General (Page 1,470)

കോട്ടയം: ജനസംഖ്യാ വർദ്ധനവ് പിന്തുണച്ചു കൊണ്ട് പാലാ രൂപത പുറത്തിറക്കിയ സർക്കുലറിനെ പിന്തുണച്ച് പി സി ജോർജ്. സർക്കുലർ ന്യായമാണെന്നാണ് പി സി ജോർജ് അഭിപ്രായപ്പെടുന്നത്. ക്രൈസ്തവ വിഭാഗങ്ങൾ ജനസംഖ്യാ വർധനവിൽ വളരെ പിന്നിലാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം ജനസംഖ്യ നിയന്ത്രണം കൊണ്ടു വന്നാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു.

ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിക്കുക എന്ന് പറയുന്നത് എന്ത് ന്യായമാണ്? നിയന്ത്രിക്കുന്നെങ്കിൽ എല്ലാവരും നിയന്ത്രിക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു. ജനസംഖ്യയുടെ അനുപാതം തെറ്റുന്നത് ശരിയല്ല. കുട്ടികൾ കൂടുതൽ വേണമെന്നതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചാണ് പാലാ രൂപത സർക്കുലർ പുറത്തിറക്കിയത്. ധനസഹായമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുമെന്നാണ് പ്രഖ്യാപനം. ജീവന്റെ മഹത്വത്തെ കുറിച്ച് നിരന്തരമായി ചർച്ച ചെയ്യുന്ന കത്തോലിക്കാ സഭയുടെ പ്രോ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. 2000 ത്തിന് ശേഷം വിവാഹിതരായവരിൽ അഞ്ച് കുട്ടികളിൽ കൂടുതലുള്ളവർക്ക് പ്രതിമാസ ധനസഹായം നൽകുമെന്നും സ്‌കോളർഷിപ്പ് നൽകുമെന്നും ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പാലാ രൂപത വ്യക്തമാക്കിയിട്ടുണ്ട്. നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാർ സ്ലീവ മെഡിസിറ്റി സൗജന്യമായി നൽകുമെന്നും പാലാ രൂപത വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈ: മനുഷ്യത്തല ഭക്ഷിക്കുന്ന സന്ന്യാസിമാരുടെ ദൃശ്യം പുറത്ത്. കേരള അതിർത്തിയിൽ നിന്ന് വെറും 52 കിലോ മീറ്റർ മാത്രം അകലെ നിന്നുള്ള പാവൂർ സത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. പാവൂർസത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് മൃതശരീരത്തിന്റെ തല ഭക്ഷിക്കുന്ന വിഡിയോ പ്രചരിച്ചത്. നാലു സ്വാമിമാർ മൃതദേഹത്തിന്റെ തല ഭക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ആടിമാസത്തിലെ കർക്കടകം പഞ്ഞത്തിൽ നിന്നു കരകയറാനും ചിങ്ങത്തിൽ നല്ല വിളവു ലഭിക്കാനുമാണ് ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. ആടിമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവം. കല്ലാരണി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവർ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തും. പതിറ്റാണ്ടുകളായി ഇവിടെ ഇത്തരം ആചാരം നടന്നു വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വേട്ടയ്ക്കായി ചുടുകാട്ടിൽ പോകുന്ന സ്വാമി അവിടെ നിന്ന് മൃതദേഹത്തിന്റെ കയ്യോ കാലോ തലയോ എടുത്ത ശേഷം തിരിച്ചെത്തും. ഉത്സവത്തിനു മുൻപുള്ള ദിവസങ്ങളിൽ ഈ ഗ്രാമത്തിൽ മരിക്കുന്നയാളിന്റെ മൃതദേഹം പകുതി മാത്രമേ ദഹിപ്പിക്കൂ. ആ ശരീരമാണ് പൂജാരി ഭക്ഷണത്തിനായി കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. മനുഷ്യത്തല ഭക്ഷിക്കുന്ന നാലു സ്വാമിമാർക്കും ക്ഷേത്രഭാരവാഹികളായ പത്ത് പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം. കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. 40 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 9 വീടുകളും മേഘവിസ്‌ഫോടനത്തിൽ തകർന്നു. കിഷ്‌വാറിലെ ഹൊൻസാറിലാണ് മേഘവിസ്ഫോടനമുണ്ടായത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മേഖലയിൽ നിന്നും കാണാതായവരെ കണ്ടെത്താനായി ദുരന്ത നിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്. ഏതാനും ദിവസങ്ങളായി ജമ്മു മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജൂലായ് അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ജലാശയങ്ങളുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 13 ന് വർഷകാല സമ്മേളനം അവസാനിക്കും മുൻപു വിവരങ്ങൾ ക്രോഡീകരിച്ചു പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോവിഡ് വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിച്ചിരുന്നു. ആശുപത്രി കിടക്കകൾ, മരുന്ന്, വാക്‌സിൻ, ഓക്‌സിജൻ എന്നിവയുടെ ലഭ്യത വളരെ കുറയുന്ന അവസ്ഥ ഉണ്ടായി. ഓക്‌സിജൻ ദൗർലഭ്യത്തെ തുടർന്ന് നിരവധി പേർ മരണപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്നും ഓക്‌സിജൻ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഓക്‌സിജൻ വിതരണം സംബന്ധിച്ച പരാതികളുമായി നിരവധി സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. ഓക്‌സിജൻ വിതരണം ഉറപ്പാക്കാൻ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിനുകൾക്കും സർക്കാർ തുടക്കം കുറിച്ചിരുന്നു.

