International (Page 162)

ബെയ്ജിങ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാനിലെ ഗവേഷകർ. കോവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവിനെ’ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കമ്‌ടെത്തിയിട്ടുള്ളത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം ബാധിക്കുന്നവർ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ അറിയിച്ചു.

2012 ലും 2015 ലും നിയോകോവ് ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് നിലവിൽ ഈ വൈറസിന്റൈ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്ന് ചൈനീസ് അക്കാദമി ഒഫ് സയൻസസിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർ പറയുന്നു.

മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്സിനുകൾക്കോ നിയോകോവിനെ ചെറുക്കാൻ കഴിയില്ല. ഈ വൈറസ് ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാനുള്ള സാദ്ധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.

വാഷിങ്ടൺ: ഉക്രൈനിൽ ഏതു നിമിഷവും ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. റഷ്യ നടത്തുന്ന ആക്രമണ നീക്കത്തെ ചെറുക്കാൻ കിഴക്കൻ യൂറോപ്പിൽ വിന്യസിക്കാൻ പതിനായിരം സൈനികരെ അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഓരോ നീക്കത്തെയും സസൂക്ഷ്മം റഷ്യ നിരീക്ഷിക്കുന്നുണ്ട്.

പ്രതിരോധ വകുപ്പ് നേരിട്ട് പതിനായിരം സൈനികരെ തയ്യാറാക്കിയെന്നാണ് വിവരം. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ഉക്രൈനിനെ സഹായിക്കുമെന്ന് നാറ്റോ സഖ്യം കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. അധിനിവേശത്തെ സൈനികമായി ചെറുക്കുമെന്നാണ് നാറ്റോ സഖ്യം റഷ്യക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്.

ഉക്രൈനിലേക്ക് ഏതു നിമിഷവും നീങ്ങുന്ന തരത്തിൽ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നാറ്റോയുടെ സൈനിക സന്നാഹം ഒരുക്കിയിരിക്കുന്നത്. അതേസമയം നാറ്റോ സഖ്യത്തിന് പിന്തുണ നൽകുമെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അറിയിച്ചു. തങ്ങളുടെ അതിർത്തി ഉക്രൈൻ കൈവശപ്പെടുത്തിയെന്നാണ് റഷ്യ ആരോപിക്കുന്നത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം പുറത്തായി. മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ജേസണ്‍ കുബ്ലര്‍-ജെയ്മി ഫൗര്‍ലിസ് എന്നിവരോടാണ് പരാജയപ്പെട്ടത്. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്ന ഓസീസ് താരങ്ങളുടെ ജയം. സ്‌കോര്‍: 6-4, 7-6. സാനിയ മിര്‍സയുടെ കരിയറിലെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണാണിത്. മുമ്പ് രണ്ട് തവണ സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ചാമ്പ്യനായിട്ടുണ്ട്. സീസണിന് അവസാനം വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ കനേഡിയന്‍ താരമായ ഡെനിസ് ഷപ്പോവലോവിനെ 6-3, 6-4, 4-6, 3-6, 6-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യനും സ്പാനിഷ് താരവുമായ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍ കടന്നു. ആദ്യ രണ്ട് സെറ്റും നേടിയ ശേഷം ഷപ്പോവലോവിന്റെ തിരിച്ചുവരവ് അതിജീവിച്ചാണ് റാഫയുടെ ജയം. നദാല്‍ ആറാം സീഡും ഷപ്പോവലോവ് 14-ാം സീഡുമാണ്. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച നദാലാണ് പുരുഷ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക മുന്‍ ചാമ്പ്യന്‍.

ലണ്ടൻ: ബ്രിട്ടണിൽ കൂടുതൽ ഇളവുകൾ. രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശസഞ്ചാരികളെ നിർബന്ധിത കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന കാര്യം വ്യക്തമല്ല.

