General (Page 1,513)

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിന് വേണ്ടി നൂതന പദ്ധതിയുമായി ഡൽഹി സർക്കാർ. ഇനി വാക്സിൻ സ്വീകരിക്കാനുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിംഗ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ഡൽഹിയിൽ ആവിഷ്‌ക്കരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ജഹാം വോട്ട്, വഹാം വാക്സിനേഷൻ (എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷൻ) എന്ന പേരിലായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക.

ഡൽഹിയിലെ വോട്ടിംഗ് ബൂത്ത് തലത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. പദ്ധതി പ്രകാരം ജനങ്ങൾക്ക് അവരുടെ നിശ്ചിത പോളിംഗ് ബൂത്തിൽ എത്തി കോവിഡ് വാക്സിൻ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

വീടുകളിലെത്തി വാക്‌സിൻ നൽകുന്ന പദ്ധതിയ്ക്കും സർക്കാർ ഉടൻ തുടക്കം കുറിക്കുമെന്നാണ് വിവരം. 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നാല് ആഴ്ചകൊണ്ട് വാക്സിൻ നൽകാനാണ് സർക്കാരിന്റെ ലക്ഷ്യം. 45 വയസിന് മുകളിൽ പ്രായമുള്ള 57 ലക്ഷം പേരാണ് ഡൽഹിയിലുള്ളത്. 27 ലക്ഷം പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അഹമ്മദാബാദ്: സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന കെവാദിയ നഗരത്തിന് മറ്റൊരു നേട്ടം കൂടി. രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരം എന്ന സവിശേഷത സ്വന്തമാക്കിയിരിക്കുകയാണ് നർമ്മദാ ജില്ലയിലെ കെവാദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാകുമെന്ന് പ്രഖ്യാപിച്ചത്. പരിസ്ഥിതി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഘട്ടംഘട്ടമായി കെവാദിയ നഗരം ഇലക്ട്രിക് വാഹങ്ങൾ മാത്രമോടുന്ന നഗരമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി ആരംഭിക്കാനൊരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമ കെവാദിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏകതാ പ്രതിമ സന്ദർശിക്കാൻ ആയിരക്കണക്കിന് ആളുകളാണ് കെവാദിയയിൽ എത്തുന്നത്.

ഇനി മുതൽ സന്ദർശകരുമായി കെവാദിയയിലേക്ക് എത്തുന്ന ബസുകൾ ഇലക്ട്രിക്കായിരിക്കണം എന്നാണ് പുതിയ നിർദ്ദേശം. കെവാദിയയുടെ ചുമതലയുള്ള ടൂറിസം വകുപ്പായിരിക്കണം പദ്ധതിയുടെ ഏകോപന ചുമതല നിർവ്വഹിക്കേണ്ടത്. ഗുജറാത്ത് ഊർജ വികസന ഏജൻസിയുടെ സഹായവും ഉണ്ടാകും.

കെവാദിയയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പയും സബ്സിഡിയും നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 50 ഇലക്ട്രിക് ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾക്ക് വായ്പ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ ഓട്ടോറിക്ഷ ഓടിക്കാൻ പരിശീലിപ്പിക്കാനും തീരുമാനമായി.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അദ്ധ്യക്ഷനാക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഭരണപരിഷ്‌ക്കരണ കമ്മീഷൻ വെറും നോക്കുകുത്തിയായിരുന്നവെന്നതിന്റെ തെളിവുകൾ പുറത്ത്. കമ്മീഷൻ നൽകിയ റിപ്പോർട്ടുകളൊന്നും ഇതുവരെ നടപ്പായില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ ഭരണപരിഷ്‌ക്കരണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകളൊന്നും നടപ്പായില്ലെന്ന വിവരം വ്യക്തമാക്കിയത്. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്ണുനാഥിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതുവരെയായി 13 ഓളം റിപ്പോർട്ടുകളാണ് കമ്മീഷൻ സർക്കാരിനു മുന്നിൽ സമർപ്പിച്ചത്. 10,79,29,050 രൂപയാണ് ശമ്പളം അടക്കമുള്ള കമ്മീഷന് വേണ്ടി ചെലവഴിച്ചത്. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ വിലയിരുത്തി അതിന്മേൽ തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി ചീഫ് സെക്രട്ടറി ചെയർമാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലൻസിന്റെ പരിഷ്‌കാരം സംബന്ധിച്ച് 2017 ലായിരുന്നു കമ്മീഷൻ ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. പിന്നീട് 2018 ൽ രണ്ട് റിപ്പോർട്ടുകളും 2019 ൽ ഒരെണ്ണവും 2020 ൽ നാലു റിപ്പോർട്ടുകളും 2021 ൽ അഞ്ചെണ്ണം കമ്മീഷൻ സമർപ്പിച്ചിരുന്നു. 2021 ഏപ്രിൽ മാസമാണ് കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ചത്.

