തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. എംഎസ്എംഇ പ്രോത്സാഹിപ്പിക്കാനായുള്ള പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ കേരളത്തിന് 252 കോടി രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നൽകിയത്.
കൊച്ചി സ്വദേശി ഗോവിന്ദൻ നമ്പൂതിരി ഖാദി ഗ്രാമ വ്യവസായ കമ്മിഷന് നൽകിയ വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ പതിനായിരത്തിലധികം യൂണിറ്റുകൾക്ക് പദ്ധതിയിലൂടെ ഈ തുക വിതരണം ചെയ്തുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു. സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങൾക്ക് റിബേറ്റ് ഇനത്തിൽ സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന പരാതികൾക്കിടെയാണു കേന്ദ്രം നൽകിയ തുകയുടെ കണക്കു പുറത്തുവന്നത്
സംരംഭകർക്ക് ആവശ്യമായ പണം ഉറപ്പാക്കാൻ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് പിഎംഇജിപി. വായ്പയോടൊപ്പം സബ്‌സിഡിയും പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കും. ഖാദി ഗ്രാമ വ്യവസായ കമ്മിഷനാണ് പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. നഗര പ്രദേശങ്ങളിലെ അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രവും ഗ്രാമപ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡുമാണു പരിശോധിച്ചു നടപടികൾ സ്വീകരിക്കുന്നത്.


