General (Page 1,306)

ഓസ്‌ട്രേലിയ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വാക്‌സിൻ സ്വീകരിക്കലിലൂടെ മാത്രമെ കോവിഡ് വ്യാപനം തടയാൻ കഴിയൂവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ചിലർ ഇപ്പോഴും വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുകൾ. ഇത്തരത്തിലൊരു വാർത്തയാണ് ഓസ്‌ട്രേലിയയിൽ നിന്നും പുറത്തു വരുന്നത്.

അധ്യാപകർ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ ഡിസംബർ 17-നകം ആദ്യ ഡോസ് വാക്‌സിൻ എടുക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് അധ്യാപകർ നീണ്ട അവധിയിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അധ്യാപകർ കൂട്ടതോടെ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ്‌ സംസ്ഥാനത്തിലെ ഒരു പ്രാദേശിക സ്‌കൂളിലെ ഭൂരിഭാഗം ജീവനക്കാരുമാണ് സർക്കാറിന്റെ പുതിയ വാക്സിൻ ഉത്തരവിൽ പ്രതിഷേധിച്ച് അവധിയിൽ പ്രവേശിച്ചത്. ഇതോടെ സ്‌കൂൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലായിരിക്കുകയാണ്.

ജനുവരി 23-നകം പുതിയ അധ്യയനം തുടങ്ങുമ്പോൾ പൂർണമായും വാക്‌സിനേഷൻ ഉറപ്പ് വരുത്തണമെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം. ആറാം ക്ലാസുവരെയുള്ള കുട്ടികളുടെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് അധ്യാപകർ അപ്രതീക്ഷിത നീക്കം നടത്തിയത്. നിലവിൽ അഞ്ച് അധ്യാപക സഹായികളും സ്പെഷ്യലിസ്റ്റ് അധ്യാപകരും മാത്രമാണ് സ്‌കൂളിലെത്തുന്നത്. അവധിയിൽ പോയ അധ്യാപകർക്ക് രക്ഷിതാക്കളും പിന്തുണ നൽകി. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് അധ്യാപകർ പറയുന്നത്.

2021 ഡിസംബർ 17-നകം ആദ്യ ഡോസും 2022 ജനുവരി 23-നുള്ളിൽ രണ്ടാം ഡോസും സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുജനാരോഗ്യ നിർദ്ദേശം നടപ്പിലാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. സാധുവായ മെഡിക്കൽ ഇളവ് ഇല്ലെങ്കിൽ എല്ലാ ജീവനക്കാരും പൊതുജനാരോഗ്യ ഉത്തരവ് അനുസരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നു. വിദ്യാർത്ഥികളടെ പഠനത്തെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

covid

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തുമായി ഗവേഷകർ. കോവിഡ് അണുബാധയക്ക് കൂടുതൽ വിധേയരാകുന്നത് എ, ബി രക്തഗ്രൂപ്പുകളും ആർഎച്ച് പോസിറ്റീവ് ഉള്ള ആളുകളുമാണെന്ന പുതിയ പഠനമാണ് ഗവേഷകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഒ, എബി, ആർഎച്ച് നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവർക്ക് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് പഠനം നടത്തിയത്. 2,586 കോവിഡ് പോസിറ്റീവ് രോഗികളിലാണ് ഗവേഷണം നടത്തിയത്.