modi

ന്യൂഡൽഹി: ജൂൺ 21 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വാക്‌സിൻ നയം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് മേൽനോട്ടം വഹിക്കേണ്ടത് സംസ്ഥാന സർക്കാരുകളായിരിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

75 ശതമാനം വാക്സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും. കോവിഡിനെ നേരിടാൻ രാജ്യത്ത് ആരോഗ്യ മേഖലയിൽ മികച്ച രീതിയിൽ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടെ രാജ്യം ഒരിക്കൽപോലും നേരിട്ടിട്ടില്ലാത്ത മഹാമാരിയാണ് കോവിഡ്. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെതിരെ പോരാടുന്നത്. ഇനിയം ആ പോരാട്ടം ശക്തമായി തന്നെ തുടരും. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധമാണ് വർധിച്ചത്. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചു. രണ്ടാം തരംഗത്തിൽ ഓക്സിജൻ ഉത്പാദനം പത്തിരട്ടിയാക്കി വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വാക്സിൻ മാത്രമാണ് കോവിഡ് മഹാമാരിക്കെതിരെ പോരാടാനുള്ള ഏക വഴി. രാജ്യത്ത് വാക്‌സിൻ വികസിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സ്വന്തമായി രാജ്യത്ത് വാക്‌സിൻ വികസിപ്പിച്ചതിനാൽ വാക്‌സിനേഷൻ വൻ വിജയമായി മുന്നോട്ട് പോകുകയാണ്. രാജ്യത്ത് വാക്‌സിൻ ലഭ്യത കൂടുതൽ വേഗത്തിലാക്കുമെന്നും പുതുതായി രണ്ട് വാക്‌സിനുകൾ കൂടിയെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതുവരെ 23 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ വാക്സിൻ വിതരണം വർധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികൾ വിവിധ വാക്സിനുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മൂന്ന് വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്.

വെള്ളിയാഴ്ച കൂടുതൽ കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പരിഗണിക്കാനും തീരുമാനമായി. നിലവിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തിയ ശേഷം മാത്രമേ ലോക്ക് ഡൗൺ പിൻവലിക്കാവൂവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഒരു ഘട്ടത്തിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേയ്ക്ക് ഉയർന്നിരുന്നു. ലോക്ക് ഡൗൺ ഏർപ്പെടുത്തിതോടെയാണ് ഇത് കുറയാൻ ആരംഭിച്ചത്. 13. 2 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ തിരയുന്നവരെ പിടികൂടാൻ കർശന നടപടികളുമായി പോലീസ്. ഇത്തരക്കാരെ പിടികൂടാനായി പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 28 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന പേരിലാണ് പോലീസ് സംസ്ഥാനത്തൊട്ടാകെ റെയ്ഡ് നടത്തിയത്. 370 കേസുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചത്. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടന്നു. മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡ്, ലാപ്‌ടോപ്, കമ്പ്യൂട്ടർ തുടങ്ങി 429 ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങളാണ് ഇവയിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.

ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് ഇന്ന് അറസ്റ്റിലായവരിൽ പലരുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ ഫോണിൽ നിന്നും ഇത്തരം രംഗങ്ങൾ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ അത്തരക്കാർക്ക് വരെ പിടിവീഴുന്ന തരത്തിലുള്ള പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് അറിയിക്കുന്നു.

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണ പുരോഗതി വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിൽ 1.12 കോടി രൂപയും കവർച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊടകര കുഴൽപ്പണകേസ് സംബന്ധിച്ച ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കൊടകര കേസിൽ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. നടക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. അതിനാൽ തന്നെ ശക്തമായ വഴികളിലൂടെയാണ് പൊലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് പ്രത്യേക ടീം അന്വേഷണം നടത്തുന്നതെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ജനാധിപത്യവ്യവസ്ഥയെ തകർക്കാനുള്ള നീക്കം നടന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരുമെന്നും അദ്ദേഹം നിയമസഭയിൽ വിശദീകരിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിൻ സോണൽ ഓഫിസിൽ നിന്ന് മേയ് 27 ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് കത്തു നൽകിയിരുന്നു. തുടർന്ന് ആവശ്യമായ വിവരങ്ങൾ ജൂൺ 1 ന് അന്വേഷണ ഉദ്യോഗസ്ഥൻ ഇഡിയ്ക്ക് കൈമാറി. കേസന്വേഷണത്തിന്റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് ചേളന്നൂർ സ്വദേശിയായ ഷംജീറിന്റെ ഉടമസ്ഥതയിലുളള കാറിൽ കോഴിക്കോട് നിന്ന് ആലപ്പുഴയിലേക്കു കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും ഏപ്രിൽ മൂന്നിന് തൃശൂർ കൊടകര ബൈപ്പാസിൽ വച്ച് ഒരു സംഘം ആളുകൾ കവർച്ച ചെയ്തുവെന്നാണ് പരാതി.

