തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്.
വെള്ളിയാഴ്ച കൂടുതൽ കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പരിഗണിക്കാനും തീരുമാനമായി. നിലവിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തിയ ശേഷം മാത്രമേ ലോക്ക് ഡൗൺ പിൻവലിക്കാവൂവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഒരു ഘട്ടത്തിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേയ്ക്ക് ഉയർന്നിരുന്നു. ലോക്ക് ഡൗൺ ഏർപ്പെടുത്തിതോടെയാണ് ഇത് കുറയാൻ ആരംഭിച്ചത്. 13. 2 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

