General (Page 1,512)

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നിറവേറുന്നു. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകി. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നൽകാനും തീരുമാനിച്ചു.

തിരുവനന്തപുരത്ത് വാക്‌സിൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് മന്ത്രസഭ തത്വത്തിൽ അംഗീകാരം നൽകി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടി രൂപയായി പുതുക്കാനും തീരുമാനമായി.

ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ് ലിമിറ്റഡ് കമ്പനിയെ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 27 താൽക്കാലിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മിജിസ്ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാൻ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകളായിരിക്കും അനുവദിക്കുക.

തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ജൂൺ 30 നകം കമ്പനി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ പുനരുജ്ജീവനത്തിനായുള്ള ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ സഫലമാകുന്നത്.

കോട്ടയം വെള്ളൂരിൽ സംസ്ഥാന സർക്കാർ നൽകിയ 700 ഏക്കറിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് വർഷം മുൻപാണ് ഉത്പാദന പ്ലാന്റ് അടച്ചുപൂട്ടിയത്. യൂണിറ്റ് സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിച്ചതോടെയാണ് കമ്പനി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നയിക്കുന്ന ഏഴംഗ സമിതി ഉടൻ തന്നെ വ്യാവസായിക യൂണിറ്റ് സന്ദർശിച്ച് പ്രവർത്തന പദ്ധതി തയ്യാറാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

എച്ച് എൻ എൽ കമ്പനി വീണ്ടും തുറക്കുന്നതിനു പുറമേ, ഭൂമി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി തയ്യാറാക്കാൻ കിൻഫ്രയ്ക്ക് നിർദ്ദേശം നൽകിയതായി വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. എച്ച് എൻ എല്ലിന്റെ നിയന്ത്രണത്തിനായി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു. ജൂലൈ ആദ്യം ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് മരണം കാത്ത് കിടന്നിരുന്ന ബെക്‌സ് കൃഷ്ണന് ഒരു പുതിയ ജീവിതം ലഭിച്ചപ്പോൾ എല്ലാവരും നന്ദി അറിയിക്കുന്നത് വ്യവസായിയായ എം എ യൂസഫലിക്കാണ്. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടു മാത്രമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദാബിയിൽ ജയിലിൽ കഴിഞ്ഞ തൃശൂർ സ്വദേശിയായ ബെക്‌സ് കൃഷ്ണന് ജീവനും ജീവിതവും തിരികെ കിട്ടിയത്. ബെക്‌സിന്റെ ജീവൻ രക്ഷിക്കാൻ കാണിച്ച സന്മനസിന് വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദങ്ങളും പ്രശംസയും എത്തുമ്പോൾ യൂസഫലിയ്ക്ക് പറയാനുള്ളത് ഒന്നു മാത്രം. പണമല്ല വലുത്, അദ്ദേഹം ഒരു ജീവനാണ്.

അദ്ദേഹത്തിന് ഒരു കുടുംബമുണ്ട്. ചിലപ്പോൾ പണം കൊടുത്താലും ജീവൻ തിരികെ കിട്ടിയില്ലെന്ന് വരാം. ദിയാധനം കെട്ടിവെച്ചാൽ അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിയുമെന്ന സാധ്യത ഉള്ളതുകൊണ്ടാണ് പണം കെട്ടിവെച്ചത്. മനുഷ്യൻ മനുഷ്യനാണ് ഉപകാരം ചെയ്യേണ്ടത്. ആ നിലയ്ക്കാണ് പണം കൊടുത്തുവിട്ടതെന്നും യൂസഫലി പറയുന്നു.

