡെന്മാർക്ക് പൂർണമായി തുറക്കുന്നുവെന്നാണ് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്സൻ വ്യക്തമാക്കിയത്. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂർണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഡെന്മാർക്ക്. നിശാ ക്ലബ്ബുകൾക്ക് ഇനി ഉപാധികൾ ഇല്ലാതെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.

സാമൂഹ്യ അകലവും വേണ്ടെന്നാണ് പുതിയ നിർദ്ദേശം. സമ്പർക്കം റിപ്പോർട്ട് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷനും പിൻവലിച്ചു. ഡെൻമാർക്കിലെ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്. 29000 പേർക്കാണ് കഴിഞ്ഞ ദിവസം ഡെന്മാർക്കിൽ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ അഞ്ചര ലക്ഷത്തിലേറെ പേർ ഡെന്മാർക്കിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഒമിക്രോൺ വ്യാപനവും രാജ്യത്ത് രൂക്ഷമായി തുടരുന്നുണ്ട്.

എന്നാൽ എല്ലാവർക്കും 3 ഡോസ് വാക്സിൻ കിട്ടിയതിനാൽ ഇനി നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഒമിക്രോൺ കാര്യമായ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ലെന്നും സർക്കാർ പറയുന്നു.