തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ തിരയുന്നവരെ പിടികൂടാൻ കർശന നടപടികളുമായി പോലീസ്. ഇത്തരക്കാരെ പിടികൂടാനായി പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 28 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന പേരിലാണ് പോലീസ് സംസ്ഥാനത്തൊട്ടാകെ റെയ്ഡ് നടത്തിയത്. 370 കേസുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചത്. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടന്നു. മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡ്, ലാപ്‌ടോപ്, കമ്പ്യൂട്ടർ തുടങ്ങി 429 ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങളാണ് ഇവയിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് ഇന്ന് അറസ്റ്റിലായവരിൽ പലരുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ ഫോണിൽ നിന്നും ഇത്തരം രംഗങ്ങൾ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ അത്തരക്കാർക്ക് വരെ പിടിവീഴുന്ന തരത്തിലുള്ള പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് അറിയിക്കുന്നു.

