ഉത്രവധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി; മറ്റന്നാൾ ശിക്ഷ വിധിക്കും

കൊല്ലം: ഉത്രവധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കുമെന്നും കൊല്ലം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി സൂരജിനെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.

ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജ് നൽകിയ മറുപടി. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് ആവശ്യപ്പെട്ടത്. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് പറയാനാവില്ലെന്നും ഉത്രയുടേത് ഒരു കൊലപാതകമല്ലെന്നുമാണ് സൂരജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.