നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പാലാ രൂപത; വാഗ്ദാനങ്ങൾ ഇങ്ങനെ

കോട്ടയം: നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പാലാ രൂപത. ധനസഹായമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന പ്രഖ്യാപനത്തോടെയാണ് പാലാ രൂപതയുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവന്റെ മഹത്വത്തെ കുറിച്ച് നിരന്തരമായി ചർച്ച ചെയ്യുന്ന കത്തോലിക്കാ സഭയുടെ പ്രോ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. 2000 ത്തിന് ശേഷം വിവാഹിതരായവരിൽ അഞ്ച് കുട്ടികളിൽ കൂടുതലുള്ളവർക്ക് പ്രതിമാസ ധനസഹായം നൽകുമെന്നും സ്‌കോളർഷിപ്പ് നൽകുമെന്നും ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പാലാ രൂപത വ്യക്തമാക്കിയിട്ടുണ്ട്.

2000 ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുമെന്നാണ് രൂപത വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതിന് പുറമെ കുടുംബത്തിൽ നാലാമത്തെയും പിന്നീടും ജനിക്കുന്ന കുട്ടികൾക്ക് പാലായിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ സ്‌കോളർഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നൽകുമെന്നും നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാർ സ്ലീവ മെഡിസിറ്റി സൗജന്യമായി നൽകുമെന്നുും പാലാ രൂപതയുടെ പേരിലുള്ള പ്രോലൈഫ് പോസ്റ്ററിൽ പറയുന്നു.

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ചിത്രവും പോസ്റ്ററിലുണ്ട്. പാലാ രൂപതയുടെ നീക്കം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നരിക്കുകയാണ്. അതേസമയം പാലാ രൂപതയുടെ പിആർഒയും വികാരി ജനറാളുമായ ഫാദർ ജോസഫ് തടത്തിൽ പോസ്റ്ററിനെ തള്ളി. പാലാരൂപത നിലവിൽ ഇത്തരമൊരു തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്തിമ പ്രഖ്യാപനങ്ങൾ ഇതുവരെയുണ്ടായിട്ടില്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി നടക്കുന്ന പോസ്റ്റിനെക്കുറിച്ചും അതിനെച്ചൊല്ലിയുള്ള ചർച്ചകളും എടുക്കാത്ത ഒരു തീരുമാനത്തെക്കുറിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും അത്തരത്തിലുള്ള ഏതെങ്കിലും തീരുമാനമുണ്ടായാൽ രൂപത ഔദ്യോഗികമായി അത് അറിയിക്കുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് വഴി തുറക്കുന്നത് നല്ല കാര്യമാണെന്നും ദമ്പതികളോട് നിർബന്ധമായി നാലിൽ അധികം കുട്ടികൾ ഉണ്ടാവണമെന്ന നിർദ്ദേശവുമല്ല ഇതിലൂടെ നൽകുന്നതെന്നും സത്യദീപമടക്കമുള്ള കത്തോലിക്കാ സഭ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന ഫാദർ പോൾ മാടശ്ശേരി അറിയിച്ചു. ജീവൻ ദൈവത്തിന്റെ ദാനമാണ്. ദൈവം ദാനമായി തരുന്ന ജീവനെ സന്തോഷത്തോടെ സ്വീകരിക്കുന്നതിനൊപ്പം ഉത്തരവാദിത്തതോട് കൂടിയ രക്ഷാകർതൃത്വവുമാണ് പ്രോലൈഫ് മുന്നോട്ട് വയ്ക്കുന്ന ആശയംമെന്നും ഈ ഉദ്ദേശത്തോടെയുള്ളതാണ് പാലരൂപതയുടെ നിലവിലെ പ്രഖ്യാപനമെന്നും പോൾ മാടശ്ശേരി വിശദമാക്കി. ഉത്തരവാദിത്തത്തോട് കൂടി എത്ര മക്കളെ വളർത്താൻ കഴിയുമോ അത്രയും മക്കളെ വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സഭയുടെ നിലപാട്. മൂന്നിൽ അധികം കുട്ടികൾ കുടുംബങ്ങളിൽ ഉണ്ടാവുന്നതിന് പല രൂപതകളും പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.