General (Page 1,514)

കോട്ടയം: സിം കാർഡ് ബ്ലോക്ക് ആകുമെന്ന തരത്തിൽ സന്ദേശങ്ങൾ അയച്ച് പുതിയ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നു. കെവൈസി (വ്യക്തിഗത വിവരം) ഇല്ലാത്തതിനാൽ മൊബൈൽ നമ്പർ ഉടൻ സസ്‌പെൻഡ് ആകുമെന്ന് പറഞ്ഞ് ഫോണിൽ സന്ദേശങ്ങൾ അയച്ച് പണം ചോർത്തിയെടുക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

ബിഎസ്എൻഎൽ നമ്പറുകളെ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ സന്ദേശമെത്തുന്നത്. സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും, ഉടൻ തന്നെ താഴെ തന്നിരിക്കുന്ന കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടുക എന്ന തരത്തിലുള്ള സന്ദേശങ്ങളായിരിക്കും ലഭിക്കുക. ഈ നമ്പറിൽ ബന്ധപ്പെടുമ്പോൾ ഹിന്ദി കലർന്ന ഇംഗ്ലിഷിൽ ആയിരിക്കും സംസാരിക്കുക. ആദ്യം ആധാർ നമ്പർ അടക്കമുള്ളവയാണ് ഇവർ ആവശ്യപ്പെടുന്നത്. നേരിൽ വരേണ്ടതില്ലെന്നും ഒരു ലിങ്ക് അയക്കാം അതിൽ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മതിയെന്നും പിന്നീട് അറിയിക്കും.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതു ഫോൺ മറ്റ് സ്ഥലങ്ങളിൽ നിന്നു നിയന്ത്രിക്കാൻ സാധിക്കുന്ന റിമോട്ട് ആപ്ലിക്കേഷനുകൾ ആകും. ഇതിന്റെ ആക്‌സസ് നൽകുന്നതു വഴി മൊബൈൽ ഫോണിലെ ആക്ടിവിറ്റികൾ തട്ടിപ്പുകാർക്ക് കാണാൻ സാധിക്കും. അടുത്തതായി 10 രൂപയ്ക്ക് ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ റീചാർജ് ചെയ്യുമ്പോൾ റിമോട്ട് ആക്‌സസ് ആപ്പു വഴി കാർഡ് നമ്പർ, ഒടിപി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽ നിന്ന് തുക തട്ടിയെടുക്കും. ഫോണിന്റെ പ്ലാൻ അവസാനിക്കും എന്നു പറഞ്ഞും ഇതേ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: അനർഹമായി ബിപിഎൽ കാർഡ് കൈവശം വെച്ചിരിക്കുന്നവർ ഈ മാസം 30നകം തിരികെ ഏൽപ്പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ കിറ്റ് ആവശ്യമാണെങ്കിൽ അത്‌ നൽകുന്നത് തുടരുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോട് ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വരുമാനമുള്ളവർക്ക് കിറ്റ് ആവശ്യമില്ലെങ്കിൽ അത് വേണ്ടെന്ന് വെക്കാനുള്ള സംവിധാനം ഒരുക്കം. ഇതിനായുള്ള പ്രത്യേക പദ്ധതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജി ആർ അനിൽ അറിയിച്ചു.

റേഷൻകടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാൽപ്പതോളം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളെ സഹായിക്കാനുള്ള പദ്ധതിയെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ട്. കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വീടുകളിൽ എത്തിച്ചു നൽകുന്നതിനെക്കുറിച്ചും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.

ജൂലൈ മാസം ആദ്യം വരെ സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിനാണ് ഇതുവരെ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നത് തുടരേണ്ട സാഹചര്യമുണ്ടായാൽ ക്യാബിനറ്റ് കൂടി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: കാലം മാറുന്നതിനൊപ്പം മാറ്റങ്ങളുമായി കുടുംബശ്രീയും. മൊബൈൽ ഫോൺ റിപ്പയറിംഗ് മുതൽ ഓൺലൈൻ വിപണനം വരെയുള്ള ന്യൂജൻ സംരംഭങ്ങളുമായാണ് കുടുംബശ്രീയുടെ മുന്നേറ്റം. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ മാറ്റങ്ങളോടെ പുതിയ ഭാവത്തിലായിരിക്കും പ്രവർത്തനമെന്ന വ്യക്തമായ സൂചനകളാണ് സംസ്ഥാന കുടുംബശ്രീ മിഷന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ബൃഹത്തായ സ്റ്റാർട്ട് ആപ്പ് പദ്ധതികൾ മുതൽ ചെറുകിട സംരംഭങ്ങൾ വരെ കുടുംബശ്രീയിലൂടെ നടപ്പിലാക്കാനാണ് പദ്ധതി.

