ഒരാഴ്ച്ചത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിയിലെത്തി

pinayi

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലെത്തി. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ച്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിയിലെത്തിയത്. യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. യുഎഇയിലെ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അദ്ദേഹം സന്ദർശനം നടത്തും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഫെബ്രുവരി നാലിനാണ് ദുബായ് എക്‌സ്‌പോയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയും വൈകിട്ട് നോർക്ക സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒരാഴ്ച്ചത്തെ ദുബായ് സന്ദർശനത്തിന് ശേഷം ഫെബ്രുവരി 7 ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

മയോ ക്ലിനിക്കിൽ ചികിത്സാ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി ജനുവരി 29 ന് കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ യാത്രാപരിപാടിയിൽ മാറ്റം വന്നത്.

അതേസമയം ആറുദിവസമാണ് എക്സപോയിൽ കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാൻ വേണ്ടി ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് വിവരം. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളിൽ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുബായിയിൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.