പി വി അൻവറിനെ കാണാനില്ല; ടോർച്ച് സമരവുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കാണാതായ എം.എൽ.എയെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് ടോർച്ച് സമരത്തിന് രൂപം നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റി ഇന്ന് ടോർച്ച് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ആണ് മാർച്ച് ഉദ്ഘാടനം ചെയ്യുക.

നേരത്തെയും പി വി അൻവറിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. നിലമ്പൂർ എം എൽ എ ആയ അൻവറിനെ മണ്ഡലത്തിലോ നിയമസഭയിലോ കാണാനില്ലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. അതേസമയം കോൺഗ്രസ് തന്നെ നിരന്തരമായി വേട്ടയാടുകയാണെന്നാണ് പി വി അൻവർ പറയുന്നത്.