ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളുടെ വിവരങ്ങൾ നൽകണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 13 ന് വർഷകാല സമ്മേളനം അവസാനിക്കും മുൻപു വിവരങ്ങൾ ക്രോഡീകരിച്ചു പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോവിഡ് വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിച്ചിരുന്നു. ആശുപത്രി കിടക്കകൾ, മരുന്ന്, വാക്‌സിൻ, ഓക്‌സിജൻ എന്നിവയുടെ ലഭ്യത വളരെ കുറയുന്ന അവസ്ഥ ഉണ്ടായി. ഓക്‌സിജൻ ദൗർലഭ്യത്തെ തുടർന്ന് നിരവധി പേർ മരണപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്നും ഓക്‌സിജൻ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഓക്‌സിജൻ വിതരണം സംബന്ധിച്ച പരാതികളുമായി നിരവധി സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. ഓക്‌സിജൻ വിതരണം ഉറപ്പാക്കാൻ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിനുകൾക്കും സർക്കാർ തുടക്കം കുറിച്ചിരുന്നു.

ഓക്‌സിജൻ ലഭ്യതക്കുറവു മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് ഡൽഹി സർക്കാർ ഉത്തരവിട്ട അന്വേഷണത്തിനെതിരെ കേന്ദ്രം കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. ഓക്‌സിജന്റെ അഭാവം മൂലം കോവിഡ് മരണമൊന്നും രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം പാർലമെന്റിൽ വിശദീകരണം നൽകിയത്. അതേസമയം ഓക്‌സിജൻ ലഭിക്കാതെ നിരവധി മരണങ്ങൾ രാജ്യത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.