കൊച്ചി: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജതെളിവുകൾ സൃഷ്ടിക്കാൻ നീക്കമുണ്ടെന്ന ആരോപണവുമായി ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. തന്റെ മൊബൈൽ ഫോണും ലാപ് ടോപും പരിശോധനയ്ക്ക് വേണ്ടി ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹമാണെന്നാണ് ഐഷാ സുൽത്താനയുടെ ആരോപണം. ഐടി വിദഗ്ദരുടെ സഹായത്തോടെ മൊബൈലിലും ലാപ്ടോപ്പിലും നിഷ്പ്രയാസം തിരിമറികൾ നടത്താമെന്നും ഐഷാ സുൽത്താന ഹൈക്കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഐഷ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബയോവെപ്പൺ പരാമർശവുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും തന്റെ ഫോൺ, ലാപ്ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവ ആരുടെ കൈയ്യിലാണെന്ന് പോലും തനിക്കറിയില്ല. കോടതി അറിയാതെയാണ് ഇവ ഗുജറാത്തിൽ പരിശോധനയ്ക്ക് അയച്ചെന്നാണ് അറിയുന്നതെന്നും അഡ്മിനിസ്ട്രേറ്റർക്ക് സ്വാധീനമുള്ള ഗുജറാത്തിലേക്ക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ഐഷ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. ബയോവെപ്പൺ പരാമർശത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദവും ഐഷ സുൽത്താന നിഷേധിച്ചു. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന സമയത്ത് തന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വാട്സ് ആപ്പ് ചാറ്റുകൾ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് തന്റെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നും ഇതിന്റെ വിശദാംശങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയിൽ പറഞ്ഞു.
അതേസമയം ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്തെന്നുമാണ് ലക്ഷ്ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചിരിക്കുന്നത്. ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഹൈക്കോടതിയിൽ ലക്ഷദ്വീപ് പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഐഷ സുൽത്താന ചില വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. ബയോ വെപ്പൺ പരാമർശം നടത്തിയ ചാനൽ ചർച്ചക്കിടെ ഇവർ മറ്റൊരാളുമായി ആശയവിനിമയം നടത്തിയെന്നും പോലീസ് പറയുന്നു. ഐഷ സുൽത്താനയുടെ ഈ നടപടി ദുരൂഹമാണെന്നും അന്വേഷണ സംഘത്തിന് എതിരെ ഇവർ മോശം പരാമർശം നടത്തുന്നുവെന്നും പോലീസിന്റെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്.

