വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ; നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നെടുമുടി വേണുവിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു നെടുമുടി വേണു. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് നെടുമുടി വേണു അന്തരിച്ചത്. ഉദരരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് നെടുമുടി വേണു. നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കും. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.