വൻകിട സംരംഭങ്ങൾ തുടങ്ങുക വഴി കൂടുതൽ തൊഴിൽ അവസരമുണ്ടാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംസ്ഥാന വ്യാപകമായി കുടുംബശ്രീ യൂണിറ്റുകളുടെ ഭാഗമായി തന്നെ ന്യൂജനറേഷൻ സംരംഭങ്ങൾ കൊണ്ടുവരാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

18 വയസിനും 35 വയസിനും ഇടയിലുള്ള യുവതികൾക്കായിരിക്കും ന്യൂജെൻ സംരംഭങ്ങളിൽ അംഗത്വം. ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലും ഓരോ പുതിയ യൂണിറ്റ് ഈ മാസം അവസാനത്തോടെ നിലവിൽ വരും. സംസ്ഥാനത്ത് ഇരുപതിനായിരത്തോളം വാർഡുകളാണുള്ളത്. കുടുംബശ്രീ ഏരിയാ ഡെവലപ്പ്‌മെന്റ് സൊസെറ്റിക്ക് കീഴിലായിരിക്കും ഇവയുടെ പ്രവർത്തനങ്ങൾ നടക്കുക. കേരളത്തിലെ രണ്ടേക്കാൽ ലക്ഷം കുടുംബശ്രീകളിലായി 45 ലക്ഷത്തോളം അംഗങ്ങളാണുള്ളത്. അഭ്യസ്ത വിദ്യരും സാങ്കേതിക വിദഗ്ദ്ധരുമായ യുവതലമുറ ഇതിലേക്ക് വന്നാൽ ആധുനിക കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും പ്രവർത്തിപ്പിച്ചു കൊണ്ടുള്ള സംരംഭങ്ങൾ തുടങ്ങാൻ കഴിയുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രതീക്ഷ. ഓരോ ഗ്രാമപഞ്ചായത്ത് പരിധിയിലും ഓരോ പുതിയ ന്യൂജെൻ യൂണിറ്റുകൾ ജൂൺ മാസത്തിലായിരിക്കും നിലവിൽ വരുന്നത്. അടിമുടി മാറ്റങ്ങളോടെ മുഖം മിനുക്കി എത്തുന്ന കുടുംബശ്രീകൾ നാടിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലണ്ടൻ: ലോകനികുതി രീതി പൊളിച്ചെഴുതാനൊരുങ്ങി ജി 7 രാജ്യങ്ങൾ. ലണ്ടനിൽ വെച്ച് നടന്ന ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തിലാണ് ലോക നികുതി രീതി പൊളിച്ചെഴുതാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. കോവിഡിനാനന്തര ലോകത്ത് ജനങ്ങൾക്ക് സഹായകമാകും വിധം ലോക നികുതി രീതി പൊളിച്ചെഴുതാനാണ് ധാരണയായിരിക്കുന്നത്.

വമ്പൻ കമ്പനികൾക്ക് ഇനി ഒരു രാജ്യത്തും നികുതിയിളവ് ഉണ്ടാകില്ലെന്നത് ഉൾപ്പെടെ ചരിത്രപരമായ തീരുമാനങ്ങളാണ് പുതിയ നികുതി രീതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭീമൻ കമ്പനികളിൽ നിന്ന് കുറഞ്ഞത് 15% കോർപ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ചില രാജ്യങ്ങളിലെ തീരെ കുറഞ്ഞ നികുതി രീതി അവസാനിപ്പിക്കാനും പുതിയ ലോക നികുതി രീതിയിൽ നിർദ്ദേശിക്കുന്നു.

നികുതി കുറഞ്ഞ രാജ്യങ്ങളിൽ കൂടുതൽ ലാഭം കാണിക്കുന്ന ആഗോള കമ്പനികളുടെ രീതി തടയുമെന്നും സേവനം നൽകുന്ന രാജ്യങ്ങളിൽത്തന്നെ നികുതി നൽകൽ നിർബന്ധമാക്കുമെന്നു പുതിയ രീതിയിൽ പറയുന്നു. ഗൂഗിൾ, ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികളെ പുതിയ തീരുമാനം വലിയ രീതിയിൽ ബാധിക്കുമെന്നാണ് നിഗമനം. പുതിയ നികുതി രീതിയ്ക്ക് ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ തേടാനും ജി 7 ഉച്ചകോടിയിൽ തീരുമാനമായി. അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിയിലായിരിക്കും പുതിയ ലോക നികുതി രീതി സംബന്ധിച്ച തീരുമാനം അവതരിപ്പിക്കുക.

