മിസ് കേരള 2021 മത്സരം; സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട് ഗോപിക സുരേഷ്

കൊച്ചി: മിസ് കേരള 2021 മത്സരത്തിൽ സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട് ഗോപിക സുരേഷ്. കൊച്ചിയിൽ നടന്ന മത്സരത്തിലാണ് കണ്ണൂർ സ്വദേശിനിയായ ഗോപിക സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ടത്. 24 സുന്ദരികളെ പിന്തള്ളിയാണ് ഗോപിക സുരേഷ് സൗന്ദര്യ റാണിയായത്. മത്സരത്തിൽ എറണാകുളം സ്വദേശിനി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്. തൃശൂർ സ്വദേശിയും ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയുമാണ് ഗഗന ഗോപാൽ.

സംഗീത സംവിധായകൻ ദീപക് ദേവ്, സംവിധായകൻ ജീത്തു ജോസഫ് തുടങ്ങിയവർ ഉൾപ്പെട്ട ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിലേക്ക് അഞ്ചു പേർ തെരഞ്ഞെടുക്കപ്പെട്ടു. വിധികർത്താക്കളുടെ ചോദ്യോത്തര റൗണ്ടിനൊടുവിലാണ് വിജയികളെ തെരഞ്ഞെടുത്തത്. യുവാക്കളിലെ ലഹരി ഉപയോഗം സംബന്ധിച്ച ചോദ്യത്തിന് മികച്ച ഉത്തരം നൽകിയതിലൂടെയാണ് ഗോപികയെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കേരളീയം, ലെഹംഗ, ഗൗൺ എന്നീ മൂന്ന് റൗണ്ടുകളിൽ മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായി തെരഞ്ഞെടുത്തത്. മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കൺജീനിയാലിറ്റി, മിസ് ടാലന്റഡ് തുടങ്ങിയവയും തെരഞ്ഞെടുക്കപ്പെട്ടു.