General (Page 1,376)

ന്യൂഡൽഹി: ചൈനയിൽ നിർമ്മിക്കുന്ന കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ വിൽക്കുന്ന കാറുകൾ രാജ്യത്ത് തന്നെ നിർമ്മിക്കണമെന്നാണ് ടെസ്‌ലയ്ക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം ടെസ്‌ല തലവൻ ഇലോൺ മസ്‌കിന് നൽകിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ കയറ്റുമതി ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഇതിനായി കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും ടെസ്‌ലയ്ക്ക് അദ്ദേഹം ഉറപ്പു നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും ടെസ്‌ല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാഹനം ഇറക്കുമതി ചെയ്യാൻ കമ്പനി സന്നദ്ധമാണെന്നും എന്നാൽ, ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയിൽ ഈടാക്കുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയരുന്നത്. എന്നാൽ പൂർണമായി ഇറക്കുമതി ചെയ്ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു.

60-100 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന ഇറക്കുമതി തീരുവ. എൻജിൻ സൈസ്, വില, ഇൻഷുറൻസ്, സി.ഐ.എഫ്. മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് 60 മുതൽ 100 ശതമാനം വരെ തീരുവ ഈടാക്കുന്നത്. ഇന്ത്യയിലെ വാഹന നിർമാതാക്കളെ സംരക്ഷിക്കുന്നതിനായാണ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നത്.

മുംബൈ: തന്റെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.)യിലെ ഉന്നത ഉദ്യേഗസ്ഥൻ. തങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നതായി ഉദ്യോഗസ്ഥർ പരാതി നൽകിയതായി എൻ.സി.ബി. വൃത്തങ്ങൾ അറിയിച്ചു. ആഢംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന വിവരം പുറത്തു വന്നത്. സമീർ വാങ്കഡെയുടെ മാതാവിനെ അടക്കം ചെയ്തിരിക്കുന്നതും അദ്ദേഹം പതിവായി സന്ദർശിക്കുന്നതുമായ സെമിത്തേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന രണ്ടുപേർ ശേഖരിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സമീർ വാങ്ക്‌ഡെ സംഭവത്തിൽ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല. വിഷയം ഗൗരവതരമാണെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത് സോണൽ ഡയറക്ടറായ സമീർ വാങ്കെഡയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി. സംഘമായിരുന്നു. നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സമീർ വാങ്കെഡയും മുതിർന്ന ഉദ്യോഗസ്ഥനായ മുത്ത ജയിനും മഹാരാഷ്ട്ര പോലീസ് മേധാവിയുടെ ഓഫീസിലെത്തി പരാതി നൽകി.

2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ് സമീർ വാങ്കെഡെ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ, എൻ.ഐ.എ. അഡീഷണൽ എസ്.പി, ഡി.ആർ.ഐ. ജോയിന്റ് കമ്മീഷണർ തുടങ്ങിയ പദവികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം എൻസിബിയിൽ എത്തുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ഉൾപ്പെടെ യാതൊരു ഇളവും നൽകാത്ത സമീപനമാണ് അദ്ദേഹത്തിന്റേത.

എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീർ വാങ്കെഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളിൽ സമീർ വാങ്കെഡെ യാതൊരു മടിയും കൂടാതെ പരിശോധന നടത്തിയിരുന്നത്.

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാവോയിസ്റ്റുകൾക്കും ഭീകരർക്കുമായി പരിശോധന വ്യാപകമാക്കി ദേശീയ അന്വേഷണ ഏജൻസി. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചൊവ്വാഴ്ച പുലർച്ചെ മുതൽ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ മാവോയിസ്റ്റ് പരിശീലന കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും തിരച്ചിൽ ആരംഭിച്ചതായി എൻഐഎ അധികൃതർ വ്യക്തമാക്കി. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലും എൻഐഎയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.

