ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം. കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. 40 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 9 വീടുകളും മേഘവിസ്‌ഫോടനത്തിൽ തകർന്നു. കിഷ്‌വാറിലെ ഹൊൻസാറിലാണ് മേഘവിസ്ഫോടനമുണ്ടായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മേഖലയിൽ നിന്നും കാണാതായവരെ കണ്ടെത്താനായി ദുരന്ത നിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്. ഏതാനും ദിവസങ്ങളായി ജമ്മു മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജൂലായ് അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ജലാശയങ്ങളുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

