General (Page 1,377)

ബെയ്ജിംഗ്: ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ്. ചൈന യുദ്ധം ആരംഭിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതിർത്തി വിഷയത്തിൽ സൈനികതല ചർച്ചകൾ പരാജയപ്പെടാൻ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയത്.

ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും ചൈന അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ചർച്ച പരാജയപ്പെടാൻ കാരണം ചൈനയാണെന്ന് വ്യക്തമാക്കിയുമാണ് പതിമൂന്നാംവട്ട സൈനികതല ചർച്ചകൾ പൂർത്തിയായതിനു പിന്നാലെ ഇന്ത്യ പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ വിമർശനവുമായി ഗ്ലോബൽ ടൈംസ് രംഗത്തെത്തിയത്.

ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്നാണ് ചർച്ചയ്ക്ക് ശേഷം ചൈന പറഞ്ഞത്. ചർച്ചകളിൽ സമവായമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാമെന്നും. അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈന അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണ്. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിർത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തന്നെ തുടരാനുമാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ അനുനയ ചർച്ചകൾ മുന്നോട്ടുപോവുന്നില്ലെന്നും യുക്തിയില്ലാത്ത ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നതെന്നും ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സൈനികതല ചർച്ചകളിലെ ഇന്ത്യയുടെ സമീപനം അവസരവാദപരമാണെന്നാണ് ചൈനയുടെ ആരോപണം. ചൈന-യുഎസ് ബന്ധത്തിലെ തകർച്ചയെ തന്ത്രപരമായി ഉപയോഗിക്കാനുള്ള അവസരമായാണ് ഇന്ത്യ ചർച്ചകളെ കാണുന്നതെന്നും ചൈനയ്ക്കെതിരെ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നത് തടയുന്നതിനായി അതിർത്തി പ്രശ്നങ്ങളിൽ ചൈന നിലപാട് മയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും ഗ്രോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്ത്യയുടെ അവസരവാദ മനോഭാവം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗ്ലോബൽ ടൈംസ്് റിപ്പോർട്ട് ചെയ്യുന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള നിലവിലെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് സൈനിക നടപടികളിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കും. സമവായമില്ലാതെ വളരെക്കാലം അതിർത്തിയിലെ സംഘർഷം നിലനിർത്താൻ പര്യാപ്തമായ വലിയ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ഇന്ത്യ അതിന് മുതിർന്നാൽ ചൈനയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മർദ്ദവും ചൈന നേരിടും, ഒരു യുദ്ധം തുടങ്ങിയാൽ ഇന്ത്യ തീർച്ചയായും തോൽക്കുമെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.

ന്യൂഡൽഹി: മാലി ദ്വീപിൽ നിന്ന് ഇന്ത്യയിലെത്താൻ ഇനി വിസ ആവശ്യമില്ല. 2018 ലെ വിസ രഹിത കരാർ പുന:സ്ഥാപിക്കുന്നതിന് ഇന്ത്യ അംഗീകാരം നൽകി. ഒക്ടോബർ 15 മുതൽ മാലി ദ്വീപ് വംശജർക്ക് വിസ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. മാലി ദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് വിസ രഹിത കരാർ പുന: സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

വിനോദ സഞ്ചാരം, മെഡിക്കൽ ആവശ്യങ്ങൾ, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി മാലി ദ്വീപ് വംശജർക്ക് വിസ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് വരാം. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പുനരാരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനും നന്ദി അറിയിക്കുന്നുവെന്ന് അബ്ദുള്ള ഷഹീദ് വ്യക്തമാക്കി. വിസരഹിത യാത്രയ്ക്കായി ഇന്ത്യയുടെ അനുമതി ലഭിക്കുന്ന ആദ്യ രാജ്യമാണ് മാലി ദ്വീപ്.

ഇരു രാജ്യങ്ങളിലേക്കും വിസ രഹിത യാത്ര നടത്താനുള്ള അനുമതി നൽകിക്കൊണ്ട് മാലി ദ്വീപും ഇന്ത്യയും തമ്മിൽ നേരത്തെ കരാർ ഒപ്പിട്ടിരുന്നു. 2018 ഡിസംബറിലാണ് വിസ രഹിത യാത്ര നടത്താനുള്ള അനുമതി നൽകിയത്. ഇന്ത്യയിൽ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെയാണ് അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ കരാർ റദ്ദാക്കിയത്.

ന്യൂഡൽഹി: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നെടുമുടി വേണുവിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു നെടുമുടി വേണു. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് നെടുമുടി വേണു അന്തരിച്ചത്. ഉദരരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് നെടുമുടി വേണു. നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കും. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കാണാതായ എം.എൽ.എയെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് ടോർച്ച് സമരത്തിന് രൂപം നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റി ഇന്ന് ടോർച്ച് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ആണ് മാർച്ച് ഉദ്ഘാടനം ചെയ്യുക.

