General (Page 1,378)

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ നൽകി സൈനികർ പ്രതിഷേധിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച് അധികൃതർ. ഇന്ത്യൻ കരസേനയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സമരപ്പന്തലിന് താഴെ സൈനികർ സാധാരണക്കാരോടൊപ്പം നിൽക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നാണ് ഇന്ത്യൻ സൈന്യം അറിയിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പഞ്ചാബ് റെജിമെന്റിലെ സൈനികർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇന്ത്യൻ കരസേന ഈ വാർത്ത നിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ 11 മാസത്തോളമായി സമരം ചെയ്യുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത്.

തിരുവനന്തപുരം: മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയൽ കുട്ടികളെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കി നടൻ എംബി പത്മകുമാർ. സ്വന്തം ജീവിതാനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. വേർപിരിയലിന്റെ വക്കിൽ നിന്നും വീണ്ടും ഒന്നിച്ച് നിലവിൽ സന്തുഷ്ട കുടുംബജീവിതം നയിച്ച് വരുന്നയാളാണ് എംബി പത്മകുമാർ. മക്കളുടെ മനസ് അവൻ പറയുമെന്ന ക്യാപ്ഷനോടെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് പത്മകുമാർ വീഡിയോ ചെയ്തിരിക്കുന്നത്. വിവാഹ മോചനത്തിന്റെ വക്കിലെത്തിയവരുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹം വീഡിയോ ചെയ്തത്.

ഈ ജനുവരിയിൽ തങ്ങൾ നിയമപരമായി വേർപിരിയും. ഞാനെത്ര കാല് പിടിച്ച് പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല, തങ്ങൾക്ക് 7 വയസുള്ളൊരു മകനുണ്ട്, അവൻ ഇതോടെ ഒറ്റപ്പെടും. അതെനിക്ക് സഹിക്കാനാവില്ല, എന്നെ സഹായിക്കാമോ, ഇത്തരത്തിൽ നിരവധി പേരാണ് തന്നോട് സഹായം ചോദിച്ചെത്തിയതെന്ന് പത്മകുമാർ പറയുന്നു. കഴിഞ്ഞ വീഡിയോ കണ്ടതിന് ശേഷം നിരവധി പേരാണ് പേഴ്സണലായി മെസ്സേജ് അയച്ചിട്ടുള്ളത്. തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളെ കൈപിടിച്ച് ഉയർത്താമോയെന്നാണ് എല്ലാവരും ചോദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയൽ മക്കളെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമാക്കി വീഡിയോ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്. പത്മകുമാറിന്റെ മകനായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

‘അച്ഛനും അമ്മയും രാത്രി വഴക്കിട്ടിരുന്നു, അത് ഞാനങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. രാവിലെ അച്ഛൻ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി, കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെയാണ് കണ്ടത്. സാധാരണ വീട്ടിൽ പോവുമ്പോൾ അമ്മ കരയാറില്ല. ഇത്തവണ കരയുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയിരുന്നു പതിവ് പോലെ നമ്മൾ തിരിച്ചെത്തുമെന്നായിരുന്നു കരുതിയത്. 2 ദിവസം കഴിഞ്ഞിട്ടും തിരിച്ചുവരാതെയായപ്പോൾ ശരിക്കും സങ്കടം തോന്നിയിരുന്നു. രണ്ടാളും ഒപ്പമുണ്ടാവുമ്പോഴുള്ള വൈബ് നഷ്ടമായിരുന്നു. പാരൻസിന്റെ സെപ്പറേഷൻ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മക്കളെയാണ്. അച്ഛനും അമ്മയും വിഷമിച്ചതിനേക്കാൾ കൂടുതൽ വിഷമിച്ചത് താനാണെന്നും’ പത്മകുമാറിന്റെ മകൻ പറയുന്നു.

