സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; ലോഡ്‌ഷെഡിങ്ങിനും പവർകട്ടിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ലോഡ്‌ഷെഡിങ്ങിനും പവർകട്ടിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 300 മെഗാവാട്ട് കുറവുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നുമാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ഒരാഴ്ചയായി പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിലാണു പ്രതിദിനം 300 മെഗാവാട്ട് വരെ കുറവുവന്നതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യയിലെ പല താപവൈദ്യുതി നിലയങ്ങളും ഉത്പാദനം കുറച്ചതാണ് ഇത്തരമൊരു പ്രതിസന്ധിയ്ക്ക് കാരണം.

കേന്ദ്രവിഹിതം ഇനിയും കുറഞ്ഞാൽ രാത്രികാല വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇതുവരെ പവർകട്ടോ ലോഡ്‌ഷെഡിങോ ഏർപ്പെടുത്തിയിരുന്നില്ല. അതിനാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായാൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഡൽഹി ഉൾപ്പെടെ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇരുട്ടിലാകുമെന്ന ആശങ്കയുയർന്നിരിക്കുകയാണ്. പഞ്ചാബിൽ ഇതിനോടകം ലോഡ് ഷെഡിങ് നിലവിൽ വന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും പവർ കട്ടിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്. ആന്ധ്രപ്രദേശും കനത്ത ഊർജ പ്രതിസന്ധി നേരിടുന്നുണ്ട്.