General (Page 1,308)

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് ജി.എസ്.ടി കൗൺസിൽ. പെട്രോളിയം ഉത്പന്നങ്ങൾ സർക്കാരിന്റെ പ്രധാന വരുമാന മാർഗമാണെന്നാണ് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനോടും ജി.എസ്.ടി കൗൺസിലിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ജിഎസ്ടി കൗൺസിലിന്റെ നടപടി.

കോവിഡ് വൈറസിന്റെ വ്യാപന ഘട്ടമായതിനാൽ നിലവിൽ ഇക്കാര്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ജിഎസ്ടി കൗൺസിൽ പറയുന്നത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്നാണ് ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയത്. എന്നാൽ ജിഎസ്ടി കൗൺസിലിന്റെ മറുപടിയിൽ കോടതി അതൃപ്തി അറിയിച്ചു. കൃത്യമായ വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി ജി.എസ്.ടി കൗൺസിലിന് നൽകിയ നിർദ്ദേശം. ഡിസംബർ രണ്ടാം വാരം ഇതുമായി ബന്ധപ്പെട്ട ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയാണ് പെടോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് ലംഘനങ്ങൾ നടത്തി പിഴ അടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ ഇനി കേന്ദ്രവും. നിലവിൽ സംസ്ഥാന മോട്ടർ വാഹനവകുപ്പാണ് കേരളത്തിലെ റോഡുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നത്. ഇനി ഇതിനായി കേന്ദ്രവും രംഗത്തുണ്ടാകുമെന്നാണ് വിവരം.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ ഇതിനായി പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യും. ക്യാമറകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക സംഘത്തെയും മോട്ടർ വാഹനവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇതിൽ ആർക്കുവേണമെങ്കിലും ട്രാഫിക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതമെടുത്ത് അപ്ലോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

റോഡിൽ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ, ഉടൻ വാഹന ഉടമയ്ക്ക് പിഴ മൊബൈലിൽ സന്ദേശമായി ലഭിക്കുന്നതാണ്. പതിനഞ്ച് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് തപാൽ വഴി പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തും. പതിനഞ്ച് ദിവസത്തിനകം പിഴ നൽകാനായില്ലെങ്കിൽ പിന്നീട് തുക കോടതിയിൽ കെട്ടിവയ്ക്കേണ്ടതായി വരും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിശദ വിവരങ്ങൾ എൻ ഐ സിയുടെ സെർവറിൽ രേഖപ്പെടുത്തും. പിഴ തുക അടയ്ക്കാത്തവർക്ക് പിന്നീട് നികുതി, ഫിറ്റ്‌നസ് ഉൾപ്പെടെ എല്ലാ ഇടപാടുകളും നടത്താൻ കഴിയില്ല. ഇതോടെ വാഹനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്യും.

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 300 സീറ്റ് തികയ്ക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. 2024 ലും കോൺഗ്രസ് 300 സീറ്റുകൾ നേടുമെന്ന് തനിക്ക് യാതൊരു ഉറപ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 300 സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് നേടാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും എന്നാൽ അതിനുള്ള യാതൊരു സാദ്ധ്യതയും ഇപ്പോൾ കാണുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു റാലിയിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ കഴിയൂവെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ഗുലാം നബി ആസാദിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഒമർ അബ്ദുള്ള രംഗത്തെത്തി. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംസ്ഥാന പദവി പിൻവലിക്കുന്നതിനും മുൻ സംസ്ഥാനമായ ജമ്മു കാശ്മീരിന്റെ വിഭജനത്തിനും പിന്നിൽ യുക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട ദൗത്യത്തിന് വേണ്ടി തയ്യാറായി ഒളിംപിക്‌സ് താരങ്ങൾ. ടോക്കിയോ ഒളിംപിക്‌സിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്‌സ് താരങ്ങളാണ് പ്രധാനമന്ത്രിയുടെ ദൗത്യം നടപ്പിലാക്കാൻ തയ്യാറെടുത്തത്. ഒളിംപിക് താരങ്ങളും പാരാലിംപിക് താരങ്ങളും സ്‌കൂൾ വിദ്യാർഥികളുമായി സംവദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.

കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സന്തുലിത ആഹാര ക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിർത്തുന്നതിനെക്കുറിച്ചും കായിക താരങ്ങൾ സ്‌കൂൾ വിദ്യാർത്ഥികളുമായി സംസാരിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ദേശീയ കായിക-യുവജന ക്ഷേമ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്താനും സംവദിക്കാനുമാണ് ഒളിംപിക്‌സ് താരങ്ങൾ തയ്യാറായത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ് ചടങ്ങിൽ പങ്കെടുക്കവെയാണ് നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തെ വിവിധ സ്‌കൂളുകളിലെത്തി വിദ്യാർത്ഥികളെ നേരിൽ കാണാനാണ് ഒളിംമ്പിക്‌സ് താരങ്ങളുടെ തീരുമാനം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സൻസ്‌കർധാം സ്‌കൂളിൽ നീരജ് ചോപ്ര നടത്തുന്ന സന്ദർശനത്തോടെയാണ് ദൗത്യം ആരംഭിക്കുന്നത്. ഡസംബർ നാലിനാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഗുജറാത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് അദ്ദേഹത്തോട് സംസാരിക്കാനുള്ള അവസരം ഒരുങ്ങുന്നത്.

വളരെയധികം സന്തോഷത്തോടെയും ആവേശത്തോടെയുമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആശയം ഏറ്റെടുത്തതെന്നാണ് നീരജ് ചോപ്ര പറയുന്നത്. നിത്യജീവിതത്തിൽ ശാരീരിക വ്യായാമത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനും സന്തുലിത ആഹാര ക്രമത്തിന്റെയും പോഷകാഹാരത്തിന്റെയും പ്രാധാന്യവും ആരോഗ്യകരമായ ജീവതം പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കി നൽകാനും കായിക താരങ്ങൾക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

കൊച്ചി: ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന്റെ അറസ്റ്റിൽ വിശദീകരണവുമായി കൊച്ചി സൈബർ ക്രൈം പൊലീസ്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വാർത്താ പ്രചരിപ്പിച്ചതിനാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈം പോലീസ് അറിയിച്ചു. ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീകൾക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾക്കും സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങൾക്കും ശക്തമായ നടപടി സ്വീകരിക്കേണ്ടതാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് സൈബർ ക്രൈം പോലീസ് ഇക്കാര്യം അറിയിച്ചത്. നന്ദകുമാർ ആരോഗ്യ മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കണമെന്നും അപകീർത്തിപ്പെടുത്തണം എന്നുമുള്ള ഉദ്ദേശത്തോടെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുകയും മനുഷ്യമനസ്സിനെ ദുഷിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് നന്ദകുമാറിനെ ക്രൈം ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്തത്.

നന്ദകുമാറിനെതിരെ നിരവധി കേസുകൾ പല സ്റ്റേഷനുകളിലായി നിലനിൽക്കുന്നുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരും മാന്യമായി ജീവിക്കുന്നവരുമായ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരെ കുറിച്ച് അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യുമെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ചാനലിന് സബ്സ്‌ക്രൈബേഴ്സിനെ വർദ്ധിപ്പിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.

മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ നേരത്തെ പൊലീസ് കേസടുത്തിരുന്നു. പിസി ജോർജിന്റെ ടെലിഫോൺ സംഭാഷണം സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് നന്ദകുമാറിനെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മഹാരാഷ്ട്ര സന്ദർശനത്തിനിടെ മുംബൈയിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്ന് മമതാ ബാനർജി പറഞ്ഞു. ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും മമത ആവശ്യപ്പെട്ടു.

ബിജെപിക്കും കോൺഗ്രസിനും ബദലായി ദേശീയതലത്തിൽ പുതിയൊരു സഖ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത ബാനർജി ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്താൻ മഹാരാഷ്ട്രയിലെത്തിയത്. അരമണിക്കൂറോളം നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരു നേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയും ചെയ്തു.

ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നായിരുന്നു ശരത് പവാറിന്റെ പ്രതികരണം. മമത ബാനർജിയുമായി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം വിഷയത്തിൽ മമതയ്‌ക്കെതിരെ പരിഹാസവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്റ് അംഗീകരിച്ച ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളാണ് ഇതോടെ റദ്ദായത്. കഴിഞ്ഞ ദിവസമാണ് ലോക്‌സഭയും രാജ്യസഭയും ബില്ല് റദ്ദാക്കുന്നതിന് അംഗീകാരം നൽകിയത്. വാവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു തീരുമാനം.

ഇക്കഴിഞ്ഞ നവംബർ 19 നാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രം ഇത്തരത്തിലൊരു നിർണായക പ്രഖ്യാപനം നടത്തിയതെന്നാണ് വിലയിരുത്തൽ.

കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നായിരുന്നു വിവാദ കർഷക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയപ്പോൾ പ്രധാനമന്ത്രി പറഞ്ഞത്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: നിലപാടിൽ അയവു വരുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. എൻജിനീയർമാരുടെ ആത്മവിശ്വാസം തകർക്കുന്ന ഉത്തരവായതിനാലാണ് റദ്ദാക്കിയതെന്നാണ് മന്ത്രി വിശദമാക്കുന്നത്.

2017 ൽ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളുവെന്നായിരുന്നു ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതോടൊപ്പം ചില കാര്യങ്ങൾ പുതിയ ഉത്തരവിൽ കൂട്ടി ചേർക്കുകയായിരുന്നുവെന്നും ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി അഡ്മിനിസ്‌ട്രേറ്റീവ് ചീഫ് എഞ്ചിനീയറോട് വിശദീകരണം ആവശ്യപ്പെട്ടു. അതേസമയം പൊതുമരാമത്ത് റോഡുകളുടെ പരിപാലനം ഉറപ്പുവരുത്താനുളള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചലച്ചിത്ര താരം ജയസൂര്യയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഓരോ റോഡിന്റേയും പരിപാലന കാലാവധി, കരാറുകാരന്റേയും ഉദ്യോഗസ്ഥന്റേയും പേര്, ഫോൺ നമ്പർ എന്നിവ റോഡരികിലെ ബോർഡിൽ പ്രസിദ്ധീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. റോഡിൽ തകരാറ് ശ്രദ്ധയിൽപെട്ടാൽ ഫോണിലൂടെ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വിദേശ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി ഇന്ത്യ. ഡിസംബർ 15 മുതൽ വിദേശ വിമാന സർവ്വീസുകൾ പുനരാരംഭിക്കാനുള്ള ഉത്തരവ് ഇന്ത്യ മരവിപ്പിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

വിദേശ സർവീസുകൾ പുനഃരാരംഭിക്കുന്നത് പരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിദേശ വിമാന സർവ്വീസുകൾ പുരാരംഭിക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശനം ഉന്നയിച്ചിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരവധി രാജ്യങ്ങൾ നിരോധിച്ചുവെന്നും എന്തുകൊണ്ട് ഇന്ത്യ വൈകുന്നുവെന്നുമാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം. അന്താരാഷ്ട്ര വിമാനങ്ങൾ നിരോധിച്ചില്ലെങ്കിൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്നും ഡൽഹിയെയായിരിക്കും ഇത് ഏറ്റവും അധികം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നടപടികളുമായി സർക്കാർ. അടിയന്തര പ്രശ്‌ന പരിഹാരത്തിനായി മന്ത്രിമാർ ഉന്നതതല യോഗം ചേരും. ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും മന്ത്രിമാർ ഉന്നതല യോഗം ചേരുന്നത്.

പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ മുൻകൈയെടുത്ത് വിളിച്ചു ചേർക്കുന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ -എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം.

അട്ടപ്പാടിയിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതതല യോഗം ചേരുന്നത്.