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആർടി പിസിആർ പരിശോധനാ ഫലം ഒഴിവാക്കാനൊരുങ്ങി സർക്കാർ. ഇതിനായുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ട്.

ആഭ്യന്തര യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടൊഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തോടും വിദഗ്ധരോടും ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുകയെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദ്ദീപ് സിംഗ് പുരി അറിയിച്ചിരിക്കുന്നത്.

വിഷയത്തിൽ യാത്രക്കാരുടെ താത്പര്യമെന്താണെന്നതും പരിഗണിക്കും. നിലവിൽ കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാന യാത്ര നടന്നവർക്കാണ് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധം.

ഓരോ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരോട് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ: കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുരങ്കത്തിന്റെ ഒരു ഭാഗമെങ്കിലും തുറന്നു നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് യോഗം ചേരുക.

നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രിമാരായ കെ.രാജനും മുഹമ്മദ് റിയാസും ഇന്ന് കുതിരാൻ തുരങ്കത്തിൽ സന്ദർശനം നടത്തിയിരുന്നു. നിലവിലെ സഞ്ചാരപാത ഒരു മീറ്റർ കൂടി വീതികൂട്ടി പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും കുതിരാൻ സന്ദർശിച്ച ശേഷം റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചിരുന്നു.

നിർമ്മാണ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ സംഘം ഇന്ന് യോഗം ചേരുകയും ചെയ്തിരുന്നു. യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യങ്ങളിലൊന്നാണ് കുതിരാൻ തുരങ്കം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു നൽകുക എന്നത്. നിർമ്മാണം പൂർത്തിയാകാത്തതിനാൽ തൃശൂർ- പാലക്കാട് റൂട്ടിലുള്ള യാത്രക്കാർ ദുരിതത്തിലാകുകയാണ്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്രയ്ക്ക് വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

കോഴിക്കോട്: ബേപ്പൂർ- കൊച്ചി ജലപാത പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. ബേപ്പൂർ -കൊച്ചി ചരക്ക് നീക്കം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കടൽ വഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപണികൾക്ക് ബേപ്പൂരിൽ ഉടൻ തുടക്കമിടും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് തുറമുഖ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

ജലപാത വഴി ചരക്ക് നീക്കം ആരംഭിക്കുന്നതോടെ ചെലവ് മൂന്നിലൊന്നായി കുറയുമെന്നാണ് റിപ്പോർട്ട്. ദേശീയപാതയിലെ തിരക്കൊഴിവാക്കാനും പുതിയ സംവിധാനം സഹായകരമാകും. ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിന് ബജറ്റിൽ തുക വിലയിരുത്തിയില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് ചരക്ക് നീക്കം ആരംഭിക്കാനൊരുങ്ങുന്നത്. കൊച്ചി തുറമുഖത്ത് എത്തുന്ന ചരക്ക് നിലിവിൽ ബേപ്പൂരിൽ റോഡ് മാർഗ്ഗം എത്തിക്കാൻ 25000 രൂപയോളമാണ് ചെലവാകുന്നത്. ജലപാത വഴി ചരക്ക് നീക്കം ആരംഭിച്ചാൽ ഇതിന്റെ ചെലവ് 8,000 രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

50 കോടി രൂപയാണ് ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി കിഫ്ബിയിൽ നീക്കിവെച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോഴിക്കോട് ജില്ലാ കളക്ടറോട് തുറമുഖ മന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. തുറമുഖ മന്ത്രിയും ടൂറിസം- ഫിഷറീസ് മന്ത്രിമാരും പങ്കെടുക്കുന്ന ഉന്നതല യോഗത്തിൽ കളക്ടർ തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ വിശദമായി പരിശോധിക്കും. ഈ മാസം 11 ന് ബേപ്പൂരിൽ വെച്ചായിരിക്കും യോഗം ചേരുക.