General (Page 1,471)

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്.

പല വകുപ്പുകളിലും താത്കാലികക്കാരെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. താത്കാലിക ജീവനക്കാരെ നിയമിക്കാൻ വേണ്ടിയാണ് പല വകുപ്പുകളും യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നും ഇവർ പറയുന്നു. സിവിൽ സപ്ലൈസ് കോർപ്പറേഷനിലാണ് റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി ഏറ്റവും കൂടുതൽ താത്കാലി ജീവനക്കാരെ നിയമിക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ അയ്യായിരത്തിലധികം താത്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഇതുവരെ 1635 പേർക്ക് മാത്രമാണ് പതിനാല് ജില്ലകളിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ചത്. ഡിസ്പ്ലേ സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ്, ഹെൽപർ എന്നീ പേരുകളിലാണ് താൽക്കാരിക ജീവനക്കാരെ നിയമിച്ചത്. തങ്ങളുടെ പ്രതിഷേധം മറികടക്കാനാണിതെന്നും ഇവർ ചെയ്യുന്നത് അസിസ്റ്റന്റ് സെയിൽസ്മാൻമാർ ചെയ്യേണ്ട ജോലികളാണെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കിറ്റ് മാത്രം നൽകിയാൽ പോരെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വരുമാനം നിലച്ചിരിക്കുന്ന ഈ സമയത്ത് ജനങ്ങൾക്ക് പണവും നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഓരോ റേഷൻകാർഡുടമയ്ക്കും 5000 രൂപയെങ്കിലും കൈയിലെത്താനുളള സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടു. എല്ലാ മേഖലകളിലും ആത്മഹത്യകൾ നടക്കുകയാണ്. ഇടത്തേ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ലോകമാകെ കോവിഡ് പ്രതിരോധത്തിന് ഒരു സംവിധാനമുണ്ടായപ്പോൾ കേരളം അതിൽ പരാജയപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

അതേസമയം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. പഞ്ചാബ് പോലെയുളള സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം തന്നെ മുടങ്ങിയ അവസ്ഥയുണ്ടായി. എന്നാൽ കേരളത്തിൽ ഇക്കാലത്ത് 85 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായി കിറ്റ് നൽകിയെന്നും ധനമന്ത്രി അടിയന്തര പ്രമോയത്തിന് മറുപടി നൽകി.

ന്യൂഡൽഹി: അസം-മിസോറം അതിർത്തിയിൽ സംഘർഷം. ആറ് അസം പോലീസുകാർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നമാണ് സംഘർഷത്തിലേക്ക് നീങ്ങയതെന്നാണ് വിവരം. അസമിലെ ചാച്ചാർ ജില്ലയുടെയും മിസോറമിലെ കോലാസിബ് ജില്ലയുടെയും അതിർത്തി പ്രദേശത്താണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ വെടിവെപ്പുണ്ടായതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. മിസോറമിൽ നിന്നുള്ള അക്രമികൾ പോലീസിനു നേരെ വെടിവെക്കുകയായിരുന്നെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾ അക്രമം തുടരുമ്പോഴും തങ്ങൾ സ്ഥാപിച്ച പോലീസ് പോസ്റ്റുകൾ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ആൾക്കൂട്ടം സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അതിർത്തിയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ രംഗത്തെത്തിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു മുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുകയും അതിർത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തിന്റെ സ്‌പോൺസർമാരിലൊരാളായി അമൂൽ. സാധാരണക്കാരായ ക്ഷീരകർഷകരെ ഒരു രാജ്യത്തിന്റെ ഒളിംപിക് ടീമിനെ സ്പോൺസർ ചെയ്യുന്ന സ്ഥിതിയിലേക്കു ഉയർത്തുന്ന വിധം ഇന്ത്യയിലെ ക്ഷീരവ്യവസായത്തിന്റെ മുഖം മാറ്റിയിരിക്കുകയാണ് അമൂൽ. 2016 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ സ്പോൺസർ ചെയ്തതും അമൂൽ തന്നെയാണ്.

