ഇന്ത്യ ‘പെഗാസസ്’ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയുടെ ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ വാങ്ങിയെന്നാണ് ടൈംസിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഹോളണ്ടും ഹംഗറിയും പെഗാസസ് വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.

അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. inqiry@pegasus-india-investigation.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു മുതലായ വിവരങ്ങളാണ് കൈമാറേണ്ടത്. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയവരോട് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ സമിതി തേടിയിരുന്നു. ഫോണുകള്‍ ഹാജരാക്കാനും നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു.