ന്യൂഡൽഹി: മാലി ദ്വീപിൽ നിന്ന് ഇന്ത്യയിലെത്താൻ ഇനി വിസ ആവശ്യമില്ല. 2018 ലെ വിസ രഹിത കരാർ പുന:സ്ഥാപിക്കുന്നതിന് ഇന്ത്യ അംഗീകാരം നൽകി. ഒക്ടോബർ 15 മുതൽ മാലി ദ്വീപ് വംശജർക്ക് വിസ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. മാലി ദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് വിസ രഹിത കരാർ പുന: സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
വിനോദ സഞ്ചാരം, മെഡിക്കൽ ആവശ്യങ്ങൾ, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി മാലി ദ്വീപ് വംശജർക്ക് വിസ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് വരാം. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പുനരാരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനും നന്ദി അറിയിക്കുന്നുവെന്ന് അബ്ദുള്ള ഷഹീദ് വ്യക്തമാക്കി. വിസരഹിത യാത്രയ്ക്കായി ഇന്ത്യയുടെ അനുമതി ലഭിക്കുന്ന ആദ്യ രാജ്യമാണ് മാലി ദ്വീപ്.
ഇരു രാജ്യങ്ങളിലേക്കും വിസ രഹിത യാത്ര നടത്താനുള്ള അനുമതി നൽകിക്കൊണ്ട് മാലി ദ്വീപും ഇന്ത്യയും തമ്മിൽ നേരത്തെ കരാർ ഒപ്പിട്ടിരുന്നു. 2018 ഡിസംബറിലാണ് വിസ രഹിത യാത്ര നടത്താനുള്ള അനുമതി നൽകിയത്. ഇന്ത്യയിൽ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെയാണ് അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ കരാർ റദ്ദാക്കിയത്.

