കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ ഫലം ഒഴിവാക്കാൻ സാധ്യത

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആർടി പിസിആർ പരിശോധനാ ഫലം ഒഴിവാക്കാനൊരുങ്ങി സർക്കാർ. ഇതിനായുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ട്.

ആഭ്യന്തര യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടൊഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തോടും വിദഗ്ധരോടും ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുകയെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദ്ദീപ് സിംഗ് പുരി അറിയിച്ചിരിക്കുന്നത്.

വിഷയത്തിൽ യാത്രക്കാരുടെ താത്പര്യമെന്താണെന്നതും പരിഗണിക്കും. നിലവിൽ കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാന യാത്ര നടന്നവർക്കാണ് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധം.

ഓരോ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരോട് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.