നേരത്തെയും പി വി അൻവറിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. നിലമ്പൂർ എം എൽ എ ആയ അൻവറിനെ മണ്ഡലത്തിലോ നിയമസഭയിലോ കാണാനില്ലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. അതേസമയം കോൺഗ്രസ് തന്നെ നിരന്തരമായി വേട്ടയാടുകയാണെന്നാണ് പി വി അൻവർ പറയുന്നത്.

sabarimala

തിരുവനന്തപുരം: ശബരിമലയിൽ വൈദ്യുതി ഉത്പാദനത്തിന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി സഹായ വാഗ്ദാനവുമായി ഭക്തർ. എട്ടര കോടി രൂപയുടെ സഹായമാണ് ഭക്തർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള സ്വകാര്യ കമ്പനികൾ ഉൾപ്പെടെയുള്ള നാല് സംഘമാണ് പണംമുടക്കാൻ രംഗത്തെത്തിയത്. ഇതിന്റെ നടപടികൾ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവാണ് ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് ഈ മാസം പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻകോ കമ്പനിയ്ക്കാണ് സോളാർ പ്ലാന്റിന്റെ നിർമ്മാണ ചുമതല. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. പദ്ധതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നത് സിയാലാണ്.

പത്ത് കോടിയോളം രൂപയാണ് തീർത്ഥാടന സീസണിൽ ശബരിമലയിലെ വൈദ്യുതി ചെലവ്. സോളാർ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ശബരിമലയ്ക്ക് ആവശ്യമായ വൈദ്യുതി പൂർണമായി സോളാർ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കാൻ കഴിയും. സന്നിധാനത്തെ ഏഴ് കെട്ടിടങ്ങളിലായിട്ടാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്.

സന്നിധാനത്ത് തീർത്ഥാടകർ താമസിക്കുന്ന നാല് കെട്ടിടങ്ങൾ പുതുക്കാനും തീരുമാനിച്ചു. തെലങ്കാന ആസ്ഥാനമായ നിക്ഷേപകർ ഇതിനായി സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. കെട്ടിടം ഓരോന്നിന് 2 മുതൽ അഞ്ചു കോടി രൂപവരെ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. പതിനെട്ടാംപടിക്ക് ഓട്ടോമാറ്റിക്ക് മേൽക്കൂര നിർമ്മിക്കാൻ 50 ലക്ഷം രൂപ തെലങ്കാനയിലുള്ള ഭക്തൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഓട്ടോമെറ്റിക് മേൽക്കൂര നിർമ്മിക്കുക. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലുള്ള അയ്യപ്പ ഭക്തരുമായി ഈ മാസം അവസാനം ചർച്ച നടത്താണ് ദേവസ്വം ബോർഡ് അധികൃതരുടെ തീരുമാനം.

കൊല്ലം: ഉത്രവധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കുമെന്നും കൊല്ലം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി സൂരജിനെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.

ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജ് നൽകിയ മറുപടി. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് ആവശ്യപ്പെട്ടത്. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് പറയാനാവില്ലെന്നും ഉത്രയുടേത് ഒരു കൊലപാതകമല്ലെന്നുമാണ് സൂരജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ലോഡ്‌ഷെഡിങ്ങിനും പവർകട്ടിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 300 മെഗാവാട്ട് കുറവുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നുമാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ഒരാഴ്ചയായി പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിലാണു പ്രതിദിനം 300 മെഗാവാട്ട് വരെ കുറവുവന്നതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യയിലെ പല താപവൈദ്യുതി നിലയങ്ങളും ഉത്പാദനം കുറച്ചതാണ് ഇത്തരമൊരു പ്രതിസന്ധിയ്ക്ക് കാരണം.

കേന്ദ്രവിഹിതം ഇനിയും കുറഞ്ഞാൽ രാത്രികാല വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇതുവരെ പവർകട്ടോ ലോഡ്‌ഷെഡിങോ ഏർപ്പെടുത്തിയിരുന്നില്ല. അതിനാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായാൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഡൽഹി ഉൾപ്പെടെ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇരുട്ടിലാകുമെന്ന ആശങ്കയുയർന്നിരിക്കുകയാണ്. പഞ്ചാബിൽ ഇതിനോടകം ലോഡ് ഷെഡിങ് നിലവിൽ വന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും പവർ കട്ടിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്. ആന്ധ്രപ്രദേശും കനത്ത ഊർജ പ്രതിസന്ധി നേരിടുന്നുണ്ട്.