ഓക്‌സിജൻ ലഭ്യതക്കുറവു മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് ഡൽഹി സർക്കാർ ഉത്തരവിട്ട അന്വേഷണത്തിനെതിരെ കേന്ദ്രം കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. ഓക്‌സിജന്റെ അഭാവം മൂലം കോവിഡ് മരണമൊന്നും രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം പാർലമെന്റിൽ വിശദീകരണം നൽകിയത്. അതേസമയം ഓക്‌സിജൻ ലഭിക്കാതെ നിരവധി മരണങ്ങൾ രാജ്യത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

aisha

കൊച്ചി: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജതെളിവുകൾ സൃഷ്ടിക്കാൻ നീക്കമുണ്ടെന്ന ആരോപണവുമായി ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. തന്റെ മൊബൈൽ ഫോണും ലാപ് ടോപും പരിശോധനയ്ക്ക് വേണ്ടി ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹമാണെന്നാണ് ഐഷാ സുൽത്താനയുടെ ആരോപണം. ഐടി വിദഗ്ദരുടെ സഹായത്തോടെ മൊബൈലിലും ലാപ്‌ടോപ്പിലും നിഷ്പ്രയാസം തിരിമറികൾ നടത്താമെന്നും ഐഷാ സുൽത്താന ഹൈക്കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഐഷ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബയോവെപ്പൺ പരാമർശവുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും തന്റെ ഫോൺ, ലാപ്‌ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവ ആരുടെ കൈയ്യിലാണെന്ന് പോലും തനിക്കറിയില്ല. കോടതി അറിയാതെയാണ് ഇവ ഗുജറാത്തിൽ പരിശോധനയ്ക്ക് അയച്ചെന്നാണ് അറിയുന്നതെന്നും അഡ്മിനിസ്‌ട്രേറ്റർക്ക് സ്വാധീനമുള്ള ഗുജറാത്തിലേക്ക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ഐഷ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. ബയോവെപ്പൺ പരാമർശത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദവും ഐഷ സുൽത്താന നിഷേധിച്ചു. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന സമയത്ത് തന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വാട്‌സ് ആപ്പ് ചാറ്റുകൾ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് തന്റെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നും ഇതിന്റെ വിശദാംശങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയിൽ പറഞ്ഞു.

അതേസമയം ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്‌തെന്നുമാണ് ലക്ഷ്ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചിരിക്കുന്നത്. ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഹൈക്കോടതിയിൽ ലക്ഷദ്വീപ് പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഐഷ സുൽത്താന ചില വാട്‌സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. ബയോ വെപ്പൺ പരാമർശം നടത്തിയ ചാനൽ ചർച്ചക്കിടെ ഇവർ മറ്റൊരാളുമായി ആശയവിനിമയം നടത്തിയെന്നും പോലീസ് പറയുന്നു. ഐഷ സുൽത്താനയുടെ ഈ നടപടി ദുരൂഹമാണെന്നും അന്വേഷണ സംഘത്തിന് എതിരെ ഇവർ മോശം പരാമർശം നടത്തുന്നുവെന്നും പോലീസിന്റെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടിപിആർ കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് പരിശോധന വേണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി. അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകില്ലെങ്കിലും തുണിക്കടകൾ നിയന്ത്രണത്തോടെ തുറക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.