2020 ഏപ്രിൽ 8 മുതൽ ഒക്ടോബർ 4 വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് പിസിആർ- ആർടിപിസിആർ പരിശോധന നടത്തിയത്. എസ്ജിആർഎച്ചിലെ ഡിപ്പാർട്ട്മെന്റ് ഓഫ് റിസർച്ചും ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിനും ചേർന്ന് നടത്തിയ പഠനം ‘ഫ്രോണ്ടിയേഴ്‌സ് ഇൻ സെല്ലുലാർ ആൻഡ് ഇൻഫെക്ഷൻ മൈക്രോബയോളജി’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

എ,ബി,ഒ, ആർഎച്ച് രക്തഗ്രൂപ്പുകൾക്ക് കോവിഡ്-19 രോഗബാധ, രോഗനിർണയം, വീണ്ടെടുക്കൽ സമയം, മരണനിരക്ക് എന്നിവയുമായുള്ള ബന്ധത്തെക്കുക്കുറിച്ച് ഡോക്ടർമാർ പരിശോധിച്ചു. എ, ബി, ആർഎച്ച്+ എന്നീ രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഒ, എബി, ആർഎച്ച്- ve ഉള്ളവർക്ക് കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം രക്തഗ്രൂപ്പുകളും രോഗത്തിന്റെ തീവ്രതയും മരണനിരക്കും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല. ചുവന്ന രക്താണുക്കളുടെ (RBCs) ഉപരിതലത്തിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് Rh ഘടകം. രക്തഗ്രൂപ്പുകൾക്ക് അടുത്തുള്ള പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ചിഹ്നം Rh ഘടകത്തെ സൂചിപ്പിക്കുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്‌ഐആർ റിപ്പോർട്ട് പുറത്ത്. കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് പോലീസ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. സന്ദീപിനെ ആക്രമിച്ചത് കൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നായിരുന്നു പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികൾ ബിജെപി പ്രവർത്തകരെന്നാണ് പുറത്തു വന്ന എഫ്‌ഐആഫിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് ഈ പരാമർശം. ബിജെപി പ്രവർത്തകരായ അഞ്ചു പേർക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുൻകൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

അതേസമയം സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകൾ സംഭവത്തിൽ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസർക്കാർ കള്ളം പറയുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ കൈവശമില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.

പഞ്ചാബിൽ മരണപ്പെട്ട 400 ലേറെ കർഷകരെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. സമരഭൂമിയിൽ ജീവൻ വെടിഞ്ഞതിന് പഞ്ചാബ് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയ കർഷകരുടെ വിവരങ്ങളാണ് അദ്ദേഹം പുറത്തു വിട്ടത്. മറ്റു സംസ്ഥാനങ്ങളിൽ മരണപ്പെട്ട 200 ലേറെ കർഷകരുടെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സമരഭൂമിയിൽ ജീവൻ നഷ്ടമായ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറല്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ തങ്ങളുടെ കൈവശമില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ വിവരങ്ങൾ ലഭ്യമായിട്ടും അവ കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നതാണ് സമരണപ്പെട്ട കർഷകരുടെ കുടുംബങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമം കൊണ്ടുവന്നതിലെ തെറ്റ് ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി തന്നെ നേരത്തെ പരസ്യമായി ജനങ്ങളോട് മാപ്പുപറഞ്ഞതാണ്. മരണപ്പെട്ട കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പിന്നെ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോർജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റെയ്‌നിലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തിൽ കയറുന്നത് മുതൽ എയർപോർട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്ന് മന്ത്രി നിർദ്ദേശിച്ചു.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ടുകളിൽ 5 മുതൽ 10 വരെ കിയോസ്‌കുകൾ ഒരുക്കുന്നതാണ്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവർത്തകർ സേവനം നൽകുക. ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗമുള്ളവർ, വയോജനങ്ങൾ, ഇവരുമായി വരുന്ന കുടുംബാംഗങ്ങൾ എന്നിവർക്ക് പരിശോധനയ്ക്ക് മുൻഗണന നൽകുന്നതാണ്. തിരുവനന്തപുരം എയർപോർട്ടിലെ സജ്ജീകരണങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലൻസിൻ പ്രത്യേക വാർഡുകളിൽ എത്തിക്കുന്നതാണ്. ഇതിനായി 108 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവർക്ക് അവരുടെ വാഹനത്തിൽ വീടുകളിൽ ക്വാറന്റൈനിലേക്ക് പോകാവുന്നതാണ്. ആ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. യാത്രക്കാർ പുറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മിൽ നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്ലാസ്റ്റിക്കോ മറ്റോ ഉപയോഗിച്ച് പാർട്ടീഷൻ ചെയ്യണം. ഡ്രൈവർ മാസ്‌കും ഫേസ് ഷീൽഡും ശരിയായ വിധം ധരിക്കണം. ഒരു കാരണവശാലും വാഹനം വഴിയിൽ നിർത്തി കടകളിലോ മറ്റോ കയറരുത്. യാത്രക്കാരെ എത്തിച്ച ശേഷം വാഹനം സാനിറ്റൈസ് ചെയ്യണമെന്നാണ് നിർദ്ദേശം.

