തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സ്ഥിരം സെക്രട്ടറി എന്ന നിലയിൽ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയിൽ അഭിപ്രായമുയരർന്നിരുന്നു. തുടർന്നാണ് വീണ്ടും കോടിയേരിയെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 നവംബർ 13-ന് ആണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും സ്ഥാനം ഒഴിയാൻ കാരണമായെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു. കോടിയേരി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ എ. വിജയരാഘവന് സെക്രട്ടറിയുടെ താത്ക്കാലിക ചുമതല നൽകി. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനെയും ബിനീഷിന് ജാമ്യം ലഭിച്ചതിനെയും തുടർന്നാണ് കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