മാവോയിസ്റ്റുകൾക്കും ഭീകരർക്കും മയക്കുമരുന്നു സംഘങ്ങൾക്കുമായി രാജ്യത്തെ അമ്പതിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. യുവാക്കളെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടി നടന്നെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. നിരവധി ലഘുലേഖകളും പരിശീലന വീഡിയോകളും പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തിയതായി എൻഐഎ അറിയിച്ചു.

തമിഴ്‌നാട്ടിൽ കൃഷ്ണഗിരി, സേലം, കോയമ്പത്തൂർ, തേനി, ശിവഗംഗ ജില്ലകൾ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടന്നതായാണ് എൻഐഎയ്ക്ക് ലഭിച്ച വിവരം. കർണാടകയിലെയും കേരളത്തിലെയും ആറോളം സ്ഥലങ്ങളിലും എൻഐഎ തിരച്ചിൽ നടത്തി. മൂന്ന് സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരിശീലന കേന്ദ്രങ്ങൾ നിലവിലുണ്ടെന്ന് നേരത്തെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളിൽ ഒരാൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ന്യുഡൽഹി: ഇറാൻ, അഫ്ഗാനിസ്താൻ, പാക്കിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ അദാനി തുറമുഖങ്ങൾ വഴി കടത്തിവിടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ മുന്ദ്രയിലുള്ള അദാനി തുറമുഖത്ത് നിന്നും 21000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയതിന് പിന്നാലെയാണ് തീരുമാനം. നവംബർ 15 മുതൽ ഇന്ത്യയിലെ അദാനി തുറമുഖങ്ങളിൽ ഒരിടത്തും ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ കടത്തിവിടില്ല. തിങ്കളാഴ്ച്ച പത്രക്കുറിപ്പിലൂടെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്.

ഇറാൻ, പാക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്ന കാർഗോകൾ അദാനി തുറമുഖങ്ങൾ വഴി കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യില്ലെന്നും അദാനി പോർട്സ് മാനേജ് ചെയ്യുന്ന എല്ലാ തുറമുഖങ്ങൾക്കും നവംബർ 15 മുതൽ ഈ തീരുമാനം ബാധകമായിരിക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സെപ്തംബർ 13 നാണ് ഗുജറാത്തിൽ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തത്. ഏകദേശം 3000 കിലോ ഹെറോയിനാണ് ഡിആർഐ പിടികൂടിയത്.

അഫ്ഗാനിസ്താനിൽ നിന്നും ഇറാൻ തുറമുഖം വഴിയാണ് ചരക്ക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയത്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിന് ശേഷമാണ് ഹെറോയിൻ ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നാല് അഫ്ഗാൻ പൗരന്മാരും ഒരു ഉസ്ബകിസ്താൻകാരനും ഉൾപ്പെടെ എട്ടുപേരെ ഡിആർഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ലഹരിക്കടത്തിന് കൂട്ടുനിൽക്കുന്നുവെന്ന് അദാനി ഗ്രൂപ്പിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം നടത്തിപ്പുകാരായ തങ്ങൾക്ക് ഇത്തരം കടത്തുകളുമായി ബന്ധമില്ലെന്ന് അദാനി ഗ്രൂപ്പ് വിശദീകരിക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാൻ കാരണം തന്റെ നിലപാടാണെന്ന റിപ്പോർട്ടുകൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ. കേരളത്തിലെ പട്ടിക വൈകുന്നത് താൻ കാരണമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പട്ടിക തയ്യാറാക്കുന്നത് കെപിസിസിയാണെന്നും അവരാണ് അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാര്യങ്ങളിലൊന്നും എഐസിസിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. പല കാര്യങ്ങളും തന്റെ തലയിൽ വയ്ക്കാൻ ശ്രമം നടക്കുന്നു. കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. കെപിസിസി കേരളത്തിലെ പട്ടിക സമർപ്പിച്ചാൽ അത് അധികം വൈകാതെ പ്രഖ്യാപിക്കും. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെസി വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. കേരളത്തിലെ പട്ടികയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. പട്ടിക വൈകാൻ കാരണം കെസി വേണുഗോപാലല്ലെന്നും ഇക്കാര്യം താൻ സാക്ഷ്യപ്പെടുത്തി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആയുധങ്ങളുമായി പാകിസ്താൻ പൗരൻ പിടിയിൽ. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഇയാളെ പിടികൂടിയത്. പാകിസ്താൻ പഞ്ചാബ് സ്വദേശിയായ അഷ്‌റഫാണ് അറസ്റ്റിലായത്.