ക്വാറന്റെയ്‌നിലുള്ളവർ വീട്ടിൽ പ്രത്യേകമായി ടോയിലറ്റ് സൗകര്യമുള്ള മുറിയിൽ തന്നെ കഴിയണം. വായൂ സഞ്ചാരം കടക്കുന്ന മുറിയായിരിക്കണം. ക്വാറന്റെയ്‌നിലുള്ള കാലയളവിൽ ഒരു കാരണവശാലും മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകരുത്. ഏഴ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പരിശോധന നടത്തേണ്ടതാണ്. വീട്ടിൽ ക്വാറന്റൈനിൽ കഴിയുമ്പോൾ പോസിറ്റീവായാൽ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കുന്നതാണ്. നെഗറ്റീവാണെങ്കിൽ വീണ്ടും 7 ദിവസം സ്വയം നിരീക്ഷിക്കണം. സ്വയം നിരീക്ഷണ സമയത്ത് ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലോ ചടങ്ങുകളിലോ പോകരുത്. വീട്ടിലും പുറത്തും ശരിയായ വിധം മാസ്‌ക് ധരിക്കണം. എല്ലാവരും ജാഗ്രത പാലിച്ചാൽ ഒമിക്രോണെ പ്രതിരോധിക്കാനാകുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിപിഐ എം യുവനേതാവായ സ. സന്ദീപിന്റെ അരുംകൊല ആർഎസ്എസ് ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ഉന്നതതല അന്വേഷണം നടത്തണം. കൊലയാളി സംഘത്തെ ജനത്തിനിടയിൽ നിന്നും ഒറ്റപ്പെടുത്തണം. ഇവരെ അമർച്ച ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനം രംഗത്തിറങ്ങണം. സിപിഐ എം പ്രവർത്തകരെ കൊലചെയ്യുന്നത് ആർഎസ്എസ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പാർട്ടിയുടെ 20 പ്രവർത്തകർ കൊല ചെയ്യപ്പെട്ടു. ഇതിൽ 15 പേരെ കൊന്നതും ബിജെപി- ആർഎസ്എസ് സംഘമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇതിനകം കേരളത്തിൽ ആർഎസ്എസ് കൊലക്കത്തിക്കിരയായത് 215 സിപിഐ എം പ്രവർത്തകരെയാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തിൽ 588 സിപിഐ എം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു. ഇത്തരത്തിൽ കൊല നടത്തി പാർട്ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്ന് മുൻകാലങ്ങളിൽ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എം ന്റെ മുദ്രാവാക്യമല്ല, ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തിൽപെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധിക്കാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ആരാധനാലയങ്ങളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന അവസ്ഥ പാടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മുസ്ലിങ്ങൾക്കെതിരെയുള്ള തീരുമാനമായാണ് പ്രചാരണം നടത്തുന്നത്. മുസ്ലിം ലീഗിന്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടിയെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം ആഭ്യന്തര സംഘർഷങ്ങളിൽപ്പെട്ട മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമാക്കുകയാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ല. എല്ലാവരുടെയും യോഗം വിളിച്ചു ചേർത്താണ് വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തത്. ഇനിയും ഈ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ജലന്ധർ: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ ആക്രമണം. പഞ്ചാബ് കിരത്പൂരിൽ എത്തിയ നടിയുടെ കാർ കർഷകരെന്ന് വിളിക്കുന്ന ഒരു സംഘം വളഞ്ഞു. ആസൂത്രിത നീക്കമാണ് കങ്കണയ്‌ക്കെതിരെ ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കങ്കമയുടെ കാറിനെ വളഞ്ഞ ശേഷം സംഘം കൊടിയുർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചണ്ഡിഗഡ്-ഉന ഹൈവേയിൽ കിരത്പൂർ സാഹിബിലെ ബംഗ സാഹിബിൽ വെച്ചായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. നേരത്തെ കർഷകസമരത്തെക്കുറിച്ച് ചില വിമർശനങ്ങൾ ഉന്നയിച്ചതിന് ശേഷം നടിക്കെതിരെ വധഭീഷണി ഉയർന്നിരുന്നു. തുടർന്ന് കങ്കണ പോലീസിൽ പരാതിയും നൽകി. തനിക്ക് തുടർച്ചയായി വധഭീഷണി കിട്ടിക്കൊണ്ടിരിക്കുകയാണെന്നും ബത്തിൻഡയിൽ നിന്നുള്ള ഒരാൾ കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കിയിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ഭീഷണികൾക്കിടയിലും വളരെ ശക്തമായ നിലപാടാണ് കങ്കണ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുൻപിൽ വഴങ്ങില്ലെന്നും രാജ്യത്തിനെതിരായി ഗൂഢാലോചന നടത്തുന്നവർക്കെതിരെ ഇനിയും സംസാരിക്കുമെന്നും താരം പറഞ്ഞിരുന്നു. അത് നിഷ്‌കളങ്കരായ ജവാന്മാരെ കൊല്ലുന്ന നക്സലൈറ്റുകളായാലും ശരി, തീവ്രവാദികളായാലും ശരി. ചെറിയ ചെറിയ ഗൂഢസംഘങ്ങളും തീവ്രവാദികളും വിദേശത്തിരുന്ന ഖാലിസ്താൻ രൂപീകരിക്കാമെന്ന് കരുതുന്നവരുമുണ്ടെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് കർഷക സമരത്തിന്റെ നേതാവായ രാകേഷ് ടികായത്ത് വിശദമാക്കുന്നത്.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 24 പ്രതികളാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. മുൻ ഉദുമ എം.എൽ.എയും കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

