തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടിപിആർ കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് പരിശോധന വേണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി. അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകില്ലെങ്കിലും തുണിക്കടകൾ നിയന്ത്രണത്തോടെ തുറക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.
തുണിക്കടകളിൽ വാക്‌സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകൾ ക്രമീകരണം ഉണ്ടാക്കണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കണമെന്നും പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഓണത്തിനുമുമ്പ് വാക്‌സിനേഷൻ ഊർജിതപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കുമെന്നും കഴിഞ്ഞ ദിവസം റെക്കോഡ് വേഗത്തിൽ വാക്‌സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

