ബിജെപി സംസ്ഥാന ഘടകത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു; വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തുപോയി

തിരുവനന്തപുരം: പുന:സംഘടനയെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. ചാനൽ ചർച്ചക്കുള്ള പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അഡ്മിനായ ഗ്രൂപ്പിൽ നിന്നും പുറത്തുപോയത്.

കൃഷ്ണദാസ് പക്ഷത്തെ പിആർ ശിവശങ്കരന് ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഉൾപ്പെടെയുള്ള പ്രതിഷേധത്തെ തുടർന്നാണ് വാട്ട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തു പോയത്. അതേസമയം വയനാട് ബിജെപിയിൽ ആഭ്യന്തര കലഹവും രൂക്ഷമാകുകയാണ്. വയനാട്ടിൽ അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതിൽ അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്. കെ.പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് ഒരു വിഭാഗം വിട്ടു നിൽക്കുകയും ചെയ്തിരുന്നു.

കെ.സുരേന്ദ്രൻ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്കുള്ളിൽ ആരോപണ വിധേയനാണ് കെ.പി മധു. തനിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ടാണെന്നാണ് കെ.പി മധുവിന്റെ പ്രതികരണം.