ബ്രിട്ടൻ സഞ്ചരിക്കുന്ന എല്ലാ വിദേശസഞ്ചാരികളും നിർബന്ധിത കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടീഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. വാക്‌സിൻ എടുത്തവർക്കും ഇത്തരത്തിൽ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. ഏതാനും ദിവസങ്ങളായി ബ്രിട്ടണിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവ് നൽകാൻ അധികൃതർ തീരുമാനിച്ചത്.

അതേസമയം ബ്രിട്ടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കേണ്ടത് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചമാക്കുന്നതിൽ നിർണായകമാണെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. ബ്രിട്ടന്റെ ഗതാഗതമന്ത്രി പുതിയ തീരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ പാർലമെന്റിൽ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബി: അബുദാബിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. യുഎഇയുടെ അത്യാധുനിക പോർ വിമാനങ്ങളാണ് യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തത്. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.

തിങ്കളാഴ്ച പുലർച്ചെ യെമൻ സമയം 4.10 നായിരുന്നു യുഎഇ ഹൂതികൾക്ക് തിരിച്ചടി നൽകിയത്. എഫ് 16 യുദ്ധ വിമാനമുപയോഗിച്ചായിരുന്നു യുഎഇ സൈന്യത്തിന്റെ ആക്രമണം. ആക്രമണം നടത്തിയ വിവരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുഎഇ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളും യുഎഇ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച്ച പുലർച്ചെ യുഎഇയിലേക്ക് ഹൂതികൾ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇവ യുഎഇ സൈന്യം തകർത്തിരുന്നു. അബുദാബിയുടെ നേർക്ക് തൊടുത്ത മിസൈലുകളാണ് സൈന്യം തകർത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും യുഎഇ അറിയിച്ചിരുന്നു.

യൂറോപ്പ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കണ്ടെത്തലുമായി ഗവേഷകർ. കോവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ കണ്ടെത്തി. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പുതിയ ഉപവകഭേദത്തിന് പകർച്ച ശേഷി കൂടുതലാണ്. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഒമിക്രോൺ സമൂഹ വ്യാപനമായി എന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തി. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

അതേസമയം യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കോവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകുമെന്നും എല്ലാവരും വാക്‌സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്‌ളോഗ് വ്യക്തമാക്കി.

ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ഒമിക്രോണ്‍ വകഭേദം കൊവിഡിനെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും സൂചന നല്‍കി ലോകാരോഗ്യ സംഘടന. ‘ഈ പ്രദേശം മഹാമാരിയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കും’-ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒമിക്രോണ്‍ ശമിച്ചു കഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോവിഡ് തിരിച്ചുവരണമെനന്നില്ലെന്നും ക്ലൂഗെ പറഞ്ഞു.

അതേസമയം, അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നതിനാല്‍ കാര്യങ്ങള്‍ നന്നായി കാണപ്പെടുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവും യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും വ്യക്തമാക്കി. യുഎസിന്റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ സമീപകാലത്ത് കാണുന്നത് പോലുള്ള ഇടിവ് തുടരുകയാണെങ്കില്‍, നമുക്ക് രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാന്‍ തുടങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാം തരംഗം ഉച്ചാസ്ഥിയിലെത്തിയ ശേഷം ഇപ്പോള്‍ കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ റീജിയണല്‍ ഓഫീസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഹൂസ്റ്റൻ: അമേരിക്കയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്ന കാഴ്ച്ചയാണ് അമേരിക്കയിൽ കാണാൻ കഴിയുന്നത്. മരണ നിരക്കും വർധിച്ചു കൊണ്ടിരിക്കുകയാണ്. കിഴക്കൻ നഗരങ്ങളിൽ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും സമീപ ദിവസങ്ങളിൽ കൂടുതൽ കേസുകളെത്തി. വെള്ളിയാഴ്ച വരെ അമേരിക്കയിൽ ഒരു ദിവസം ശരാശരി 720,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മിക്ക ദിവസങ്ങളിലും രണ്ടായിരത്തിലധികം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയുടെ ചിലഭാഗങ്ങളിൽ കോവിഡ് അതിവേഗത്തിൽ പടരുകയാണ്. നോർത്ത് ഡക്കോട്ടയിൽ പുതിയ അണുബാധകളുടെ റിപ്പോർട്ടുകൾ വർധിക്കുന്നു. അലബാമയിലും യൂട്ടായിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