ന്യൂഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്ക് 76,000 കോടി രൂപ നേരിട്ട് വിതരണം ചെയ്ത് കേന്ദ്ര സർക്കാർ. നടപ്പ് റാബി മാർക്കറ്റിംഗ് സീസണിൽ ഗോതമ്പ് സംഭരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം കർഷകരുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട് വിതരണം ചെയ്തത്.

പഞ്ചാബിലെ കർഷകർക്ക് മാത്രം 26,000 കോടിയിലധികം രൂപയാണ് ലഭിച്ചത്. ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 16,700 രൂപയും എത്തി. പഞ്ചാബിലും ഹരിയാനയിലും ആദ്യമായാണ് ഇത്തരത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തുന്നത്. ഓൺലൈൻ പേയ്മെന്റ് സംവിധാനം രാജ്യത്തുടനീളം സാർവ്വത്രികമായിരിക്കുകയാണ് ഇപ്പോൾ. താങ്ങുവിലയുടെ നേരിട്ടുളള കൈമാറ്റം ഏറ്റവും അവസാനം ലഭിച്ചത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്കാണ്.

44.4 ലക്ഷം കർഷകർക്കാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം നേട്ടമുണ്ടായതെന്നാണ് ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒറ്റ ദിവസം തന്നെ ധാരാളം ഇടപാടുകൾ നടക്കുന്നതിനാൽ ഈ തുക കർഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുറത്തിറക്കിയതോ പ്രതിഫലം കൊടുത്തതോ ആയ തുകയിലുളള വ്യത്യാസത്തിന് ദിവസങ്ങൾക്കുളളിൽ പരിഹാരം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു. ഈ സീസണിൽ ഗോതമ്പ് സംഭരണ ലക്ഷ്യം ആറു ലക്ഷം ടൺ കൂടി കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. 433 ലക്ഷം ടൺ ആണ് ഇത്തവണത്തെ ഗോതമ്പ് സംഭരണം ലക്ഷ്യം.

തിരുവനന്തപുരം; സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ സാന്നിദ്ധ്യം അറിയിച്ച് കേരളാ പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്കൗണ്ട് എടുത്ത വിവരം കേരളാ പോലീസ് ജനങ്ങളെ അറിയിച്ചത്. വളരെ രസകരമായ രീതിയിലാണ് പോലീസ് ഈ വിവരം പൊതുജനങ്ങളുമായി പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും, ഒപ്പം കൂടിക്കോ’ എന്നാണ് ക്ലബ് ഹൗസ് ലിങ്ക് സഹിതം ഷെയർ ചെയ്ത് കൊണ്ട് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ കേരളാ പൊലീസ് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

മലയാളികളുടെ പ്രിയ ഹാസ്യതാരമായ കൊച്ചിൻ ഫനീഫയുടെ ചിത്രം ഉപയോഗിച്ച് രസകരമായ ഒരു മീമിയും പോലീസ് ഒരുക്കിയിട്ടുണ്ട്. വ്യാജ ഐ.ഡികളെ നിയന്ത്രിക്കാനും ചർച്ചകൾ നിരീക്ഷിക്കാനും പോലീസിന് ക്ലബ് ഹൗസിൽ അക്കൗണ്ട് ആവശ്യമാണ്. അതിനാലാണ് ക്ലബ് ഹൗസിൽ അക്കൗണ്ട് ആരംഭിക്കാൻ പോലീസ് തീരുമാനിച്ചത്.

ക്ലബ് ഹൗസിൽ തങ്ങളുടെ വ്യാജ ഐ.ഡികൾ ഉണ്ടാക്കിയതായി പരാതിപ്പെട്ട് നിരവധി സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, നിവിൻ പോളി, ആസിഫ് അലി, സാനിയ അയ്യപ്പൻ എന്നിങ്ങനെ നിരവധി സിനിമാ താരങ്ങളാണ് ക്ലബ് ഹൗസിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതായി അറിയിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് പോലീസ് ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയത്.

