കണ്ണൂർ: പോലീസിന് അഭിമാനമായി ‘വി ആർ റെഡി’ വാർ ഗ്രൂപ്പ്. ദുരന്തമുഖങ്ങളിൽ പോലീസിനൊപ്പം ജനങ്ങളെ സഹായിക്കുകയാണ് ഈ വാർ ഗ്രൂപ്പിന്റെ ലക്ഷ്യം. ‘ദുരന്തനിവാരണത്തിനും ദുരിത്വാശ്വാസത്തിനും സേനയോടൊപ്പം’ എന്ന സന്ദേശമാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്. ഐ മലപ്പട്ടം സ്വദേശി രഘുനാഥിന്റെ നേതൃത്വത്തിലുള്ള ഈ വാർ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്. 550 വോളന്റിയർമാാരുള്ള ഈ ഗ്രൂപ്പ് അക്ഷരാർത്ഥത്തിൽ ഒരു പോരാട്ട സേന തന്നെയാണ്. 73 വയസുള്ള ഡോ. ലില്ലി ലത്തീഫ് മുതൽ 18 വയസുള്ള വിദ്യാർത്ഥികൾ വരെ ഈ ഗ്രൂപ്പിലുണ്ട്. 2019 ലെ പ്രളയത്തിൽ ശ്രീകണ്ഠപുരം ടൗണും പരിസരവും വെള്ളത്തിൽ മുങ്ങിയിട്ടും ഒരു ജീവനും നഷ്ടപ്പെടാതെ കാത്ത് രക്ഷിച്ചത് ഈ വാർ ഗ്രൂപ്പാണ്.
ഡി.ജി.പി ബി. സന്ധ്യ ഉൾപ്പെടെ നിരവധി പേരാണ് ‘വി ആർ റെഡി’ വാർ ഗ്രൂപ്പിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ പക്തിയിൽ ബി സന്ധ്യ ഗ്രൂപ്പിനെ പ്രശംസിച്ചിരുന്നു. ഒരു കോടീശ്വരന് പോലും സാധിക്കാത്ത ചെറുനന്മകൾ ചെയ്യുന്ന എത്രയോ പോലീസുകാരെ തനിക്ക് കണ്ടുമുട്ടാനായെന്നും 2018 ലെ മഹാപ്രളയത്തിൽ നിന്നു പാഠം ഉൾക്കൊണ്ട് ‘വി ആർ റെഡി’ എന്ന ജനമൈത്രി ഗ്രൂപ്പുണ്ടാക്കിയ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ അന്നത്തെ എ. എസ്. ഐ രഘുനാഥ് ഇത്തരം ഹീറോമാരിൽ ഒരാളാണെന്നുമായിരുന്നു സന്ധ്യയുടെ പരാമർശം.