അതേസമയം കൻസാസിൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിദിന കേസുകളുടെ നിരക്ക് 50 ശതമാനം വർധിച്ചു. ഒമിക്രോൺ വകഭേദത്തിനൊപ്പം ഞങ്ങളുടെ ആശുപത്രികളിലെ ബുദ്ധിമുട്ട് തങ്ങളുടെ ആരോഗ്യ പ്രവർത്തകരെയും രോഗികളെയും ബാധിക്കുന്നുവെന്ന് ഗവർണർ ലോറ കെല്ലി പറഞ്ഞിരുന്നു. എല്ലായിടത്തും വൈറസ് തങ്ങളുടെ കമ്മ്യൂണിറ്റികളിലൂടെ അതിവേഗം പടരുന്നത് തുടരുകയാണെന്നും കെല്ലി വ്യക്തമാക്കിയിരുന്നു.

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേന്റെ വിവാഹം മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാലാണ് വിവാഹം മാറ്റിവെച്ചതെന്ന് ജസീന്ദ ആർഡേൻ വ്യക്തമാക്കി. തന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും താനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം താനും ചേരുന്നുവെന്നും ജസീന്ദ പറഞ്ഞു.

ഇതേ അവസ്ഥ ഉള്ളവരോട് പ്രധാനമന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തു. ന്യൂസിലൻഡിലെ പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡയെയാണ് ജസീന്ദ വിവാഹം ചെയ്യുന്നത്. പൂർണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമായിരുന്നെങ്കിലും നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജസീന്ദ വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു. അടുത്തിടെയാണ് ജസീന്ദയും ക്ലാർക്ക് ഗേഫോഡെയും വിവാഹിതരാകാൻ പോകുന്നുവെന്ന പ്രഖ്യാപനം ഉണ്ടായത്. മൂന്നുവയസുള്ള ഒരു മകളും ഇരുവർക്കുമുണ്ട്.

ബാഗ്ദാദ്: ഇറാഖിലും സിറിയയിലും സൈനികര്‍ക്ക് നേരെ ഐഎസ് ആക്രമണം. ഇറാഖി സൈനിക ബാരക്കിന് നേരെ നടത്തിയ ആക്രമണത്തില്‍ ഉറങ്ങിക്കിടന്ന 11 സൈനികരും, സിറിയയില്‍ ജയിലില്‍ നിന്ന് ഭീകരവാദികളെ പുറത്തിറക്കാനായി നടത്തിയ ആക്രമണത്തില്‍ 18 പേരും കൊല്ലപ്പെട്ടു.

ബാഗ്ദാദിന് 73 മൈല്‍ അകലെയുള്ള അല്‍ അസിം ജില്ലയിലെ പട്ടാള കേന്ദ്രത്തിന് നേരെ ഇന്നലെ പുലര്‍ച്ചെ ഐഎസ് ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. 10 സൈനികരും ഒരു ലെഫ്റ്റനന്റുമാണ് കൊല്ലപ്പെട്ടത്. അടുത്ത കാലത്തായി ഇറാഖി സൈന്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

സിറിയയില്‍ ഐഎസ് ഭീകരരെ താമസിപ്പിച്ച ഗെയ്റാന്‍ ജയിലില്‍ ഭീകരരെ മോചിപ്പിക്കാനായി നൂറോളം ഐഎസ് ഭീകരര്‍ ജയില്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 18 കുര്‍ദിഷ് സുരക്ഷാ സൈനികരും, 16 ഐഎസ് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.