കൊച്ചിയിൽ നടന്ന ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് ബെക്സ് കൃഷ്ണനെ സഹായിക്കാൻ തയ്യാറായതെന്ന് ചിലർ യൂസഫലിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. എത്രയോ മാസങ്ങൾക്ക് മുൻപ് തന്നെ ബെക്‌സ് കൃഷ്ണനെ രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്നും ഹെലികോപ്ടർ അപകടത്തിന് ശേഷമെടുത്ത തീരുമാനമല്ലിതെന്നും യൂസഫലി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 4 നാണ് കോടതിയിൽ 500000 ദിർഹം കെട്ടിവെച്ചത്. അതിന്റെ റെസീപ്റ്റ് പോലും കൈയിലുണ്ട്. ഒരു പേരിന് വേണ്ടിയല്ല താൻ സഹായം ചെയ്തതെന്നും അതിന് വേണ്ടിയായിരുന്നെങ്കിൽ ജനുവരിയിൽ തന്നെ ഇക്കാര്യം പുറത്തുവിടേണ്ടതാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് ബെക്‌സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി ഒരു സുഡാൻ ബാലൻ മരണപ്പെട്ടിരുന്നു. ഈ കേസിലാണ് ബെക്‌സ് കൃഷ്ണൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ബെക്‌സ് കൃഷ്ണന്റെ ശിക്ഷ റദ്ദ് ചെയ്യാൻ കഴിഞ്ഞത്. 2012 സെപ്തംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. 2013 ൽ യുഎഇ സുപ്രീം കോടതി ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു.

എല്ലാ പ്രതീക്ഷകളും അവസാനിച്ച് മരണം കാത്ത് കഴിയവെയാണ് രക്ഷകനായി യൂസഫലി എത്തുന്നത്. ബന്ധു സേതു വഴി എം.എ.യൂസഫലിയോട് ബെക്‌സ് കൃഷ്ണന്റെ മോചനത്തിനായി ഇടപെടാൻ സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ഇടപെടൽ. വർഷങ്ങൾ നീണ്ട ശ്രമഫലമായി ഒടുവിൽ ബെക്‌സ് കൃഷ്ണൻ ജയിൽ മോചിതനായി. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കെട്ടിവെയ്ക്കാനും തയ്യാറായി. അങ്ങനെ വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷം ബെക്‌സിന് ജന്മനാട്ടിൽ തിരികെ എത്താൻ അവസരം ലഭിച്ചു.

ഡർബൻ: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ എല ഗാന്ധിയുടെ മകൾ ആശിഷ് ലത രാംഗോബിന് കോടതി തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡർബൻ കോടതിയുടേതാണ് വിധി. ഏഴു വർഷമാണ് തടവ് ശിക്ഷ.

വ്യവസായിയായ എസ്.ആർ. മഹാരാജ് എന്നയാളാണ് ആശിഷ് ലത രാംഗോബിനെതിരെ പരാതി നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ഇല്ലാത്ത ചരക്കിന് ഇറക്കുമതി-കസ്റ്റംസ് തീരുവകൾ ക്ലിയർ ചെയ്യുന്നതിനായി പണം തട്ടിച്ചുവെന്നാണ് ആശിഷ് ലത രാംഗോബിനെതിരെയുള്ള പരാതി. ഇയാൾക്ക് ലാഭവിഹിതത്തിന്റെ ഒരു വിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷമായിരുന്നു തട്ടിപ്പ്. വ്യാജരേഖ ചമക്കൽ അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ആറ് മില്യൺ റാൻഡിന്റെ ( ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിപ്പാണ് ഇവർ നടത്തിയത്. സൗത്ത് ആഫ്രിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് നെറ്റ്‌കെയറിനായി മൂന്ന് കണ്ടെയ്‌നർ ലിനൻ ഇറക്കുമതി ചെയ്തുവെന്ന് പറഞ്ഞാണ് ഇവർ ന്യൂ ആഫ്രിക്ക അലയൻസ് ഫൂട്ട് വെയർ ഡിസിട്രിബ്യൂട്ടേഴ്‌സ് ഡയറക്ടർ ആയിരുന്ന മഹാരാജിനെ സമീപിച്ചത്. തെളിവിനായി ചില വ്യാജരേഖകളും ഇവർ മഹാരാജിന് നൽകിയിരുന്നു. എന്നാൽ പിന്നീട് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് മഹാരാജ് ഇവർക്കെതിരെ പരാതി നൽകിയത്.

electricity

തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായുള്ള കരട് പദ്ധതി കേന്ദ്ര ഊർജ മന്ത്രാലയം തയ്യാറാക്കിയതായതായാണ് വിവരം. അഭിപ്രായ സമന്വയത്തിനായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതിരേഖ കൈമാറിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം മുഴുവൻ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏർപ്പെട്ട ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടിവരും.

വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നു രൂപയാണ് നിലവിലെ വില. ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയ്ക്ക് ആറു രൂപവരെയാണ് നൽകേണ്ടത്. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ 6.05 രൂപയാണ് ചെലവ് വരുന്നത്. വൈദ്യുതി ഏകീകരണം നടപ്പിലാകുമ്പോൾ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയെങ്കിലും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2013 ൽ രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് ‘നാഷണൽ ഗ്രിഡ്’ കമ്മീഷൻ ചെയ്തതിന് സമാനമായി വൈദ്യുതീകരണത്തിൽ ഏകീകരണം നടത്താനാണ് സർക്കാരിന്റെ ലക്ഷ്യം. വൈദ്യുതി ഉത്പാദക കമ്പനികളിൽനിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതാത് സംസ്ഥാനങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെയും ചെലവും കണക്കാക്കിയാണ് നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത്.

പുതിയ പദ്ധതി അനുസരിച്ച് പരമാവധി വില കേന്ദ്ര സർക്കാരായിരിക്കും നിശ്ചയിക്കുക. സ്ഥാനങ്ങൾക്ക് ആവശ്യമുള്ള വൈദ്യുതി ഒരു ദിവസം മുമ്പ് ഷെഡ്യൂൾ ചെയ്ത് വാങ്ങാം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം. യൂണിറ്റിന് ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന കമ്പനിയിലേക്ക് ആവശ്യക്കാർക്ക് മാറാം എന്ന സവിശേഷതയും പദ്ധതിയ്ക്കുണ്ട്.

തൃശൂർ: കൊടകര കേസിൽ വഴിത്തിരിവ്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും തങ്ങളുടേതാണെന്ന് പരാതിക്കാരനായ ധർമരാജൻ വ്യക്തമാക്കി. പോലീസ് കണ്ടെടുത്ത പണവും വാഹനവും തിരികെ നൽകാൻ ധർമരാജനും സുനിൽ നയിക്കും ഷംസീറും ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കവർച്ചക്കാരിൽ നിന്നും കണ്ടെടുത്ത പണം തിരികെ നൽകണമെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ബിസിനസ് ഇടപാടിലൂടെ ലഭിച്ച തുകയാണ് ഇതെന്നാണ് ഹർജിയിൽ പറയുന്നത്. ഡൽഹിയിലുള്ള ഗോവിന്ദ് എന്ന മാർവാഡി ബിസിനസ്‌ ഇടപാടിന്റെ ഭാഗമായി കൊടുത്തു വിട്ട പണം കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്നും ഇതിന് എനിക്ക് കമ്മീഷൻ ലഭിക്കുമെന്നും ധർമരാജൻ വിശദീകരിക്കുന്നു.

വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ കൊടകര കേസിൽ അപ്രതീക്ഷിതമായ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിജെപിയും പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനും വരെ സംശയത്തിന്റെ നിഴലിലാണ്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധർമരാജന്റേത്.

തൃശ്ശൂർ: റെയ്ഡിനിടെ പിടിച്ചെടുത്ത സ്പിരിറ്റ് സാനിറ്റൈസറാക്കി ആശുപത്രികൾക്ക് വിതരണം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ. എക്‌സൈസ് സംഘം പരിശോധനക്കിടെ പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റാണ് 1240 ലിറ്റർ സാനിറ്റൈസറാക്കി ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രധാന ആശപത്രികൾക്കും വിതരണം ചെയ്തത്. തൃശൂർ എക്‌സൈസ് ഓഫീസാണ് ഇത്തരമൊരു മാതൃകാ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് എക്‌സൈസ് സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ സ്പിരിറ്റാണ് സാനിറ്റൈസറാക്കി വിതരണം ചെയ്തത്.

പിടിച്ചെടുത്ത് സ്പിരിറ്റ് കോടതി നടപടികൾക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശം നൽകുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റ് സാനിറ്റെസറാക്കി മാറ്റിയത്.

