ഉത്സവത്തിനിടെ മനുഷ്യത്തല ഭക്ഷിക്കുന്ന സ്വാമിമാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

ചെന്നൈ: മനുഷ്യത്തല ഭക്ഷിക്കുന്ന സന്ന്യാസിമാരുടെ ദൃശ്യം പുറത്ത്. കേരള അതിർത്തിയിൽ നിന്ന് വെറും 52 കിലോ മീറ്റർ മാത്രം അകലെ നിന്നുള്ള പാവൂർ സത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. പാവൂർസത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് മൃതശരീരത്തിന്റെ തല ഭക്ഷിക്കുന്ന വിഡിയോ പ്രചരിച്ചത്. നാലു സ്വാമിമാർ മൃതദേഹത്തിന്റെ തല ഭക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ആടിമാസത്തിലെ കർക്കടകം പഞ്ഞത്തിൽ നിന്നു കരകയറാനും ചിങ്ങത്തിൽ നല്ല വിളവു ലഭിക്കാനുമാണ് ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. ആടിമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവം. കല്ലാരണി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവർ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തും. പതിറ്റാണ്ടുകളായി ഇവിടെ ഇത്തരം ആചാരം നടന്നു വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വേട്ടയ്ക്കായി ചുടുകാട്ടിൽ പോകുന്ന സ്വാമി അവിടെ നിന്ന് മൃതദേഹത്തിന്റെ കയ്യോ കാലോ തലയോ എടുത്ത ശേഷം തിരിച്ചെത്തും. ഉത്സവത്തിനു മുൻപുള്ള ദിവസങ്ങളിൽ ഈ ഗ്രാമത്തിൽ മരിക്കുന്നയാളിന്റെ മൃതദേഹം പകുതി മാത്രമേ ദഹിപ്പിക്കൂ. ആ ശരീരമാണ് പൂജാരി ഭക്ഷണത്തിനായി കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. മനുഷ്യത്തല ഭക്ഷിക്കുന്ന നാലു സ്വാമിമാർക്കും ക്ഷേത്രഭാരവാഹികളായ പത്ത് പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.