കുതിരാൻ തുരങ്കം; ഒരു ഭാഗമെങ്കിലും തുറന്നു നൽകാൻ പദ്ധതിയിട്ട് സർക്കാർ

തൃശൂർ: കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുരങ്കത്തിന്റെ ഒരു ഭാഗമെങ്കിലും തുറന്നു നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് യോഗം ചേരുക.

നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രിമാരായ കെ.രാജനും മുഹമ്മദ് റിയാസും ഇന്ന് കുതിരാൻ തുരങ്കത്തിൽ സന്ദർശനം നടത്തിയിരുന്നു. നിലവിലെ സഞ്ചാരപാത ഒരു മീറ്റർ കൂടി വീതികൂട്ടി പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും കുതിരാൻ സന്ദർശിച്ച ശേഷം റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചിരുന്നു.

നിർമ്മാണ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ സംഘം ഇന്ന് യോഗം ചേരുകയും ചെയ്തിരുന്നു. യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യങ്ങളിലൊന്നാണ് കുതിരാൻ തുരങ്കം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു നൽകുക എന്നത്. നിർമ്മാണം പൂർത്തിയാകാത്തതിനാൽ തൃശൂർ- പാലക്കാട് റൂട്ടിലുള്ള യാത്രക്കാർ ദുരിതത്തിലാകുകയാണ്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്രയ്ക്ക് വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.