തിരുവനന്തപുരം: റേഷൻ സാധനങ്ങളുമായി ഇനി കെഎസ്ആർടി ബസ് ഓടിയെത്തും. കെഎസ്ആർടിസി ബസുകളിൽ റേഷൻകടകൾ ആരംഭിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സിവിൽ സപ്ലൈസ് കോർപറേഷനാണ രംഗത്ത് എത്തിയിരിക്കുന്നത്. പദ്ധതിയ്ക്കായി ബസുകൾ പ്രത്യേകമായി രൂപമാറ്റം ചെയ്യാനും ഡ്രൈവർമാരെ വിട്ടുനൽകാനും തയ്യാറാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചുവെന്നാണ് വിവരം. പദ്ധതിയുടെ ഭാഗമായി വ്യവസ്ഥകൾ, ചിലവ് എന്നിവ സംബന്ധിച്ച് ഗതാഗത വകുപ്പുമായി സിവിൽ സപ്ലൈസ് വകുപ്പ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലേക്കും ഒരു ബസ് എന്ന രീതിയിൽ പദ്ധതി തുടങ്ങാനാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ പദ്ധതി.

‘റേഷൻ ഷോപ്പ് ഓൺ വീൽസ്’ എന്ന പേരിലുള്ള ഈ പദ്ധതി കേരളത്തിലെ മലയോരമേഖലകളിലേയും തീരദേശമേഖലകളിലെയും ജനങ്ങൾക്ക് ആശ്വാസകരമാകും. അതേസമയം സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളായി കെഎസ്ആർടിസിയെ മാറ്റാനും സാധ്യതയുണ്ട്.

പ്രധാനമായും ആദിവാസി ഊരുകളിലേക്കും ഉൾപ്രദേശങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ മൊബൈൽ വാഹന സംവിധാനമാണ് ലക്ഷ്യമിടുന്നത്. കെഎസ്ആർടിസി ബസുകളിൽ മത്സ്യ വിൽപ്പന നടത്തുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കെഎസ്ആർടിസിയുടെ പഴയ ബസുകളിൽ മത്സ്യം വിൽക്കാൻ ഫിഷറീസ് വകുപ്പ് തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: പുന:സംഘടനയെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. ചാനൽ ചർച്ചക്കുള്ള പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അഡ്മിനായ ഗ്രൂപ്പിൽ നിന്നും പുറത്തുപോയത്.

കൃഷ്ണദാസ് പക്ഷത്തെ പിആർ ശിവശങ്കരന് ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഉൾപ്പെടെയുള്ള പ്രതിഷേധത്തെ തുടർന്നാണ് വാട്ട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തു പോയത്. അതേസമയം വയനാട് ബിജെപിയിൽ ആഭ്യന്തര കലഹവും രൂക്ഷമാകുകയാണ്. വയനാട്ടിൽ അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതിൽ അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്. കെ.പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് ഒരു വിഭാഗം വിട്ടു നിൽക്കുകയും ചെയ്തിരുന്നു.

കെ.സുരേന്ദ്രൻ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്കുള്ളിൽ ആരോപണ വിധേയനാണ് കെ.പി മധു. തനിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ടാണെന്നാണ് കെ.പി മധുവിന്റെ പ്രതികരണം.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദ അനുഭാവികളായ 700 പേരെ തടവിലാക്കി സുരക്ഷാ സേന. തടവിലായവരിൽ പലർക്കും ജമാഅത്തെ ഇസ്ലാമിയുമായോ മറ്റു ഭീകരസംഘടനകളുമായോ ബന്ധമുണ്ട്. കശ്മീർ താഴ്വരയിലെ ആക്രമണ ശൃംഖല തകർക്കാനാണ് ഇവരെ തടവിലാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ആറ് ദിവസത്തിനിടെ കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം സമുദായക്കാർ ഉൾപ്പെടെ ഏഴ് സാധാരണക്കാരാണ് ജമ്മു കശ്മീരിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഭീകരപ്രവർത്തനങ്ങളിലെ വർധനവാണ് ആക്രമണങ്ങൾക്ക് കാരണമായതെന്നാണ് കശ്മീർ പോലീസ് വ്യക്തമാക്കുന്നത്.

ലഷ്‌കർ ഇ ത്വയ്ബയുടെ ഉപഘടകമായ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ട്’ ആണ് ഭൂരിഭാഗം ആക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ജനുവരി മാസം മുതലുള്ള കണക്കുകൾ അനുസരിച്ച് 28 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ട്രാൻസിറ്റ് ക്യാംപുകളിൽ താമസിക്കുന്ന നിരവധി കശ്മീരി പണ്ഡിറ്റുകൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്തു. അതേസമയം ജമ്മു കശ്മീർ ലെഫ്.ഗവർണർ മനോജ് സിൻഹ ആക്രമണങ്ങലെ അപലപിച്ചു. ആക്രമണങ്ങൾ നടത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.