ജമ്മു കശ്മീരിലെ ആക്രമണങ്ങൾ; തീവ്രവാദ അനുഭാവികളായ 700 പേരെ തടവിലാക്കി സുരക്ഷാ സേന

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദ അനുഭാവികളായ 700 പേരെ തടവിലാക്കി സുരക്ഷാ സേന. തടവിലായവരിൽ പലർക്കും ജമാഅത്തെ ഇസ്ലാമിയുമായോ മറ്റു ഭീകരസംഘടനകളുമായോ ബന്ധമുണ്ട്. കശ്മീർ താഴ്വരയിലെ ആക്രമണ ശൃംഖല തകർക്കാനാണ് ഇവരെ തടവിലാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ആറ് ദിവസത്തിനിടെ കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം സമുദായക്കാർ ഉൾപ്പെടെ ഏഴ് സാധാരണക്കാരാണ് ജമ്മു കശ്മീരിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഭീകരപ്രവർത്തനങ്ങളിലെ വർധനവാണ് ആക്രമണങ്ങൾക്ക് കാരണമായതെന്നാണ് കശ്മീർ പോലീസ് വ്യക്തമാക്കുന്നത്.

ലഷ്‌കർ ഇ ത്വയ്ബയുടെ ഉപഘടകമായ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ട്’ ആണ് ഭൂരിഭാഗം ആക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ജനുവരി മാസം മുതലുള്ള കണക്കുകൾ അനുസരിച്ച് 28 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ട്രാൻസിറ്റ് ക്യാംപുകളിൽ താമസിക്കുന്ന നിരവധി കശ്മീരി പണ്ഡിറ്റുകൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്തു. അതേസമയം ജമ്മു കശ്മീർ ലെഫ്.ഗവർണർ മനോജ് സിൻഹ ആക്രമണങ്ങലെ അപലപിച്ചു. ആക്രമണങ്ങൾ നടത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.