എ കെ 47 റൈഫിളും ഗ്രനേഡും പിസ്റ്റലുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുള്ളത്.ഒക്ടോബർ എട്ടിനാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പാകിസ്താൻ പൗരനാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മാസം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ബോംബാക്രമണം പദ്ധതിയിട്ടിരുന്ന ഭീകരവാദ ബന്ധം സംശയിക്കപ്പെടുന്ന ആറ് പേരെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. ഇവരുമായി മുഹമ്മദ് അഷ്‌റഫിന് ഇവരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

മുംബൈ: ലേലനടപടികൾ പൂർത്തിയാക്കി എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയ വാർത്തകളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇതിനോടൊപ്പം ഉയർന്നു വന്ന മറ്റൊരു വാദമായിരുന്നു ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ഇനിയൊരു വിമാന കമ്പനിയില്ല എന്നത്. എന്നാൽ ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഇനി ഒരു വിമാന കമ്പനി കൂടി നിലവിലുണ്ട്. അലയൻസ് എയർ എന്ന വിമാന കമ്പനിയാണ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ ഉഡാൻ സ്‌കീമിലാണ് അലയൻസ് എയർ പ്രവർത്തിക്കുന്നത്.

ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സർവീസാണ് ഉഡാൻ സ്‌കീം. ചെറിയ വിമാനത്താവളങ്ങളെയാണ് ഈ വിമാന സർവ്വീസുകൾ ബന്ധിപ്പിക്കുന്നത്.ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിമാനയാത്ര സാദ്ധ്യമാക്കുക എന്നതാണ് ഉഡാൻ സ്‌കീമിന്റെ മറ്റൊരു ലക്ഷ്യം. രാജ്യത്തെ 47 ഇടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അലയൻസ് എയർ പ്രവർത്തിക്കുന്നത്. 70-72 സീറ്റുകളുള്ള വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കോ മെട്രോ ഹബ്ബുകളുമായി ഈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടങ്ങളിലേക്കുമാണ് സർവീസ് നടത്തുന്നത്.

അഹമ്മദാബാദ്, അഗത്തി, ബറേലി, ബെലഗവി, ബെംഗളൂരു, ഭാവ്‌നഗർ, ഭുവനേശ്വർ, ഭുജ്, ബിക്കാനീർ, ബിലാസ്പൂർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഡൽഹി, ദിയു, ധർമ്മശാല, ദിമാപൂർ, ഗോവ, ഗോരഖ്പൂർ, ഗുവാഹത്തി, ഹുബ്ബള്ളി, ഹൈദരാബാദ്, ഇംഫാൽ, ജബൽപൂർ, ജഗദൽപൂർ, ജയ്പൂർ, ജമ്മു, കലബുറഗി, കാണ്ഡല, കൊച്ചി,കോൽഹാപൂർ, കൊൽക്കത്ത, കുളു, ലീലബാരി, ലക്‌നൗ, ലുധിയാന, മംഗളൂരു, മുംബൈ, മൈസൂർ, നാസിക്, പന്ത് നഗർ, പാസിഘട്ട്, പത്താൻകോട്ട്, പ്രയാഗ്രാജ്, പൂനെ, റായ്പൂർ, തേസ്പൂർ തുടങ്ങിയ നഗരങ്ങളിലേക്കാണ് അലയൻസ് എയർ സർവ്വീസ് നടത്തുന്നത്. ആഴ്ചയിൽ 450 സർവീസുകൾ അലയൻസ് എയർ നടത്തുന്നുണ്ട്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിൽ ടാറ്റയ്ക്ക് പൂർണ അവകാശവും എയർ ഇന്ത്യ സാറ്റ്‌സിൽ അമ്പത് ശതമാനം ഓഹരിയും നൽകിയപ്പോഴും അലയൻസ് എയറിനെ കേന്ദ്ര സർക്കാർ മാറ്റിനിർത്തിയിരിക്കുകയാണ്. നിലവിൽ അലയൻസ് എയറിന്റെ പ്രവർത്തനം കൂടുതലായും എയർ ഇന്ത്യയുടെ സഹായത്തോടെയാണ്. ഇനി പ്രത്യേകം വെബ്സൈറ്റടക്കം തയ്യാറാക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

