കോഴിക്കോട്: വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തെ തള്ളി സമസ്ത. വിഷയത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം ആവശ്യമില്ലെന്നുമാണ് സമസ്തയുടെ നിലപാട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ട് വഖഫ് നിയമം പിഎസ് സിക്ക് വിട്ടതിൽ സമസ്‌ക്കുള്ള എതിർപ്പ് സംബന്ധിച്ച് നമുക്ക് കൂടിയാലോചിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്നും അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് ജിഫ്രി മുത്തുക്കോയ പറയുന്നത്. വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിൽ പ്രതിഷേധമുണ്ട്. അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കിൽ മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം എം.പിയും സമസ്ത നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. മാന്യമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിൽ നമ്മളും ആ രീതിയിൽ നീങ്ങേണ്ടതുണ്ട്. പരിഹാരമാർഗങ്ങളുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിഹാര മാർഗങ്ങളില്ലെങ്കിൽ പ്രതിഷേധത്തിന് മുന്നിൽ സമസ്ത ഉണ്ടാകും. പള്ളികളിൽ ഒരു പ്രതിഷേധവുമുണ്ടാകില്ല. പള്ളി അല്ലാത്ത ഇടങ്ങളിൽ ഉത്ബോധനം നടത്തും. വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരെ ജിഫ്രി തങ്ങൾ രൂക്ഷവിമർശനം ഉന്നയിച്ചു. പ്രതിഷേധിക്കേണ്ട സമയം വരുമ്പോൾ പ്രതിഷേധിക്കേണ്ടി വരും. അത് ഏത് സർക്കാരാണെങ്കിലും യുഡിഎഫാണെങ്കിലും എൽഡിഎഫാണെങ്കിലും. എല്ലാം പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ പറ്റില്ല. വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ ചില നഷ്ടങ്ങളുണ്ട്. ഇതിൽ ഒരു പ്രതിഷേധം ആവശ്യമുണ്ട്. പ്രതിഷേധിച്ചുകൊണ്ട് ഒരു പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രതിഷേധം പള്ളിയിൽ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