ഇന്ത്യയിലെ ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂൽ. 2.6 മില്ല്യൻ വരുന്ന ക്ഷീരോൽപാദകരുടെ കൂട്ടുസംരംഭമാണിത്. ഡോ വർഗീസ് കുര്യനാണ് അമൂലിന്റെ വിജയ ശിൽപി. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂലിന്റെ 2006-07 കാലയളവിലെ വിറ്റുവരവ് 1050 മില്ല്യൻ അമേരിക്കൻ ഡോളറാണ്. ശരാശരി ഒരു ദിവസം 10.6 മില്ല്യൻ ലിറ്റർ പാൽ ശേഖരണം നടത്തുന്ന 2.6 മില്ല്യൻ പാലുൽപാദകർ ഉൾകൊള്ളുന്നതാണ് അമൂൽ സഹകരണ സ്ഥാപനം. ഇന്ത്യക്ക് പുറത്ത് മൗറീഷ്യസ്, യു.എ.ഇ, അമേരിക്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ചൈന, സിംഗപൂർ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ വിപണി കണ്ടെത്തിയിട്ടുണ്ട്.

2009 ൽ സ്റ്റോക്‌ഹോമിൽ നടന്ന 10-ാമത് ഐഎഫ്‌സിഎൻ കോൺഫറസിൽ അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും 21 വലിയ ക്ഷീരവ്യവസായങ്ങളുടെ പട്ടികയിൽ അമുലും സ്ഥാനം പിടിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുകേഷുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി നർത്തകി മേതിൽ ദേവിക. മുകേഷ് നല്ല മനുഷ്യനാണെന്നും എന്നാൽ നല്ലൊരു ഭർത്താവായിരുന്നില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഗോസിപ്പുകളെ മേതിൽ ദേവിക തള്ളി. മുകേഷിനോട് തനിക്ക് യാതൊരു വ്യക്തി വൈരാഗ്യവുമില്ലെന്നും തങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ ശരിയല്ലെന്നും ദേവിക പറഞ്ഞു.

രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകില്ലെന്ന് തോന്നിയതിനാലാണ് വേർപിരിയാൻ തീരുമാനിച്ചത്. എട്ടുവർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ മനസിലാക്കാൻ കഴിഞ്ഞില്ല, ഇനി മനസിലാക്കാൻ കഴിയുമെന്നും തോന്നുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് വിവാഹ മോചനത്തിന് നോട്ടീസ് നൽകിയത്. എറണാകുളത്തെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചതെന്നും ദേവിക അറിയിച്ചു.

വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരും. മുകേഷിൽ നിന്ന് ഒന്നും വാങ്ങിയെടുക്കാനല്ലെന്നും ഒരു പ്രമുഖ മാദ്ധ്യമത്തോട് മേതിൽ ദേവിക വെളിപ്പെടുത്തി. എന്നാൽ തനിക്ക് വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും, തൽക്കാലം കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് മുകേഷിന്റെ പ്രതികരണം.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ഐ.എ.എസ് ഓഫീസറുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് രാജേശ്വർ സിംഗിന്റെ ഫോണും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടർ ജനറലായ കെ. കെ ശർമ്മയുടെ ഫോൺ വിവരങ്ങളും ചോർത്തിയിട്ടുണ്ടെന്നാണ് വിവരം.

രാജേശ്വർ സിംഗിന്റെ രണ്ട് ഫോണുകളും കുടുംബത്തിലെ സ്ത്രീകൾ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് നമ്പരുകളും നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് സൂചന. സിംഗിന്റെ സഹോദരിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥയും ഡൽഹി ഹൈക്കോടതിയില പ്രമുഖ അഭിഭാഷകയുമായ അബ സിംഗിന്റെ ഫോൺ വിവരങ്ങളും ചോർത്തിയിട്ടുണ്ട്. 2017 മുതൽ 2019 വരെ സിംഗിന്റെ നമ്പർ നിരീക്ഷിക്കപ്പെട്ടിരുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചുമതല ഉണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോൺ 2017 ലാണ് ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒരു നിതി ആയോഗ് ഉദ്യോഗസ്ഥന്റെ ഫോണും നീരീക്ഷിച്ചിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്. ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടക്കുന്നത്. സരിത്തിന്റെ പരാതിയിൽ കഴമ്പുണ്ടോയെന്നും ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണോ നടക്കുന്നതെന്നും അന്വേഷിക്കും.

സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യം ഉണ്ടായതോടെ ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് അന്വേഷണത്തിനു നിർദേശം നൽകുകയായിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംശയകരമായ ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് സ്ഥലംമാറ്റിയ ജയിൽ ജീവനക്കാരൻ ബോസിന്റെ പങ്കിനെ കുറിച്ചും അന്വേഷണം ഉണ്ടാകും.

ജയിലിനുള്ളിൽ തനിക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സരിത് പരാതി നൽകിയത്. തുടർന്ന് ദക്ഷിണ മേഖല ഡിഐജി ജയിലിലെത്തി പരിശോധന നടത്തി. എന്നാൽ സരിത് അന്വേഷണത്തോട് സഹകരിക്കാൻ തയാറാകാതെ സ്വർണക്കടത്തുകേസിൽ മൊഴി മാറ്റി പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി ആരോപണം ഉന്നയിച്ചു. സരിത്തിനു ജയിൽ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ടെന്നത് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഡിഐജി റിപ്പോർട്ടു സമർപ്പിച്ചത്.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. സ്വാർത്ഥമായ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി വിവരങ്ങൾ ചോർത്താൻ പൊതുജനങ്ങളുടെ പണം സർക്കാർ ഉപയോഗിച്ചുവെന്നാണ് ശശി തരൂർ ആരോപിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പെഗാസസ് വിഷയത്തിൽ ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും സർക്കാർ ഇതിന് തയ്യാറാകുന്നില്ല. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടരാൻ തങ്ങൾ എന്തിന് അനുവദിക്കണമെന്നും അദ്ദേഹം ചോദിച്ചു.

വിലക്കയറ്റവും കാർഷിക നിയമങ്ങളും പ്രതിപക്ഷത്തിനു പ്രധാനപ്പെട്ടതാണെങ്കിലും പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിനാണ് പ്രതിപക്ഷം പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ ഐ.ടി. മന്ത്രി അശ്വനി വൈഷ്ണോവ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയെയും ശശി തരൂർ വിമർശിച്ചു. ഫോൺ ചോർത്തൽ വിവാദം രാജ്യത്തെ അപകീർത്തിപ്പെടുത്താനാണെന്നും കാര്യമാക്കേണ്ട വിഷയമൊന്നും അതിലില്ലെന്നുമായിരുന്നു ഐടി മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: നർത്തകി മേതിൽ ദേവികയും മുകേഷുമായുള്ള ദാമ്പത്യ ബന്ധം വേർപ്പെടുത്താനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്.14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്നും ബിന്ദു കൃഷ്ണ വിമർശിച്ചു.

മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്‌നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ താൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത താൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു. അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചുവെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ തങ്ങൾ ശ്രമിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്‌നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി. ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ സ്വാധീനം വർധിപ്പിക്കാൻ താലിബാനെ സഹായിക്കുന്നത് പാകിസ്താനെന്ന് അഫ്ഗാൻ. പാകിസ്താനിൽ നിന്ന് 15,000 ഭീകരർ അഫ്ഗാൻ സൈനികരെ നേരിടുന്നതിനായി രാജ്യത്തേക്ക് കടന്നു. അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബാണ് ഇക്കാര്യം അറിയിച്ചത്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് അവർ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

എല്ലാവർഷവും അഫ്ഗാനിസ്താനിൽ താലിബാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, പുതിയ അംഗങ്ങളെ അടുത്തവർഷം കൂട്ടിച്ചേർക്കുന്നതിനു പാകിസ്താൻ വഴിയൊരുക്കുന്നു. ഈ വർഷം 10,000 താലിബാൻ ഭീകരർ പാകിസ്താനിൽ നിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ ഭീകരർക്ക് പാകിസ്താനിലെ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുന്നത്. പാകിസ്താൻ അവർക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗാനിയും പാകിസ്താനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അൽ ഖൊയ്ദ, ലഷ്‌കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.