രാഷ്ട്രീയ വൈരാഗ്യമാണ് പെരിയ കൊലക്കേസിന് പിന്നിലെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. ശരത് ലാലിന് യുവാക്കൾക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൊലപാതകം നടത്തിയതെന്നും പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതിന് ശേഷമാണ് ഗൂഢാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്.

കേസിലെ രണ്ടാം പ്രതി സജി ജോർജിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെയുള്ള ആരോപണം. 2019 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

മുംബൈ: പീഡന കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ബിഹാർ സ്വദേശിനി. ബോംബെ ഹൈക്കോടതിയിലാണ് യുവതി ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടുമെന്നുമാണ് യുവതി വ്യക്തമാക്കുന്നത്.

ജനുവരി നാലിന് കോടതി കേസ് പരിഗണിക്കും. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. 2019 ജൂൺ 13-നാണ് ബിനോയിക്കെതിരെ യുവതി പീഡന പരാതി നൽകിയത്. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധന നടത്താൻ നിർദ്ദേശിച്ചത്. തുടർന്ന് 2019 ജൂലൈ 29 ന് ബൈക്കുളയിലെ ജെജെ ആശുപത്രിയിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിക്കുകയും കഴിഞ്ഞ വർഷം ഡിസംബറിൽ സീൽ ചെയ്ത കവറിൽ പരിശോധനാ ഫലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.