തൃശൂരിലെ 2 ജനറൽ ആശുപത്രികളിലും 2 ജില്ലാ ആശുപത്രികളിലും 6 താലൂക്ക് ആശുപത്രികളിലും 25 സി.എച്ച്.സികളിലും 79 പി.എച്ച്.സികളിലും ജില്ലയിലെ സി.എഫ്.എൽ.ടി.സികൾക്കുമാണ് എക്സൈസ് സാനിറ്റൈസർ നൽകിയത്. ഡെപ്യൂട്ടി ഡി.എം.ഒ. കെ.എൻ. സതീഷിന് ജില്ലാ കലക്ടർ എസ് ഷാനവാസാണ് സാനിറ്റൈസറുകൾ കൈമാറിയത്. അസി. എക്‌സൈസ് കമ്മീഷണർ വി.എ. സലിം, എക്‌സൈസ് വിമുക്തി കോർഡിനേറ്റർ കെ.കെ. രാജു, റെജി ജിയോ തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

മലപ്പുറം: മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ ചോർന്നു. പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തി വിവരങ്ങളാണ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന വിധം ഓൺലൈനിൽ പരസ്യമായത്. പെരിന്തൽമണ്ണ താലൂക്കിൽ 2019-ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച ആളുകളുടെ പേര്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി. കോഡ് തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്.

സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പടെ വലിയ രീതിയിൽ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ സഹായം സ്വീകരിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതിൽ മൊബൈൽ, നമ്പറോ ബാങ്ക് വിവരങ്ങളോ ഇല്ല. എന്നാൽ ഈ വിവരങ്ങളെല്ലാം അടങ്ങിയ ഡേറ്റയാണ് ചോർന്നിരിക്കുന്നത്. 2019 ഡിസംബറിൽ 10,000 രൂപ ബാങ്ക് അക്കൗണ്ടിൽ കൈപറ്റിയവരുടെ വിവരങ്ങളാണിത്. ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ആളുകളുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ച് വലിയ തട്ടിപ്പുകൾ നടത്താൻ വരെ ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധ സംഘം പറയുന്നത്.

ജലന്ധർ: 1984 ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഭിന്ദ്രൻവാലെയെ പ്രകീർത്തിക്കുന്ന പോസ്റ്റിട്ടതിന് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിലുള്ള വ്യക്തിയോടോ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടോ തനിക്ക് യോജിപ്പില്ലെന്നും സംഭവിച്ച തെറ്റ് താൻ അംഗീകരിക്കുന്നുവെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

വാട്‌സാപ്പ് വഴി ലഭിച്ച സന്ദേശം വേണ്ടത്ര പരിശോധിക്കാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണെന്നും താരം വിശദീകരിച്ചു. രാജ്യത്തിനായി പോരാടുന്ന ഒരു സിഖുകാരനാണ് താൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. രാജ്യത്തെ ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച താൻ രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ലെന്നും ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ മുപ്പത്തിയേഴാം വാർഷിക ദിനവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട ഖാലിസ്താൻ വിഘടനവാദി ഭിന്ദ്രൻവാലെയെ പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിൽ ഹർഭജൻ സിംഗ് പോസ്റ്റ് ചെയ്തത്. ഭിന്ദ്രൻവാലെയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ‘അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ് പങ്കുവെച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഹർഭജൻ സിംഗിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെയാണ് താരം മാപ്പപേക്ഷയുമായി എത്തിയത്.

club house

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയിൽ ട്രെൻഡിംഗ് ആയി മാറിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഓഡിയോ ചാറ്റിംഗിലൂടെയുള്ള ഒരു സൈബർ കൂട്ടായ്മയാണിത്. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ലൈവ് ശബ്ദ ചാറ്റാണ് ക്ലബ് ഹൗസ്. ഒരു തരത്തിലുമുള്ള റെക്കോർഡിംഗും ക്ലബ് ഹൗസിൽ സാധ്യമല്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റെഫറൻസ് വഴിയോ ഇൻവിട്ടേഷൻ വഴിയോ മാത്രമായിരുന്നു ആളുകൾക്ക് ക്ലബ് ഹൗസിലേക്ക് പ്രവേശനം ലഭിച്ചിരുന്നത്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യൂസർനെയിം വഴി ക്ലബ് ഹൗസിൽ അംഗത്വം എടുക്കാൻ ഉള്ള മാർഗവും ഇപ്പോൾ ക്ലബ് ഹൗസിൽ ആരംഭിച്ചിട്ടുണ്ട്.