ഒരു വർഷത്തോളമാണ് തങ്ങൾ പിരിഞ്ഞിരുന്നതെന്നും ആ സമയത്ത് സത്യയ്ക്ക് 6 വയസ് കഴിഞ്ഞതാണെന്നും പത്മകുമാർ പറഞ്ഞു. തങ്ങളുടെ വേർപിരിയൽ അവനെ ബാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതം തിരിച്ച് പിടിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്കിഷ്ടപ്പെട്ട പങ്കാളിയല്ലെങ്കിലും നിങ്ങളൊന്ന് ചേർന്നവരല്ലേ, നിങ്ങൾക്കൊരു കുഞ്ഞില്ലേ. അതിനായി ശ്രമിച്ച് നോക്കൂവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.

ലക്നൗ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ലഖിംപൂർ സംഭവത്തിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. കർഷകരെ ഇടിച്ചുവീഴ്ത്തിയവർക്ക് ഇന്ത്യൻ ഭരണഘടനയെയും ചവിട്ടിമെതിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അവർ നാളെ കർഷകരെ കഴിയുമെങ്കിൽ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ അധികാരത്തിലിരിക്കുന്നവർ ചെയ്യുന്ന പ്രവർത്തികൾ നാം കണ്ടു. ലഖിംപൂരിലും അവരുടെ പ്രവർത്തി നാം കണ്ടു. കർഷകരെ വാഹനങ്ങളുപയോഗിച്ച് തട്ടിത്തെറിപ്പിച്ചു. നിയമത്തെയും ചവിട്ടിമെതിക്കാൻ അവിടെ ശ്രമമുണ്ടായിരുന്നെന്നും കർഷകരെയും നിയമത്തെയും ചവിട്ടിമെതിക്കുന്നവർ ഭരണഘടനയെയും അത്തരത്തിൽ തകർക്കുമെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ശരൺപൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

അന്നദാതാവായ കർഷകന് ഇന്ന് അധിക്ഷേപം കേൾക്കേണ്ടി വരുന്നു. നാളെ അവർ കഴിയുമെങ്കിൽ നിങ്ങളെ തീവ്രവാദികളെന്ന് വിളിക്കും. അഖിലേഷ് പറഞ്ഞു. നിരവധി തവണ ബിജെപി അധിക്ഷേപിച്ചിട്ടും പിന്മാറാക്ക കർഷകരെ അഖിലേഷ് യാദവ് അഭിനന്ദിക്കുകയും ചെയ്തു. യുപി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗളൂരു: സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി കർണാടക ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ. ആധുനിക കാലത്തെ ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനും പ്രസവിക്കാനും താത്പര്യമില്ലെന്നും ഇന്ത്യൻ സമൂഹത്തെ പാശ്ചാത്യ ജീവിതം സ്വാധീനിച്ചിരിക്കുന്നുവെന്നുമാണ് കെ സുധാകർ പറയുന്നത്. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോളജിക്കൽ സയൻസിൽ പ്രസംഗിക്കവെയായിരുന്നു മന്ത്രി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

ഇക്കാലത്ത് ഒരുപാട് സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവാഹം കഴിച്ചാൽതന്നെ ഇവർക്ക് പ്രസവിക്കാൻ താത്പര്യമില്ലെന്നും ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ആളുകൾ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. വാടക ഗർഭധാരണമാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ചിന്തകൾ മാറിയിരിക്കുന്നുവെന്നും അത് നല്ലതല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഏഴു ഇന്ത്യക്കാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. സമ്മർദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണെന്നും യോഗയിലൂടെയും ധ്യാനത്തിലൂടെയും ആ കല നമ്മൾ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്ത്രീകൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയത്.

കോഴിക്കോട്: ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ മകനും അന്നം സ്റ്റീൽസ് ഉടമയുമായ ഇ.കെ ഫിറോസിന്റെ വീടും സ്ഥാപനവും ജപ്തി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 200 കോടി രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയതിനാണ് ഇ കെ ഫിറോസിന്റെ വീടും സ്ഥാപനവും ജപ്തി ചെയ്യുന്നത്. കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

നാലു വർഷം മുമ്പാണ് സ്‌ക്രാപ്പ് ബിസിനസിനായി പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഫിറോസ് വൻതുക വായ്പ എടുത്തത്. രണ്ട് വർഷമായിരുന്നു വായ്പാ തിരിച്ചടവ് കാലാവധി. ഇതിനിടെ ചൈനയിൽ നിന്ന് സ്‌ക്രാപ്പ് വൻതോതിൽ വന്നതോടെ ബിസിനസ് വൻ നഷ്ടത്തിലാകുകയും ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു.

