രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഭിക്ഷാടന നിരോധനം സംബന്ധിച്ച് നിർണായക പരാമർശവുമായി സുപ്രീം കോടതി. രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വർഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. മറ്റു വഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭിക്ഷാടനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

പൊതുസ്ഥലങ്ങൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാൽ ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നുവെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്ന് വ്യക്തമാക്കിയ കോടതി ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്ന് നിർദ്ദേശിച്ചു.

യാചകർ ഉൾപ്പടെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനെ സംബന്ധിച്ച വിശദാംശങ്ങൾ കൈമാറണമെന്ന് സർക്കാരിനും സുപ്രീം കോടതി നിർദ്ദേശം നൽകി. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.