മാർച്ച് 2020-ൽ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലാണ് ആദ്യം ക്ലബ് ഹൗസ് ആരംഭിച്ചത്. 2021 മെയ് മാസം ആൻഡ്രോയ്ഡിൽ ക്ലബ് ഹൗസ് ലഭ്യമായി തുടങ്ങി. ധാരാളം പേരാണ് ഇതോടെ ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയത്. പാട്ടു പാടാനും വിവിധ വിഷയങ്ങളിൽ ചർച്ച നടത്താനും ലോക്ക് ഡൗണിനിടെയുള്ള വിരസത മാറ്റാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനുമുള്ള ഇടമായി ക്ലബ് ഹൗസ് മാറി.

അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾ നടത്താൻ വരെ ക്ലബ് ഹൗസിലൂടെ കഴിയും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ റേസ് ദി ഹാൻഡ് എന്ന ബട്ടൺ അമർത്തിയാൽ മോഡറേറ്റർ നിങ്ങൾക്ക് സംസാരിക്കാനുള്ള അവസരമൊരുക്കുന്നതായിരിക്കും. കേൾവിക്കാരൻ മാത്രമായി തുടരാനുള്ള അവസരവും ക്ലബ് ഹൗസ് ഒരുക്കുന്നുണ്ട്.

പുസ്തക നിരൂപണം, പ്രോഡക്ട് ലോഞ്ച്, മീറ്റ് ദി സ്റ്റാർ തുടങ്ങിയുള്ള മാർക്കറ്റിങ്ങ്, ബ്രാന്റിങ്ങ് ആവശ്യങ്ങൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. പങ്കെടുക്കുന്ന ആളുകളുടെ ഉചിതം പോലെ ക്ലബ്ഹൗസ് ഉപയോഗിക്കാം. ചിലർ സമയം ചെലവഴിക്കാനായിട്ടായിരിക്കും ക്ലബ് ഹൗസിൽ കേറുന്നത്. എന്നാൽ ചിലർക്ക് ഇത് മറ്റുള്ളവരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ്. ഫലപ്രദമായ രീതിയിൽ വിനിയോഗിച്ചാൽ വിജ്ഞാനവും അറിവും ആർജിച്ചെടുക്കാനും ക്ലബ് ഹൗസ് സഹായിക്കും.

ക്ലബ്ബ്ഹൗസ് അക്കൗണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രൊഫൈൽ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണം. സ്വയമായി നൽകുന്ന വിവരങ്ങളിലൂടെ നമ്മളെ ഫോളോ ചെയ്യാൻ സാധിക്കും. കീ വേഡ് ഉപയോഗിച്ചുള്ള തിരച്ചിലുകളിൽ അപ്രകാരമുള്ള പ്രൊഫൈലുകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടേക്കാം. ലിങ്കിഡ്ഇൻ, ഇൻസ്റ്റഗ്രാം ലിങ്ക് പ്രഫൈലുകൾ എന്നിവ ക്ലബ് ഹൗസിൽ ഷെയർ ചെയ്യാനും സാധിക്കും. ഒരു മോഡറേറ്റർ ആണെങ്കിൽ ക്ലബ് ഉണ്ടാക്കി സംസാരിക്കുമ്പോൾ കൃത്യമായും ആധികാരികമായി സംസാരിക്കുകയും ചർച്ച നയിക്കുകയും ചെയ്യണം. ക്ലബിലെ അംഗങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് നല്ല വിഷയങ്ങൾ വേണം ചർച്ചയ്ക്ക് തെരഞ്ഞെടുക്കേണ്ടത്.

അതേസമയം എല്ലാ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമിനെയും പോലെ ക്ലബ് ഹൗസിനും പോരായ്മകളുണ്ട്. തട്ടിപ്പിനുള്ള സാധ്യതയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനുള്ള സാധ്യതയുമെല്ലാം ഇതിലുണ്ട്. ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തതായി പരാതിപ്പെട്ട് നിരവധി സിനിമാ താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.