ആശങ്കപ്പെടേണ്ട സാഹചര്യമില്ല; നിയോകോവ് വകഭേദത്തെ കുറിച്ചുള്ള വുഹാൻ ഗവേഷകരുടെ പ്രചാരണം തള്ളി ശാസ്ത്രജ്ഞർ

ന്യൂയോർക്ക്: എല്ലാവരെയും ആശങ്കയിലാഴ്ത്തിയാണ് നിയോകോവ് എന്ന പുതിയ കോവിഡ് വൈറസ് വകഭേദത്തെ പറ്റിയുള്ള വിവരങ്ങൾ വുഹാനിലെ ഗവേഷകർ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ കണ്ടെത്തിയ ഈ വൈറസ് അതീവ ഗുരുതരമാണെന്നും മനുഷ്യരെ ബാധിച്ചാൽ മൂന്ന് പേരിൽ ഒരാൾക്ക് മരണം സംഭവിക്കുമെന്നുമായിരുന്നു ഗവേഷകർ അറിയിച്ചിരുന്നത്. എന്നാൽ വുഹാനിലെ ഗവേഷകർ നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

വവ്വാലുകളിൽ നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാദ്ധ്യതയും നിലവില്ലെന്നാണ് ഈ ഗവേഷകരുടെ വാദം. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് നിയോകോവ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ പറഞ്ഞിരുന്നത്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം ബാധിക്കുന്നവർ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നും ഗവേഷകർ അറിയിച്ചിരുന്നു. 2012 ലും 2015 ലും നിയോകോവ് ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് നിലവിൽ ഈ വൈറസിന്റൈ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്ന് ചൈനീസ് അക്കാദമി ഒഫ് സയൻസസിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർ വ്യക്തമാക്കുന്നു. മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്‌സിനുകൾക്കോ നിയോകോവിനെ ചെറുക്കാൻ കഴിയില്ലെന്നും വുഹാനിലെ ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യൻ വൈറോളജി ആന്റ് ബയോടെക്നോളജി റിസർച്ച് സെന്റർ അറിയിച്ചു. മെർസ് കൊറോണ വൈറസിന്റെ വളരെ അടുത്ത ബന്ധുവാണ് നിയോകോവ് എന്ന വസ്തുതയിൽ നിന്നാണ് ഈ വൈറസ് ബാധിക്കുന്ന മൂന്നിൽ ഒരാൾ മരണപ്പെടും എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. ലോകാരോഗ്യ സംഘടനയും നിയോകോവ് വൈറസിനെ സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശം നൽകിയിട്ടില്ല. നിയോകോവ് വൈറസ് മനുഷ്യരിൽ എങ്ങനെ അപകടകരമാകും എന്നത് സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്നും ഗവേഷകർ പറയുന്നു.