തായ്‌പേയ്: ചൈനയുടെ ഭീഷണിയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി തായ്‌വാൻ. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങിന്റെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് തായ്‌വാൻ പ്രസിഡൻറ് സായ് ഇങ് വെൻ വ്യക്തമാക്കി. തായ്‌വാനെ ചൈനയിൽ ലയിപ്പിക്കുമെന്നാണ് ഷീ ജിൻപിങിന്റെ ഭീഷണി. തായ്‌വാൻ ഒരു സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണെന്നും സായ് ഇങ് വെൻ അറിയിച്ചു.

രാജ്യം വൻ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം ചൈന നമുക്കുമേലുള്ള സമ്മർദം ഉയർത്തുന്നു. പ്രകോപനങ്ങളോട് തിടുക്കത്തിൽ പ്രതികരിക്കില്ല. എന്നാൽ മുൻകരുതലായി പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വർധിപ്പിക്കും. കഴിഞ്ഞ 72 കൊല്ലത്തിനിടയിലെ ഏറ്റവും ഭീതിനിറഞ്ഞ സാഹചര്യത്തിലൂടെയാണ് തായ്‌വാൻ കടന്നുപോകുന്നതെന്നും സായ് വിശദമാക്കി.

തായ്‌വാനെ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ ‘ഒരു രാജ്യം രണ്ടു സംവിധാനങ്ങൾ’ എന്ന നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ 110-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയായിരുന്നു ഷീ ജിൻപിങിന്റെ പ്രഖ്യാപനം. അമേരിക്കയെ തന്നെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ നീക്കങ്ങൾ. തായ്‌വാന്റെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുകയും തായ്‌വാനെതിരെ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക.

തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. തായ്‌വാന്റെ വ്യോമമേഖല ലംഘിച്ച് ചൈന നിരന്തരം പ്രകോപനപരമായി യുദ്ധവിമാനങ്ങൾ പറത്തുന്നുണ്ട്.

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് നടപടി. കൽക്കരി, ഊർജ മന്ത്രിമാരാണ് അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്. എൻ.ടി.പി.സിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. കൽക്കരി ക്ഷാമത്തെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം വിളിച്ചു ചേർത്തത്. പവർ പ്ലാന്റുകളിലെ കൽക്കരിയുടെ ലഭ്യത, ഊർജ ആവശ്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗത്തിൽ ചർച്ചാ വിഷയമായി.

പവർ പ്ലാന്റുകളിൽ 7.2 ദശലക്ഷം ടൺ കൽക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെണ്ടതില്ലെന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടൺ സ്റ്റോക്കുണ്ടെന്നും കേന്ദ്രം വിശദമാക്കിയിരുന്നു.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനൗദ്യോഗിക പവർ കട്ട് തുടരുകയാണ്. കേന്ദ്ര വിഹിതം കുറഞ്ഞത് കാരണമാണ് പലസ്ഥലങ്ങളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്.

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് വീരമൃത്യു വരിച്ചത്. ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് പൂഞ്ച് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.

അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ തെരച്ചിലിനെത്തിയതായിരുന്നു സൈനികർ. പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

നാല് ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചുവെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ സൈന്യം ഔദ്യോഗിക സ്ഥരീകരണം നൽകിയിട്ടില്ല. മേഖലയിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.