മുതലും പലിശയും ചേർന്ന് വായ്പാ തുക 200 കോടിയായി ഉയർന്നു. ഇതോടെയാണ് ബാങ്കുകൾ കോടതിയെ സമീപിച്ചത്. ഈ മാസം 21 നകം ജാമ്യ വസ്തുക്കൾ ജപ്തി ചെയ്ത് ബാങ്കിന് മുതൽകൂട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. ഫ്‌ളോറിക്കൽ ഹിൽസ് റോഡിലുള്ള ഫിറോസിന്റെ വീടും നഗരത്തിലെ ഷോപ്പിംഗ് കോംപ്‌ളക്‌സായ ഫോർ ഇൻ ബസാറുമാണ് ജാമ്യ വസ്തുക്കൾ. അതേസമയം മറ്റേതെങ്കിലും വസ്തു വിറ്റ് ജപ്തി ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

മുംബൈ: ആഢംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരൻ അറസ്റ്റിൽ. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. ഒകറോ ഔസാമ എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ സബർബൻ ഗോറെഗാവിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും ഇയാളുടെ പക്കൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശ പൗരനാണിത്. മുൻപും കേസിൽ ഒരു നൈജീരിയൻ പൗരൻ അറസ്റ്റിലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കേസിലെ വിദേശ ബന്ധത്തെ കുറിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഒക്ടോബർ രണ്ടിന് ആഡംബര കപ്പൽ കോർഡിലിയയിൽ നടത്തിയ റെയ്ഡിലാണ് ലഹരി മരുന്ന് ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. ലഹരി മരുന്നുകളും കപ്പലിൽ നിന്നും പിടിച്ചെടുത്തിരുന്നു.

ന്യൂഡൽഹി: ഇനി വീട്ടിൽ തന്നെ കോവിഡ് നിർണയം നടത്താം. കൊവിഫൈൻഡ് കോവിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിലൂടെയാണ് വീട്ടിലിരുന്ന് തന്നെ കോവിഡ് നിർണയം നടത്താൻ കഴിയുന്നത്. കിറ്റിന്റെ സഹായത്തോടെ രോഗനിർണയം വേഗത്തിൽ മനസിലാക്കി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും രാഗവ്യാപന സാധ്യത കുറയ്ക്കാനും കഴിയും. കൊവിഫൈൻഡ് ആപ്പിലൂടെയാണ് കിറ്റിന്റെ പ്രവർത്തനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അംഗീകരിച്ച പരിശോധനാ രീതിയാണ് കൊവിഫൈൻഡ്.

രോഗലക്ഷണമുള്ളവരുടെയോ കോവിഡ് രോഗിയുമായി സമ്പർക്കപ്പട്ടികയിൽ വന്നവരുടെയോ മൂക്കിലെ സ്രവമാണ് കൊവിഫൈൻഡിലൂടെ ഫലം കണ്ടെത്തുന്നത്. കൊവിഫൈൻഡിൽ ഫലം പോസിറ്റീവായി തെളിഞ്ഞാൽ വീണ്ടും ആർടിപിസിആർ നടത്തി പുനപരിശോധിക്കേണ്ടതില്ലെന്നതാണ് ഈ രീതിയുടെ പ്രത്യേകത. രണ്ടു വയസു മുതലുള്ള കുട്ടികളിലും മുതിർന്നവരിലും കൊവിഫൈൻഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റുപയോഗിച്ച് രോഗനിർണയം നടത്താൻ കഴിയും. ഫലം നെഗറ്റീവ് ആണെങ്കിൽ രോഗലക്ഷണങ്ങളനുസരിച്ച് ആവശ്യമെങ്കിൽ മെഡിക്കൽ സേവനം തേടാം.

