General (Page 1,307)

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സ്ഥിരം സെക്രട്ടറി എന്ന നിലയിൽ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയിൽ അഭിപ്രായമുയരർന്നിരുന്നു. തുടർന്നാണ് വീണ്ടും കോടിയേരിയെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 നവംബർ 13-ന് ആണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും സ്ഥാനം ഒഴിയാൻ കാരണമായെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു. കോടിയേരി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ എ. വിജയരാഘവന് സെക്രട്ടറിയുടെ താത്ക്കാലിക ചുമതല നൽകി. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനെയും ബിനീഷിന് ജാമ്യം ലഭിച്ചതിനെയും തുടർന്നാണ് കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

കൊച്ചി: മിസ് കേരള 2021 മത്സരത്തിൽ സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട് ഗോപിക സുരേഷ്. കൊച്ചിയിൽ നടന്ന മത്സരത്തിലാണ് കണ്ണൂർ സ്വദേശിനിയായ ഗോപിക സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ടത്. 24 സുന്ദരികളെ പിന്തള്ളിയാണ് ഗോപിക സുരേഷ് സൗന്ദര്യ റാണിയായത്. മത്സരത്തിൽ എറണാകുളം സ്വദേശിനി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്. തൃശൂർ സ്വദേശിയും ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയുമാണ് ഗഗന ഗോപാൽ.

സംഗീത സംവിധായകൻ ദീപക് ദേവ്, സംവിധായകൻ ജീത്തു ജോസഫ് തുടങ്ങിയവർ ഉൾപ്പെട്ട ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിലേക്ക് അഞ്ചു പേർ തെരഞ്ഞെടുക്കപ്പെട്ടു. വിധികർത്താക്കളുടെ ചോദ്യോത്തര റൗണ്ടിനൊടുവിലാണ് വിജയികളെ തെരഞ്ഞെടുത്തത്. യുവാക്കളിലെ ലഹരി ഉപയോഗം സംബന്ധിച്ച ചോദ്യത്തിന് മികച്ച ഉത്തരം നൽകിയതിലൂടെയാണ് ഗോപികയെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കേരളീയം, ലെഹംഗ, ഗൗൺ എന്നീ മൂന്ന് റൗണ്ടുകളിൽ മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായി തെരഞ്ഞെടുത്തത്. മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കൺജീനിയാലിറ്റി, മിസ് ടാലന്റഡ് തുടങ്ങിയവയും തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂഡൽഹി: ഡാം സുരക്ഷാ ബില്ല് പാസാക്കി രാജ്യസഭ. രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലാക്കാനുള്ള ബില്ലിനാണ് രാജ്യസഭ അംഗീകാരം നൽകിയത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം പിന്തള്ളി ബില്ല് രാജ്യസഭ പാസാക്കുകയായിരുന്നു. ഫെഡറൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. നേരത്തെ ബില്ലിന് ലോക്‌സഭ അംഗീകാരം നൽകിയിരുന്നു.

പുതിയ ബില്ല് അനുസരിച്ച് രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിയുടെ പരിധിയിൽ ഉൾപ്പെടും. അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റിയായിരിക്കും നിയമം നിലവിൽ വന്നതിന് ശേഷം നിർവ്വഹിക്കുന്നത്. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടായിരിക്കും. പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത്. രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകകളായിരിക്കും നിയമത്തിന്റെ കടന്നു വരവോടെ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാകുന്നത്. മുല്ലപ്പെരിയാർ തൽക്കാലം സുപ്രീംകോടതി മേൽനോട്ടത്തിൽ തുടരും. എന്നാൽ ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിന് പരിധിയിലേക്ക് വരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

