തിരുവനന്തപുരം: യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി വ്യക്തമാക്കി. ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യു എ ഇ മന്ത്രിയുടെ പരമാർശം.
കോവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണ്. വാണിജ്യ വ്യവസായ മേഖലകളിൽ നൂതനമായ പദ്ധതികളാണ് യുഎഇ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ചെക്ക് ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീർഘകാല വിസ മുതലായവ യുഎഇയെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യുഎഇയിൽ പുതുതായി രണ്ടു ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യുഎഇ മന്ത്രി അറിയിച്ചു.
ഇന്ത്യയും വിശേഷിച്ച് കേരളവും യുഎഇ യും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യുഎഇ. യുഎഇ യിലെ പുതിയ നിയമങ്ങൾ മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. ചെക്ക് മടങ്ങൽ നിയമം ഇതിൽ പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സിറ്റിയിലെ 41-ാം നിലയിലുള്ള സാമ്പത്തിക വകുപ്പ് കാര്യാലയത്തിൽ ആയിരുന്നു കൂടിക്കാഴ്ച. ഊഷ്മളമായ സ്വീകരണമായിരുന്നു മുഖ്യമന്ത്രിക്ക് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി നൽകിയത്. കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രി, യുഎഇ യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ യുഎഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു.
സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്ത്, വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നെയിമി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