15 മിനിറ്റുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. കൊവിഫൈൻഡ് ആപ്പുവഴി റിസൾട്ട് നോക്കാം. മൂക്കിലൂടെ സ്രവമെടുക്കുന്ന കൊവിഫൈൻഡ് ടെസ്റ്റിൽ വേദനയോ അസ്വസ്ഥതകളോ ഇല്ല ടെസ്റ്റ് കിറ്റിന്റെ ഉപയോഗരീതി കൊവിഫൈൻഡ് ആപ്പിലെ വിഡിയോയിലൂടെ എളുപ്പത്തിൽ മനസിലാക്കാനും കഴിയും. ഏതെങ്കിലും സാഹചര്യത്തിൽ കോവിഡ് ബാധിതനായ വ്യക്തിയുമായി സമ്പർക്കമുണ്ടായാൽ സമ്പർക്കം വ്യാപിക്കാതിരിക്കാനും വേഗത്തിൽ നിരീക്ഷണത്തിൽ പ്രവേശിക്കാനും സാധിക്കും. കൊവിഫൈൻഡ് കോവിഡ്-19 ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന്റെ ചിലവും കുറവാണ്.

തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തി ബന്ധം വച്ചാണെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. മറ്റ് ബന്ധമൊന്നും സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും ഉദ്ഘാടനത്തിന് അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും സന്ദീപ് നായർ വ്യക്തമാക്കി.

അതേസമയം സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത് വഴിയാണ്. കോൺസുലേറ്റിന്റെ ചില കോൺട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003 ൽ സ്വണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.

താൻ നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാം. തന്റെ വീട്ടിൽ നിന്നും എടുത്ത സാധനങ്ങൾ സ്വർണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയിൽ തെളിയിക്കട്ടെ. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരിവിലേക്ക് പോയതെന്നാണ് സന്ദീപിന്റെ അവകാശവാദം. മഹാരാഷ്ട്രയിലേക്ക് പോകാൻ ഒരു ട്രാൻസിറ്റ് പാസ് എടുത്തിരുന്നു. സ്വപ്നയുമൊത്താണ് ശിവശങ്കനെ കണ്ടത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ടറിയില്ല. യൂണിടാക്കിനെ കോൺസുൽ ജനറിലിനെ പരിചയപ്പെടുത്തിയെന്നും സന്ദീപ് വിശദമാക്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിൽ കഴിയുകയായിരുന്ന സന്ദീപ് നായർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ന്യൂഡൽഹി: രാജ്യത്ത് ഊർജ പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി ആർകെ സിങ്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് പവർ പ്ലാന്റുകൾക്ക് വേണ്ടത്ര ഗ്യാസ് നൽകാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. കൽക്കരിക്ക് ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത വാദമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ദിവസത്തേക്കുള്ള കൽക്കരിയുടെ കരുതൽ ശേഖരം രാജ്യത്തുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. എല്ലാ ദിവസവും പുതിയ കൽക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്. കൽക്കരി മന്ത്രിയുമായി ആശയവിനിമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കൽക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം തുടക്കം മുതലേ പറയുന്നത്.

അതേസമയം ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊച്ചി: മോൻസൻ മാവുങ്കലിന് കുരുക്ക് മുറുകുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഡിആർഡിഒയുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസ്. റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥം തന്റെ കയ്യിലുണ്ടെന്ന് മോൻസൺ പലരെയും കബളിപ്പിച്ചിരുന്നു.

ഇറിഡിയം കയ്യിൽ സൂക്ഷിക്കുവാൻ തനിക്ക് ഡി ആർ ഡി ഒയുടെ അനുമതി ഉണ്ടെന്ന രേഖയാണ് മോൻസൻ ആളുകളെ കാണിച്ചിരുന്നത്. ഇത് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ ഒപ്പും സീലും ഗവേഷകരുടെ പേരിൽ മോൻസൺ നിർമ്മിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏഴു കേസുകളിലാണ് മോൻസനെ പ്രതിചേർത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ അറസ്റ്റിലായതോടെ നിരവധി പേരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.