റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി; താത്കാലികക്കാരെ നിയമിക്കാൻ ശ്രമം നടക്കുന്നു; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്.

പല വകുപ്പുകളിലും താത്കാലികക്കാരെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. താത്കാലിക ജീവനക്കാരെ നിയമിക്കാൻ വേണ്ടിയാണ് പല വകുപ്പുകളും യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നും ഇവർ പറയുന്നു. സിവിൽ സപ്ലൈസ് കോർപ്പറേഷനിലാണ് റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി ഏറ്റവും കൂടുതൽ താത്കാലി ജീവനക്കാരെ നിയമിക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ അയ്യായിരത്തിലധികം താത്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഇതുവരെ 1635 പേർക്ക് മാത്രമാണ് പതിനാല് ജില്ലകളിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ചത്. ഡിസ്പ്ലേ സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ്, ഹെൽപർ എന്നീ പേരുകളിലാണ് താൽക്കാരിക ജീവനക്കാരെ നിയമിച്ചത്. തങ്ങളുടെ പ്രതിഷേധം മറികടക്കാനാണിതെന്നും ഇവർ ചെയ്യുന്നത് അസിസ്റ്റന്റ് സെയിൽസ്മാൻമാർ ചെയ്യേണ്ട ജോലികളാണെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.