തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി കേരളം. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് കേരളത്തിന്റെ തീരുമാനം. തെങ്കാശിയിലെ 6000 കർഷകരിൽ നിന്നും കേരളം നേരിട്ട് പച്ചക്കറി വാങ്ങുമെന്നാണ് റിപ്പോർട്ട്.
ഈ മാസം എട്ടിന് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടും. തെങ്കാശിയിൽ നടന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥ തല ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 6000 കർഷകരെ പ്രതിനിധീകരിക്കുന്ന 6 സംഘടനാ നേതാക്കളും കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ ഹോർട്ടികോർപ്പ് എംഡിയും ചർച്ചയിൽ പങ്കെടുത്തു. കർഷകരെ പ്രതിനിധീകരിക്കുന്ന സംഘടനകൾക്ക് നൽകേണ്ട വിഹിതം എത്രയാണെന്ന കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാകും. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കിയായിരിക്കും പച്ചക്കറികൾ വാങ്ങുക.