തുണിക്കടകളിൽ വാക്‌സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകൾ ക്രമീകരണം ഉണ്ടാക്കണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കണമെന്നും പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഓണത്തിനുമുമ്പ് വാക്‌സിനേഷൻ ഊർജിതപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കുമെന്നും കഴിഞ്ഞ ദിവസം റെക്കോഡ് വേഗത്തിൽ വാക്‌സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഭിക്ഷാടന നിരോധനം സംബന്ധിച്ച് നിർണായക പരാമർശവുമായി സുപ്രീം കോടതി. രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വർഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. മറ്റു വഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭിക്ഷാടനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

പൊതുസ്ഥലങ്ങൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാൽ ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നുവെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്ന് വ്യക്തമാക്കിയ കോടതി ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്ന് നിർദ്ദേശിച്ചു.

യാചകർ ഉൾപ്പടെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനെ സംബന്ധിച്ച വിശദാംശങ്ങൾ കൈമാറണമെന്ന് സർക്കാരിനും സുപ്രീം കോടതി നിർദ്ദേശം നൽകി. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

കോട്ടയം: നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പാലാ രൂപത. ധനസഹായമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന പ്രഖ്യാപനത്തോടെയാണ് പാലാ രൂപതയുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവന്റെ മഹത്വത്തെ കുറിച്ച് നിരന്തരമായി ചർച്ച ചെയ്യുന്ന കത്തോലിക്കാ സഭയുടെ പ്രോ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. 2000 ത്തിന് ശേഷം വിവാഹിതരായവരിൽ അഞ്ച് കുട്ടികളിൽ കൂടുതലുള്ളവർക്ക് പ്രതിമാസ ധനസഹായം നൽകുമെന്നും സ്‌കോളർഷിപ്പ് നൽകുമെന്നും ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പാലാ രൂപത വ്യക്തമാക്കിയിട്ടുണ്ട്.

2000 ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുമെന്നാണ് രൂപത വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതിന് പുറമെ കുടുംബത്തിൽ നാലാമത്തെയും പിന്നീടും ജനിക്കുന്ന കുട്ടികൾക്ക് പാലായിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ സ്‌കോളർഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നൽകുമെന്നും നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാർ സ്ലീവ മെഡിസിറ്റി സൗജന്യമായി നൽകുമെന്നുും പാലാ രൂപതയുടെ പേരിലുള്ള പ്രോലൈഫ് പോസ്റ്ററിൽ പറയുന്നു.

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ചിത്രവും പോസ്റ്ററിലുണ്ട്. പാലാ രൂപതയുടെ നീക്കം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നരിക്കുകയാണ്. അതേസമയം പാലാ രൂപതയുടെ പിആർഒയും വികാരി ജനറാളുമായ ഫാദർ ജോസഫ് തടത്തിൽ പോസ്റ്ററിനെ തള്ളി. പാലാരൂപത നിലവിൽ ഇത്തരമൊരു തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്തിമ പ്രഖ്യാപനങ്ങൾ ഇതുവരെയുണ്ടായിട്ടില്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി നടക്കുന്ന പോസ്റ്റിനെക്കുറിച്ചും അതിനെച്ചൊല്ലിയുള്ള ചർച്ചകളും എടുക്കാത്ത ഒരു തീരുമാനത്തെക്കുറിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും അത്തരത്തിലുള്ള ഏതെങ്കിലും തീരുമാനമുണ്ടായാൽ രൂപത ഔദ്യോഗികമായി അത് അറിയിക്കുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് വഴി തുറക്കുന്നത് നല്ല കാര്യമാണെന്നും ദമ്പതികളോട് നിർബന്ധമായി നാലിൽ അധികം കുട്ടികൾ ഉണ്ടാവണമെന്ന നിർദ്ദേശവുമല്ല ഇതിലൂടെ നൽകുന്നതെന്നും സത്യദീപമടക്കമുള്ള കത്തോലിക്കാ സഭ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന ഫാദർ പോൾ മാടശ്ശേരി അറിയിച്ചു. ജീവൻ ദൈവത്തിന്റെ ദാനമാണ്. ദൈവം ദാനമായി തരുന്ന ജീവനെ സന്തോഷത്തോടെ സ്വീകരിക്കുന്നതിനൊപ്പം ഉത്തരവാദിത്തതോട് കൂടിയ രക്ഷാകർതൃത്വവുമാണ് പ്രോലൈഫ് മുന്നോട്ട് വയ്ക്കുന്ന ആശയംമെന്നും ഈ ഉദ്ദേശത്തോടെയുള്ളതാണ് പാലരൂപതയുടെ നിലവിലെ പ്രഖ്യാപനമെന്നും പോൾ മാടശ്ശേരി വിശദമാക്കി. ഉത്തരവാദിത്തത്തോട് കൂടി എത്ര മക്കളെ വളർത്താൻ കഴിയുമോ അത്രയും മക്കളെ വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സഭയുടെ നിലപാട്. മൂന്നിൽ അധികം കുട്ടികൾ കുടുംബങ്ങളിൽ ഉണ്ടാവുന്നതിന് പല രൂപതകളും പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂർ: പോലീസിന് അഭിമാനമായി ‘വി ആർ റെഡി’ വാർ ഗ്രൂപ്പ്. ദുരന്തമുഖങ്ങളിൽ പോലീസിനൊപ്പം ജനങ്ങളെ സഹായിക്കുകയാണ് ഈ വാർ ഗ്രൂപ്പിന്റെ ലക്ഷ്യം. ‘ദുരന്തനിവാരണത്തിനും ദുരിത്വാശ്വാസത്തിനും സേനയോടൊപ്പം’ എന്ന സന്ദേശമാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്. ഐ മലപ്പട്ടം സ്വദേശി രഘുനാഥിന്റെ നേതൃത്വത്തിലുള്ള ഈ വാർ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്. 550 വോളന്റിയർമാാരുള്ള ഈ ഗ്രൂപ്പ് അക്ഷരാർത്ഥത്തിൽ ഒരു പോരാട്ട സേന തന്നെയാണ്. 73 വയസുള്ള ഡോ. ലില്ലി ലത്തീഫ് മുതൽ 18 വയസുള്ള വിദ്യാർത്ഥികൾ വരെ ഈ ഗ്രൂപ്പിലുണ്ട്. 2019 ലെ പ്രളയത്തിൽ ശ്രീകണ്ഠപുരം ടൗണും പരിസരവും വെള്ളത്തിൽ മുങ്ങിയിട്ടും ഒരു ജീവനും നഷ്ടപ്പെടാതെ കാത്ത് രക്ഷിച്ചത് ഈ വാർ ഗ്രൂപ്പാണ്.

