ഒട്ടാവ: കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ കാനഡയിൽ പ്രതിഷേധം ശക്തം. പ്രതിഷേധം കനത്തതോടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്നാണ് വിവരം. ട്രക്ക് ഡ്രൈവർമാരാണ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്.
യുഎസ്-കാനഡ അതിർത്തി കടന്നെത്തുന്ന ട്രക്കുകളിലെ തൊഴിലാളികൾക്കാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ വാക്സിൻ നിർബന്ധമാക്കിയത്. വാക്സിൻ സ്വീകരിക്കാത്ത കനേഡിയൻ ഡ്രൈവർമാർ അതിർത്തി കടന്നെത്തിയാൽ ഒരാഴ്ച ക്വാറന്റെയ്‌നിലിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്.
കാനഡയിൽ 90 ശതമാനം പേരും വാക്‌സിനെടുത്തവരാണെന്നും അതിനാൽ അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്സിൻ എടുക്കണമെന്നാണ് ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. വാക്‌സിൻ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്.
കുട്ടികളും പ്രായമായവരും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കാളികളായി. ട്രൂഡോയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചും യുദ്ധസ്മാരകത്തിൽ നൃത്തം ചെയ്തുമായിരുന്നു ചിലരുടെ പ്രതിഷേധം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിഷേധക്കാർ പാർലമെന്റ് പരിസരത്തേക്ക് ഒഴുകിയെത്തിയത്. സൈനിക മേധാവി ജനറൽ വെയ്ൻ ഐർ, പ്രതിരോധ മന്ത്രി അനിത് ആനന്ദ് തുടങ്ങിയവർ പ്രതിഷേധ പ്രകടനങ്ങളെ അപലപിച്ചു.
സെനികന്റെ ശവകുടീരവും ദേശീയ യുദ്ധസ്മാരകവും നമ്മുടെ രാജ്യത്തിന്റെ പുണ്യ സ്ഥലങ്ങളാണ്. കാനഡയ്ക്കുവേണ്ടി പോരാടി മരിച്ചവരോടുള്ള ആദരവ് കണക്കിലെടുത്ത് എല്ലാ കനേഡിയന്മാരും അവരോട് ആദരവോടെ പെരുമാറണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് പ്രതിരോധമന്ത്രി പ്രതികരിച്ചു. സൈനികരുടെ ശവകുടീരത്തിൽ പ്രതിഷേധക്കാർ നൃത്തം ചെയ്യുകയും ദേശീയ യുദ്ധസ്മാരകത്തെ അവഹേളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നുവെന്നും നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി പോരാടി മരിച്ചവരാണവരെന്നും സൈനിക മേധാവി പറഞ്ഞു. യുദ്ധസ്മാരകത്ത അവഹേളിച്ചവർ ലജ്ജിച്ചു തല താഴ്ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

