തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അദ്ധ്യക്ഷനാക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഭരണപരിഷ്ക്കരണ കമ്മീഷൻ വെറും നോക്കുകുത്തിയായിരുന്നവെന്നതിന്റെ തെളിവുകൾ പുറത്ത്. കമ്മീഷൻ നൽകിയ റിപ്പോർട്ടുകളൊന്നും ഇതുവരെ നടപ്പായില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ ഭരണപരിഷ്ക്കരണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകളൊന്നും നടപ്പായില്ലെന്ന വിവരം വ്യക്തമാക്കിയത്. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്ണുനാഥിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതുവരെയായി 13 ഓളം റിപ്പോർട്ടുകളാണ് കമ്മീഷൻ സർക്കാരിനു മുന്നിൽ സമർപ്പിച്ചത്. 10,79,29,050 രൂപയാണ് ശമ്പളം അടക്കമുള്ള കമ്മീഷന് വേണ്ടി ചെലവഴിച്ചത്. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ വിലയിരുത്തി അതിന്മേൽ തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി ചീഫ് സെക്രട്ടറി ചെയർമാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജിലൻസിന്റെ പരിഷ്കാരം സംബന്ധിച്ച് 2017 ലായിരുന്നു കമ്മീഷൻ ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. പിന്നീട് 2018 ൽ രണ്ട് റിപ്പോർട്ടുകളും 2019 ൽ ഒരെണ്ണവും 2020 ൽ നാലു റിപ്പോർട്ടുകളും 2021 ൽ അഞ്ചെണ്ണം കമ്മീഷൻ സമർപ്പിച്ചിരുന്നു. 2021 ഏപ്രിൽ മാസമാണ് കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ചത്.

