ചൈന യുദ്ധം ആരംഭിച്ചാൽ ഇന്ത്യ തോൽക്കും; ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം

ബെയ്ജിംഗ്: ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ്. ചൈന യുദ്ധം ആരംഭിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതിർത്തി വിഷയത്തിൽ സൈനികതല ചർച്ചകൾ പരാജയപ്പെടാൻ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയത്.

ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും ചൈന അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ചർച്ച പരാജയപ്പെടാൻ കാരണം ചൈനയാണെന്ന് വ്യക്തമാക്കിയുമാണ് പതിമൂന്നാംവട്ട സൈനികതല ചർച്ചകൾ പൂർത്തിയായതിനു പിന്നാലെ ഇന്ത്യ പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ വിമർശനവുമായി ഗ്ലോബൽ ടൈംസ് രംഗത്തെത്തിയത്.

ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്നാണ് ചർച്ചയ്ക്ക് ശേഷം ചൈന പറഞ്ഞത്. ചർച്ചകളിൽ സമവായമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാമെന്നും. അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈന അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണ്. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിർത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തന്നെ തുടരാനുമാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ അനുനയ ചർച്ചകൾ മുന്നോട്ടുപോവുന്നില്ലെന്നും യുക്തിയില്ലാത്ത ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നതെന്നും ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സൈനികതല ചർച്ചകളിലെ ഇന്ത്യയുടെ സമീപനം അവസരവാദപരമാണെന്നാണ് ചൈനയുടെ ആരോപണം. ചൈന-യുഎസ് ബന്ധത്തിലെ തകർച്ചയെ തന്ത്രപരമായി ഉപയോഗിക്കാനുള്ള അവസരമായാണ് ഇന്ത്യ ചർച്ചകളെ കാണുന്നതെന്നും ചൈനയ്ക്കെതിരെ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നത് തടയുന്നതിനായി അതിർത്തി പ്രശ്നങ്ങളിൽ ചൈന നിലപാട് മയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും ഗ്രോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്ത്യയുടെ അവസരവാദ മനോഭാവം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗ്ലോബൽ ടൈംസ്് റിപ്പോർട്ട് ചെയ്യുന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള നിലവിലെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് സൈനിക നടപടികളിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കും. സമവായമില്ലാതെ വളരെക്കാലം അതിർത്തിയിലെ സംഘർഷം നിലനിർത്താൻ പര്യാപ്തമായ വലിയ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ഇന്ത്യ അതിന് മുതിർന്നാൽ ചൈനയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മർദ്ദവും ചൈന നേരിടും, ഒരു യുദ്ധം തുടങ്ങിയാൽ ഇന്ത്യ തീർച്ചയായും തോൽക്കുമെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.