ഡി.ജി.പി ബി. സന്ധ്യ ഉൾപ്പെടെ നിരവധി പേരാണ് ‘വി ആർ റെഡി’ വാർ ഗ്രൂപ്പിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ പക്തിയിൽ ബി സന്ധ്യ ഗ്രൂപ്പിനെ പ്രശംസിച്ചിരുന്നു. ഒരു കോടീശ്വരന് പോലും സാധിക്കാത്ത ചെറുനന്മകൾ ചെയ്യുന്ന എത്രയോ പോലീസുകാരെ തനിക്ക് കണ്ടുമുട്ടാനായെന്നും 2018 ലെ മഹാപ്രളയത്തിൽ നിന്നു പാഠം ഉൾക്കൊണ്ട് ‘വി ആർ റെഡി’ എന്ന ജനമൈത്രി ഗ്രൂപ്പുണ്ടാക്കിയ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ അന്നത്തെ എ. എസ്. ഐ രഘുനാഥ് ഇത്തരം ഹീറോമാരിൽ ഒരാളാണെന്നുമായിരുന്നു സന്ധ്യയുടെ പരാമർശം.

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. എംഎസ്എംഇ പ്രോത്സാഹിപ്പിക്കാനായുള്ള പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ കേരളത്തിന് 252 കോടി രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നൽകിയത്.

കൊച്ചി സ്വദേശി ഗോവിന്ദൻ നമ്പൂതിരി ഖാദി ഗ്രാമ വ്യവസായ കമ്മിഷന് നൽകിയ വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ പതിനായിരത്തിലധികം യൂണിറ്റുകൾക്ക് പദ്ധതിയിലൂടെ ഈ തുക വിതരണം ചെയ്തുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു. സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങൾക്ക് റിബേറ്റ് ഇനത്തിൽ സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന പരാതികൾക്കിടെയാണു കേന്ദ്രം നൽകിയ തുകയുടെ കണക്കു പുറത്തുവന്നത്

സംരംഭകർക്ക് ആവശ്യമായ പണം ഉറപ്പാക്കാൻ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് പിഎംഇജിപി. വായ്പയോടൊപ്പം സബ്‌സിഡിയും പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കും. ഖാദി ഗ്രാമ വ്യവസായ കമ്മിഷനാണ് പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. നഗര പ്രദേശങ്ങളിലെ അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രവും ഗ്രാമപ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡുമാണു പരിശോധിച്ചു നടപടികൾ സ്വീകരിക്കുന്നത്.

shiller chart