കൊച്ചി: ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതി വ്യാപകമാകുന്നു. കോവിഡ് വൈറസ് വ്യാപനത്തോടെ രാജ്യത്തെ സംസ്ഥാനങ്ങളിൽ പലതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിന് സർക്കാർ സാവകാശം നൽകിയിരുന്നു. എന്നാൽ അഞ്ചു കോടി രൂപ വാർഷിക വിറ്റുവരവുള്ളവർ ഒൻപത് ശതമാനം പലിശ അടയ്ക്കണമെന്നാതാണ് വ്യാപാരികളെ കുഴപ്പിക്കുന്നത്.

ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ളവരാണ്. ഇവരെല്ലാം ലേറ്റ് ഫീ ഇനത്തിൽ ഒൻപത് ശതമാനം പലിശയും ചേർത്ത് തുക അടയ്ക്കാൻ നിർബന്ധിതരാകുകയാണ്. ഇത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നാണ് ജിഎസ്ടി രംഗത്തുള്ളവർ പറയുന്നത്.

മെയ് 20 നായിരുന്നു ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ടത്. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടീ നൽകുകയായിരുന്നു.

തിരുവനന്തപുരം: എന്റെ മരം എന്റെ സ്വപ്നം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഫല വൃക്ഷ തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വന്തം വസതിയിൽ മരം നട്ടായിരുന്നു മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ ഭാര്യാപിതാവ് യശ:ശരീരനായ പി ഗോവിന്ദപിള്ളയുടെ നാമത്തിലാണ് അദ്ദേഹം മരം നട്ടത്. ചാമ്പക്കയാണ് അദ്ദേഹം നട്ടത്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചത്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റിയാണ് പദ്ധതി സംഘടിപ്പിച്ചത്. എസ് പി സി കേഡറ്റുകളും സിറ്റി നോഡൽ ഓഫീസിലെ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരുകോടി ഫല വൃക്ഷതൈകൾ കേരളമെമ്പാടും നട്ടു പിടിപ്പിച്ചു പരിപാലിക്കുമെന്ന് ചടങ്ങിൽ കേഡറ്റുകൾ പ്രതിജ്ഞ ചെയ്തു. പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി രവി പൂജാരി. നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക് വെടിയുതിർക്കാൻ തനിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവാണെന്ന് രവി പൂജാരി പോലീസിനോട് വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലാണ് രവി പൂജാരി പോലീസിനോട് ഇക്കാര്യങ്ങൾ തുറന്നു സമ്മതിച്ചത്. കാസർഗോഡ് സ്വദേശിയായ ജിയ, മൈസൂർ സ്വദേശിയായ ഗുലാം തുടങ്ങിയവർ മുഖേനയാണ് താൻ ഗുണ്ടാനേതാവുമായി ഇടപെടലുകൾ നടത്തിയതെന്നും രവി പൂജാരി പറഞ്ഞു.

ഫോണിൽ വിളിച്ച് ക്വട്ടേഷനെക്കുറിച്ച് തന്നെ അറിയിച്ചത് ഗുലാമാണ്. തുടർന്ന് ലീനാ മരിയാ പോളിനെ വാട്സ്ആപ്പ് കോൾ വഴി മൂന്ന് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും രവി പൂജാരി വ്യക്തമാക്കി. ഗുണ്ടാനേതാവിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ജിയ ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രവി പൂജാരിയുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് അനുമതി ഉള്ളത്. കേസിൽ വിശദമായ അന്വേഷണം നടത്താനായി കസ്റ്റഡി കാലാവധി നീട്ടി നൽകാനായി കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. തിങ്കളാഴ്ച്ച ക്രൈംബ്രാഞ്ച് കോടതിയിൽ ഇത് സംബന്ധിച്ച അപേക്ഷ നൽകും എന്നാണ് വിവരം.

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സുമാർ മരിച്ചു. സൗദിയിലെ നജ്‌റാനിലാണ് അപകടം ഉണ്ടായത്. കോട്ടയം സ്വദേശിനിയായ ഷിൻസി ഫിലിപ്പും തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയനുമാണ് മരിച്ചത്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് ഇരുവരും. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സ്‌നേഹ, റിൻസി, വാഹനത്തിന്റെ ഡ്രൈവറായ അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാൻ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സൗദിയിലെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളാണ് തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.