അതേസമയം ബിജെഡി, അണ്ണാ ഡിഎംകെ പാർട്ടികളും ബില്ലിനെതിരെ എതിർപ്പുമായി രംഗത്തെത്തി. സാധാരണ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന പാർട്ടികളായിരുന്നു ഇവ. എന്നാൽ മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്റെയും തമിഴ് നാടിന്റെയും എതിർപ്പിന് കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവല്ല: സിപിഎം നേതാവിനെ വെട്ടിക്കൊന്നു. പത്തനംതിട്ടയിലാണ് സംഭവം. സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സന്ദീപിന്റെ കഴുത്തിലും നെഞ്ചിലും കുത്തേറ്റു. ഓടിരക്ഷപ്പെടാനായി വയലിലേക്ക് ചാടിയ സന്ദീപിനെ വീണ്ടു അക്രമികൾ പിന്തുടർന്ന് ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ജയിലിലായിരുന്ന ജിഷ്ണു ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും രോഗ്യവ്യാപനം സംബന്ധിച്ച് അവബോധം അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒമിക്രോൺ മൂലം നിലവിൽ ലോകത്തെവിടെയും വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടു കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 11, 12 തീയതികളിലാണ് ഇവർ ബംഗളൂരുവിൽ എത്തിയത്.

ബംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി കേരളം. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് കേരളത്തിന്റെ തീരുമാനം. തെങ്കാശിയിലെ 6000 കർഷകരിൽ നിന്നും കേരളം നേരിട്ട് പച്ചക്കറി വാങ്ങുമെന്നാണ് റിപ്പോർട്ട്.

ഈ മാസം എട്ടിന് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടും. തെങ്കാശിയിൽ നടന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥ തല ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 6000 കർഷകരെ പ്രതിനിധീകരിക്കുന്ന 6 സംഘടനാ നേതാക്കളും കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ ഹോർട്ടികോർപ്പ് എംഡിയും ചർച്ചയിൽ പങ്കെടുത്തു. കർഷകരെ പ്രതിനിധീകരിക്കുന്ന സംഘടനകൾക്ക് നൽകേണ്ട വിഹിതം എത്രയാണെന്ന കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാകും. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കിയായിരിക്കും പച്ചക്കറികൾ വാങ്ങുക.

മുംബൈ: നെടുമ്പാശേരി വിമാനത്താവളത്തിൽ പങ്കാളിത്തം ഉറപ്പാക്കി ടാറ്റാ ഗ്രൂപ്പ്. എയർ ഇന്ത്യ സർക്കാരിൽ നിന്ന് ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. മൂന്നു ശതമാനം ഓഹരിയാണ് ടാറ്റാ ഗ്രൂപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലുള്ളത്. എയർ ഇന്ത്യയുടെ കൈമാറ്റം പൂർണമാകുന്നതോടെ നെടുമ്പാശേരിയെ ടാറ്റയ്ക്കും നിയന്ത്രിക്കാൻ കഴിയും.

45 കോടി രൂപയുടെ നിക്ഷേപമാണ് എയർ ഇന്ത്യയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ മൂന്ന് ശതമാനം ഓഹരിപങ്കാളിത്തം സർക്കാർ എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിലേക്ക് മാറ്റിയിട്ടില്ല.

പുനഃസംഘടനാ പദ്ധതി അനുസരിച്ച് എയർ ഇന്ത്യയുടെ ആസ്തികളും കടബാധ്യതയും എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടില്ല. ഇതെല്ലാം ഇനി ടാറ്റയുടെ ഭാഗമാകും. അടുത്ത വർഷം ജനുവരി അവസാനത്തോടെ കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കൽ രേഖ പ്രകാരം ഇതെല്ലാം ടാറ്റയ്ക്ക് തന്നെ ലഭിക്കുന്നതാണ്. വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനി എന്ന വിശേഷണമാണ് ടാറ്റാ ഗ്രൂപ്പിനെ തേടിയെത്തുന്നത്. അതേസമയം എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അർബൻ ഡവലപ്പ്മെന്റ് കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾക്കും നെടുമ്പാശേരി വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തമുണ്ട്.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി വാക്‌സിൻ നിർമ്മാതാക്കളായ ഫൈസർ. എല്ലാ വർഷവും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ഫൈസർ പറയുന്നത്. ഫൈസർ സിഇഒ ഡോ ആൽബർട്ട് ബുർലയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ എല്ലാ വർഷവും വാക്‌സിനുകൾ വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാക്‌സിനേഷൻ ആളുകളിൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്നും വർഷന്തോറും വാകിസിൻ സ്വീകരിക്കുന്നത് ശക്തവും ഉയർന്ന തലത്തിലുള്ളതുമായ സംരക്ഷണം നൽകുകയും ചെയ്‌തേക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകാനുള്ള യുഎസിന്റെ തീരുമാനത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. യുകെയിലെയും യൂറോപ്പിലെയും ഈ പ്രായത്തിലുള്ളവരിൽ കുത്തിവെപ്പ് നൽകുന്നത് മികച്ച തീരുമാനമായിരിക്കും. സ്‌കൂളുകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യം തടയാൻ ഈ പ്രായത്തിലുള്ളവരിലെ വാക്‌സിനേഷൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം എല്ലാ വർഷവും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കേണ്ടിവരുമെന്ന ഫൈസറിന്റെ നിലപാടിന് അമേരിക്ക പിന്തുണ നൽകി. ബൂസ്റ്റർ ഡോസിലൂടെ ജനങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. രോഗബാധയെ പ്രതിരോധിക്കാൻ അമേരിക്കൻ ജനത എല്ലാ വർഷവും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കോഴിക്കോട്: വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തെ തള്ളി സമസ്ത. വിഷയത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം ആവശ്യമില്ലെന്നുമാണ് സമസ്തയുടെ നിലപാട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ട് വഖഫ് നിയമം പിഎസ് സിക്ക് വിട്ടതിൽ സമസ്‌ക്കുള്ള എതിർപ്പ് സംബന്ധിച്ച് നമുക്ക് കൂടിയാലോചിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്നും അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് ജിഫ്രി മുത്തുക്കോയ പറയുന്നത്. വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിൽ പ്രതിഷേധമുണ്ട്. അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കിൽ മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം എം.പിയും സമസ്ത നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. മാന്യമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിൽ നമ്മളും ആ രീതിയിൽ നീങ്ങേണ്ടതുണ്ട്. പരിഹാരമാർഗങ്ങളുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിഹാര മാർഗങ്ങളില്ലെങ്കിൽ പ്രതിഷേധത്തിന് മുന്നിൽ സമസ്ത ഉണ്ടാകും. പള്ളികളിൽ ഒരു പ്രതിഷേധവുമുണ്ടാകില്ല. പള്ളി അല്ലാത്ത ഇടങ്ങളിൽ ഉത്ബോധനം നടത്തും. വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരെ ജിഫ്രി തങ്ങൾ രൂക്ഷവിമർശനം ഉന്നയിച്ചു. പ്രതിഷേധിക്കേണ്ട സമയം വരുമ്പോൾ പ്രതിഷേധിക്കേണ്ടി വരും. അത് ഏത് സർക്കാരാണെങ്കിലും യുഡിഎഫാണെങ്കിലും എൽഡിഎഫാണെങ്കിലും. എല്ലാം പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ പറ്റില്ല. വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ ചില നഷ്ടങ്ങളുണ്ട്. ഇതിൽ ഒരു പ്രതിഷേധം ആവശ്യമുണ്ട്. പ്രതിഷേധിച്ചുകൊണ്ട് ഒരു പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രതിഷേധം പള്ളിയിൽ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗളൂരു: ഇന്ത്യയിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 11, 12 തീയതികളിലാണ് ഇവർ ബംഗളൂരുവിൽ എത്തിയത്.

ബംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.

രോഗികളുമായി സമ്പർക്കമുള്ളവരെയെല്ലാം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 10 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേർക്കാണ് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഈ രാജ്യങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.